Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സായിപ്പന്മാരുടെ മെഡിക്കൽ അവശിഷ്ടങ്ങൾ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പരിപാടി അവസാനിക്കുന്നു; ഇന്ത്യക്ക് പുറമേ ശ്രീലങ്കയും തിരിച്ചയയ്ക്കൽ തുടങ്ങി; 21 കണ്ടെയ്നറുകൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച ശ്രീലങ്ക 242 കണ്ടെയ്നറുകൾ പിടിച്ചിട്ടിരിക്കുന്നു

സായിപ്പന്മാരുടെ മെഡിക്കൽ അവശിഷ്ടങ്ങൾ പാവപ്പെട്ട രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പരിപാടി അവസാനിക്കുന്നു; ഇന്ത്യക്ക് പുറമേ ശ്രീലങ്കയും തിരിച്ചയയ്ക്കൽ തുടങ്ങി; 21 കണ്ടെയ്നറുകൾ ബ്രിട്ടനിലേക്ക് തിരിച്ചയച്ച ശ്രീലങ്ക 242 കണ്ടെയ്നറുകൾ പിടിച്ചിട്ടിരിക്കുന്നു

സ്വന്തം ലേഖകൻ

വികസിത രാജ്യങ്ങളിൽ ആരോഗ്യരംഗം പുരോഗമിക്കുന്നതിനോടൊപ്പം ആശുപത്രി മാലിന്യങ്ങളും എറി വരുന്നു. ഇവ ശരിയായ രീതിയിൽ സംസ്‌കരിക്കുക എന്നത് ചെലവേറിയ ഒരു ഏർപ്പാടാണ്. അതേസമയം ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ ഇത്തരം മാലിന്യങ്ങൾ സംസ്‌കരിക്കാതിരിക്കുന്നത് അതിലേറെ അപകടവും. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ലോകത്തിലെ ബ്രിട്ടനുൾപ്പടെയുള്ള വികസിത രാഷ്ട്രങ്ങൾ കണ്ടുപിടിച്ച എളുപ്പമാർഗ്ഗമാണ് ഇത്തരം മാലിന്യങ്ങൾ വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുക എന്നത്.

ഇത്തരത്തിൽ മാലിന്യങ്ങൾ നിറച്ചെത്തിയ 21 കണ്ടെയ്നറുകളാണ് ശ്രീലങ്ക കഴിഞ്ഞ ശനിയാഴ്‌ച്ച ബ്രിട്ടനിലേക്ക് തിരിച്ചയച്ചത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ചരക്കുഗതാഗതവുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്ന് ശ്രീലങ്ക ആരോപിച്ചു. ചാക്കുകെട്ടുകൾ, ബാൻഡേജുകൾ എന്നിവക്ക് പുറമെ മോർച്ചറികളിൽ നിന്നുള്ള മനുഷ്യ ശരീരാവയവങ്ങൾ വരെ ഇതിലുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

260 ടണ്ണോളം വരുന്ന 21 കണ്ടെയ്നറുകളിൽ ഈ മാലിന്യമെത്തിയത് 2017 സെപ്റ്റംബറിനും 2018 മാർച്ചിനും ഇടയിലായിരുന്നു. ഉപയോഗിച്ച കിടക്കകൾ, കാർപെറ്റുകൾ എന്നിവയാണ് കണ്ടെയ്നറിലെന്നാണ് ഔദ്യോഗിക രേഖകളിൽ. ഇപ്പോൾ ഈ കണ്ടെയ്നറുകൾ തിരിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ ഷിപ്പിങ് ഏജന്റ് സമ്മതിക്കുകയായിരുന്നു. ഇതുകൂടാതെ ഇനിയും 242 കണ്ടെയ്നറുകൾ കൂടി കൊളംബോയിലെ തുറമുഖത്തും തലസ്ഥാന നഗരത്തിനു വെളിയിലുള്ള ഒരു സ്വതന്ത്ര വാണിജ്യ മേഖലയിലുമായി കൂട്ടിയിട്ടുണ്ട്. ഇതുകൂടി നീക്കം ചെയ്യുവാൻ ഷിപ്പർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുകയാണ് ശ്രീലങ്കൻ സർക്കാർ.

വിദേശങ്ങളിൽ ഇവ സംസ്‌കരിക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാൽ റീസൈക്ലിങ് എന്ന പേരിൽ ഇത്തരം അപകടകാരികളായ മാലിന്യങ്ങൾ ദരിദ്ര രാജ്യങ്ങളിലേക്ക് അയക്കുക പതിവാണ്. എന്നാൽ ഇവിടങ്ങളിൽ ഇത്തരം മാലിന്യങ്ങൾ സാധാരണയായി ജനാവാസ കേന്ദ്രങ്ങളിൽ നിലം നികത്താനാണ് ഉപയോഗിക്കുക. അല്ലെങ്കിൽ, ഒട്ടും സുരക്ഷിതമില്ലാത്ത വിധം ഇവ തുറസ്സായ സ്ഥലങ്ങളിൽ കത്തിച്ചു കളയുന്നു. ഇത്തരം ആശുപത്രി മാലിന്യങ്ങൾ എലികൾ, മറ്റ് രോഗാണുക്കൾ എന്നിവയുടെ പെറ്റുപെരുകലിന് സാഹചര്യമൊരുക്കുന്നു. മാത്രമല്ല, ഇവ ഉപയോഗിച്ച് നിലം നികത്തുന്നതുവഴി ഭൂഗർഭജലവും മലിനപ്പെടുന്നു.നിരവധി ജലജന്യ രോഗങ്ങൾക്കും ഇവ വഴിതെളിക്കുന്നു.

2017-ൽ ഇത്തരം മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഒരു വലിയ കൂമ്പാരം ഇടിഞ്ഞുവീണ് 19 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചിരുന്നു.ഈ മാസം ആദ്യം കംബോഡിയ ഏകദേശം 1,600 ടൺ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അമേരിക്കയിലേക്കും കാനഡയിലേക്കും തിരിച്ചയച്ചിരുന്നു. ഡസൻ കണക്കിന് മാലിന്യ കണ്ടെയ്നറുകൾ ഫ്രാൻസിലേക്കും ആസ്ട്രേലിയയിലേക്കും തിരിച്ചയയ്ക്കുമെന്ന് ഇന്തോനേഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ മലേഷ്യയും450 ടൺ മാലിന്യം തിരിച്ചയയ്ക്കാൻ ഒരുങ്ങുകയാണ്.

മാലിന്യ സംസ്‌കരണത്തിനുള്ള നിബന്ധനകൾ കർക്കശമായി നടപ്പിലാക്കുന്ന വികസിത രാജ്യങ്ങളിൽ ഇവ സംസ്‌കരിക്കുക എന്നത് ചെലവേറിയ ഒരു പ്രക്രിയയാണ്. അതിനാലാണ് വളരെയധികം ചെലവ് കുറഞ്ഞ, വികസ്വര രാഷ്ട്രങ്ങളിലെ മാലിന്യ സംസ്‌കരണ യൂണിറ്റുകളിലേക്ക് ഇവ റീസൈക്ലിങ് എന്നപേരിൽ ഇവ അയയ്ക്കുന്നത്. മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ അന്താരാഷ്ട്ര നിയമങ്ങളുടെ വിലക്കുകളുള്ളതിനാലാണ് ഇവ റീസൈക്ലിങ് എന്ന പേരിൽ അയക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP