Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്ത്യൻ വംശജയും 24 കാരിയുമായ നോട്ടിങ്ഹാം എം പി വീണ്ടും വാർത്തകളിൽ; ശമ്പളത്തിൽ മൂന്നിൽ രണ്ടും പാവങ്ങൾക്ക് കൊടുക്കുന്ന തീപ്പൊരി നേതാവിനെ വിപ്പ് ലംഘിച്ചതിനു ലേബർ പാർട്ടി പദവിയിൽ നിന്നും നീക്കി; നീക്കപ്പെട്ട വിവരം നാദിയ അറിയുന്നത് ചാനൽ ചർച്ചയിൽ; ബ്രിട്ടണിൽ നിന്നൊരു രാഷ്ട്രീയ വാർത്ത

ഇന്ത്യൻ വംശജയും 24 കാരിയുമായ നോട്ടിങ്ഹാം എം പി വീണ്ടും വാർത്തകളിൽ; ശമ്പളത്തിൽ മൂന്നിൽ രണ്ടും പാവങ്ങൾക്ക് കൊടുക്കുന്ന തീപ്പൊരി നേതാവിനെ വിപ്പ് ലംഘിച്ചതിനു ലേബർ പാർട്ടി പദവിയിൽ നിന്നും നീക്കി; നീക്കപ്പെട്ട വിവരം നാദിയ അറിയുന്നത് ചാനൽ ചർച്ചയിൽ; ബ്രിട്ടണിൽ നിന്നൊരു രാഷ്ട്രീയ വാർത്ത

സ്വന്തം ലേഖകൻ

മൂന്നു തലമുറകളായി കൈമറിഞ്ഞെത്തിയ ജനിതക പാരമ്പര്യമാണ് നോട്ടിങ്ഹാം എം പി നാദിയ വൈറ്റോമിന്റേത്. അല്ലെങ്കിൽ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നതാണ് രാഷ്ട്രീയം. ബ്രിട്ടീഷ് പാർലമെന്റിലെ ബേബി എന്നറിയപ്പെടുന്ന ഈ 24 കാരി ലേബർ പാർട്ടി എം പിയാണ്. നേരത്തേ തന്റെ, എം പി എന്നനിലയിലുള്ള ശമ്പളത്തിന്റെ മൂന്നിൽ രണ്ടുഭാഗം പാവങ്ങൾക്ക് നൽകി വാർത്തകളിൽ ഇടം പിടിച്ച ഇവർ ഇപ്പോൾ വീണ്ടും തലക്കെട്ടുകളിലേക്ക് തിരിച്ചുവരികയാണ്.

പഞ്ചാബിൽ നിന്നും കുടിയേറിയ സിക്ക് മതവിശ്വാസിയായ പിതാവിന്റെയും കൽക്കത്തയിൽ നിന്നും ബ്രിട്ടനിലെത്തിയ ആംഗ്ലോ-ഇന്ത്യൻ കാത്തലിക് ആയ മാതാവിന്റെയും മകളായിട്ട് 1996 ൽ നോട്ടിങ്ഹാമിലായിരുന്നു നാദിയയുടെ ജനനം. ഒരു സോളിസിറ്റർ ആയിരുന്ന നാദിയയുടെ അമ്മ ലേബർ പാർട്ടി അംഗം കൂടി ആയിരുന്നു. എന്നാൽ 1995-ലെ ഭരണഘടനയിലെ ക്ലോസ് 4 ന്റെ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിൽ പിന്നീട് പാർട്ടി വിടുകയായിരുന്നു. നാദിയയുടെ മുത്തച്ഛനും മുത്തശ്ശിയും ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകരുമായിരുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പിൽ 17,3939 (43.4%) വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നോട്ടിങ്ഹാം മണ്ഡലത്തിൽ നിന്നും അവർ തെരഞ്ഞെടുക്കപ്പെട്ടത്. 1992 ന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ലേബർ പാർട്ടി സ്ഥാനാർത്ഥികളായിരുന്നു ഇവിടെനിന്നും ജയിച്ചിരുന്നത്. നോട്ടിങ്ഹാമിൽ നിന്നുള്ള, വംശീയ ന്യുനപക്ഷത്തിൽ ഉൾപ്പെടുന്ന ആദ്യ എം പി കൂടിയാണിവർ. തെരഞ്ഞെടുക്കപ്പെട്ട ഉടനെ, ഒരു സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന വേതനം കഴിച്ച് തന്റെ ശമ്പളത്തിലുള്ള മുഴുവൻ തുകയും തദ്ദേശ കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചുകൊണ്ട് അവർ വാർത്തകളിൽ ഇടം പിടിച്ചു.

വിദേശ കുറ്റവാളികളെ ജമൈക്കയിലേക്ക് തിരിച്ചയക്കുന്നതിനെതിരെ 170 എം പി മാരുടെ ഒപ്പുകൾ ശേഖരിച്ച് 2020 ഫെബ്രുവരിയിൽ അവർ ഒരു നിവേദനം സമർപ്പിച്ചിരുന്നു. മാത്രമല്ല, കോവിഡ് അതിന്റെ മൂർദ്ധന്യ ഘട്ടത്തിൽ എത്തി നിൽക്കുന്ന അവസരത്തിൽ, ഒരു കെയർ ഹോമിൽ ഒരു കെയർ വർക്കറായി പാർട്ട് ടൈം ജോലിയും അവർ ചെയ്തിരുന്നു. ഈ അവസരത്തിലായിരുന്നു പി പി ഇ ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യത്തെ കുറിച്ച് അവർ ടി വി ചാനലിൽ പറഞ്ഞത്. ഇതിനു പിന്നാലെ തന്നെ കെയറർ ജോലിയിൽ നിന്നും നീക്കം ചെയ്തുവെന്നും അവർ ആരോപിക്കുകയുണ്ടായി.

തങ്ങളുടെ കെയർ ഹോമിൽ പി പി ഇ ഉൾപ്പടെയുള്ളവക്ക് ദൗർലഭ്യം ഇല്ലെന്നുംഅത് പറഞ്ഞതിന്റെ പേരിലല്ല, നാദിയയെ പിരിച്ചു വിട്ടതെന്നും വ്യക്തമാക്കി കെയർ ഹോം നടത്തിപ്പുകാരായ എക്സ്ട്രാ കെയർ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ഇറക്കിയ ഒരു പ്രസ്താവനയിൽ പി പി ഇ യുടെ ദൗർലഭ്യം അവർ സമ്മതിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, തന്റെ ഇടപെടലുകളിലൂടെ ഇത് പരിഹരിക്കുവാൻ നാദിയ സഹായിച്ചു എന്നും അവർ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിലെ ആരോഗ്യകാര്യ മന്ത്രിയായ ജോനാഥൻ ആഷ്വർത്തിന്റെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി അവർ 2020 ഏപ്രിലിൽ നിയമിതയായി. ഈ സ്ഥാനത്തുനിന്ന് ഇവരെ പുറത്താക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇവരോടൊപ്പം ഒലീവിയ ബ്ലേക്ക്, ബേത്ത് വിന്റർ എന്നീ രണ്ട് എം പി മാരെക്കൂടി അവരുടെ പ്രത്യേക പദവികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിവാദമായ ഓവർസീസ് ഓപ്പറേഷൻസ് (സർവ്വീസ് പേഴസണൽ ആൻഡ് വെറ്ററൻസ്) ബില്ലിന്റെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കണമെന്ന നിർദ്ദേശം ലംഘിച്ചതിന്റെ പേരിലാണ് ഈ ശിക്ഷ. എന്നാൽ നാദിയ ഇതറിയുന്നത് ഒരു ടി വി പരിപാടിക്കിടെയാണ്. നാദിയയോട്, പാർലമെന്ററിസെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ചോ എന്ന് അവതാരകനായ റോബർട്ട് പെസ്റ്റൺ ചോദിക്കുകയായിരുന്നു. എന്നാൽ താൻ രാജിവച്ചിട്ടില്ല എന്ന് അവർ ഉറപ്പിച്ചു പറയുകയായിരുന്നു.

ആ ബില്ലിൽ മനസാക്ഷിക്കനുസരിച്ച് നിലപാട് എടുക്കാം എന്നാണ് താൻ വിചാരിച്ചിരുന്നത് എന്നാണ് അവർ പറയുന്നത്. ആംനെസ്റ്റി, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ബ്രിട്ടീഷ് ലീജിയൻ ആൻഡ് വെറ്റെറൻസും ഈ ബില്ലിനെ എതിർക്കുകയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. ഇത് വിമുക്ത ഭടന്മാർക്കും മനുഷ്യാവകാശത്തിനു തന്നെയും എതിരാണെന്നാണ് പാർട്ടിയുടെ അഭിപ്രായം എന്ന് ചൂണ്ടിക്കാണിച്ച അവർ അതുകൊണ്ടായിരുന്നു വോട്ടിംഗിൽ നിന്നും മാറി നിൽക്കാതെ അതിനെതിരായി വോട്ട് ചെയ്തത് എന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP