Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ബ്രിട്ടനെ കൈവെടിഞ്ഞു കാശുണ്ടാക്കാൻ അമേരിക്കയ്ക്ക് താമസം മാറ്റിയ ഹാരിയും മേഗനും ഒറ്റ വിദേശ യാത്രയ്ക്ക് ഖജനാവിൽ നിന്നും മുടക്കിയത് 2.5 ലക്ഷം പൗണ്ട്; രാജ്ഞിയുടെ കുടുംബത്തിൽ ആരെവിടെ പോയാലും മുടക്ക് ബ്രിട്ടണിൽ നിന്ന് തന്നെ; കൊട്ടാരത്തിലെ കണക്ക് പുറത്തുവരുമ്പോൾ

ബ്രിട്ടനെ കൈവെടിഞ്ഞു കാശുണ്ടാക്കാൻ അമേരിക്കയ്ക്ക് താമസം മാറ്റിയ ഹാരിയും മേഗനും ഒറ്റ വിദേശ യാത്രയ്ക്ക് ഖജനാവിൽ നിന്നും മുടക്കിയത് 2.5 ലക്ഷം പൗണ്ട്; രാജ്ഞിയുടെ കുടുംബത്തിൽ ആരെവിടെ പോയാലും മുടക്ക് ബ്രിട്ടണിൽ നിന്ന് തന്നെ; കൊട്ടാരത്തിലെ കണക്ക് പുറത്തുവരുമ്പോൾ

സ്വന്തം ലേഖകൻ

രാജകുടുംബത്തിലെ ആര് വിദേശയാത്രയ്ക്ക് പോയാലും ചെലവ് വഹിക്കേണ്ടത് ബ്രിട്ടീഷ് പൗരന്മാരാണ്. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ ഹാരിയും മേഗനും ഏറ്റവും അവസാനം നടത്തിയ വിദേശയാത്രയ്ക്കായി ചെലവാക്കിയത് 2.5 ലക്ഷം പൗണ്ടാണ്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, അംഗോള, മലാവി തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ശരത്ക്കാലത്ത് നടത്തിയ യാത്രയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിലെ ഏറ്റവും രസകരമായ കാര്യം, പൊതുഖജനാവിൽ നിന്നും പണം ചെലവാക്കിയുള്ള ഈ യാത്രക്കിടയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള മേഗന്റെ ഒരു ഡോക്യൂമെന്ററി ചിത്രീകരിച്ചത് എന്നതാണ്.

തന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഹാരിയുടെ കുടുംബത്തിൽ നിന്നും ലഭിക്കുന്നില്ല എന്ന് പറഞ്ഞ മേഗൻ, ഔപചാരിതക്ക് വേണ്ടിയാണെങ്കിൽ പോലും ആരും സുഖമല്ലേ എന്നുപോലും ചോദിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. ഈ യാത്രക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇവർ, ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള കർത്തവ്യങ്ങളിൽ നിന്നും വിരമിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയത്. ഇപ്പോൾ നെറ്റ്ഫ്ളിക്സുമായി ഒരു ഭീമൻ കരാർ ഒപ്പിട്ടതുവഴി അവർക്ക് സാമ്പത്തികമായി ആരേയും ആശ്രയിക്കേണ്ടതില്ലാത്ത ഒരു സ്ഥിതിയും വന്നു ചേർന്നു.

പുറത്തുവന്ന കണക്കുകൾ പ്രകാരം വിമാന ചർജ്ജും, പിന്നീട് ദമ്പതിമാർക്കും അവരുടെ സേവകർക്കുമായി എടുത്ത പ്രൈവറ്റ് ജറ്റിനും എല്ലാമായി 2,45,643 പൗണ്ടാണ് ചെലവ് വന്നിരിക്കുന്നത്. ഇത് ആ വർഷത്തെ ഏറ്റവും ചെലവേറിയ യാത്രയുമാണ്. അതേസമയം, ഇത് വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകിയ ഒരു യാത്രയായിരുന്നു എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സുപ്രധാന കര്യങ്ങൾ ഈ യാത്രയിൽ നിർവ്വഹിക്കപ്പെട്ടു എന്നും അവർ പറയുന്നു. ഹാരിയും മേഗനും രാജകുടുംബത്തെ പ്രതിനിധീകരിച്ച് ഏകദേശം ഇരുപതോളം പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നും അവർ പറയുന്നു.

ഒരു ഔദ്യോഗിക യാത്ര എന്ന രീതിയിലാണ് സർക്കാർ ഈ യാത്രയുടെ ചെലവുകൾവഹിച്ചത്. യാത്രയുടെ ഉദ്യമം പൂർണ്ണമായും നിർവ്വഹിക്കപ്പെടുകയും ചെയ്തു എന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇതുപോലെ മറ്റൊരു സംഭവത്തിൽ മരണമടഞ്ഞ ഒമാൻ രാജാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ചാൾസ് രാജകുമാരൻ ഒരു സ്വകാര്യ ചാർട്ടർ വിമാനത്തിൽ പോയ വകയിൽ 2,10,345 പൗണ്ടിന്റെ ചെലവും പൊതുഖജനാവിന് വന്നിട്ടുണ്ട്. വെറും രണ്ടു ദിവസത്തെക്കുള്ള യാത്രയായിരുന്നു അത്.

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പാക്കിസ്ഥാനിലേക്ക് നടത്തിയ യാത്രയായിരുന്നു കഴിഞ്ഞ വർഷത്തെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ യാത്ര. 1,17,116 പൗണ്ട് ചെലവുവന്ന ഈ യാത്ര പക്ഷെ പരിപൂർണ്ണ വിജയമായിരുന്നു എന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.അതുപോലെ , വിവാദപുരുഷനായ ആൻഡ്രൂ രാജകുമാരൻ നോർത്തേൺ അയർലൻഡിലെ റോയൽ പോർട്രഷ് ഗോൾഫ് ക്ലബ്ബിലേക്ക് ഒരു സ്വകാര്യ വിമാനത്തിൽ യാത്രചെയതതിനുൾല 15,848 പൗണ്ടിന്റെ ചെലവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനു സമാനമായി ലണ്ടനിൽ നിന്ന് റോമിലേക്കും പിന്നീട് സ്‌കോട്ട്ലാൻഡിലേക്കും സ്വകാര്യ വിമാനത്തിൽ പറന്ന ആന്നെ രാജകുമാരിയും പൊതുഖജനാവിന് 16,440 പൗണ്ടിന്റെ ചെലവ് ഉണ്ടാക്കിവച്ചിട്ടുണ്ട്. 2019/2020 ൽ രാജകുടുംബം മൊത്തമായി യാത്രയ്ക്കായി ചെലവാക്കിയത് 5.3 മില്ല്യൺ പൗണ്ടായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15.2 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.രാജവാഴ്‌ച്ചക്കെതിരെ പോരാടുന്ന റിപ്പബ്ലിക്ക് എന്ന സംഘടന ആരോപിക്കുന്നത്, രാജകുടുംബത്തിനായി ചെലവഴിക്കുന്ന യഥാർത്ഥ തുക ഈ വിവരങ്ങളിൽ ഇല്ല എന്നാണ്. രാജകുടുംബത്തിന്റെ എസ്റ്റേറ്റുകളിൽ നിന്നുള്ള വരുമാന നഷ്ടം, പൊലീസിങ്, മറ്റ് തദ്ദേശ ഭരണ ചെലവുകൾ എന്നിവ കണക്കാക്കിയാൽ രാജകുടുംബത്തിനായി പ്രതിവർഷം 345 മില്ല്യൺ പൗണ്ടാണ് പൊതുഖജനാവിൽ നിന്നും ചെലവാക്കപ്പെടുന്നത് എന്നാണ് ഈ സംഘടന പറയുന്നത്.

മാത്രമല്ല, കാറിലോ, ട്രെയിനിലോ പോകാവുന്ന പല അഭ്യന്തര യാത്രകൾക്കും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിന്റെ ചെലവും ഇതിൽ ഉൾപ്പെടുന്നില്ല എന്ന് അവർ ആരോപിക്കുന്നു. ആശുപത്രികൾ മതിയായ ചികിത്സാ സൗകര്യം ഒരുക്കാനാകാതെ വിഷമിക്കുമ്പോൾ, അത്യാവശ്യമായ പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെ ദൗർലഭ്യം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുമ്പോൾ പതിനഞ്ച് ശതമാനത്തിന്റെ വർദ്ധനവ് എന്നത് ഒരു ധൂർത്ത് തന്നെയാണെന്ന് ചൂണ്ടിക്കാണിച്ച സംഘടനാ പ്രതിനിധികൾ എന്തിനാണ് ജനങ്ങൾ ഈ തുക വഹിക്കുന്നത് എന്നും ചോദിച്ചു.

ആൻഡ്രൂ രാജകുമാരന് ഗോൾഫ് കളിക്കാനും ആന്നെ രാജകുമാരിക്ക് റഗ്‌ബി കളിക്കാനും പൊതുഖജനാവിൽ നിന്നും പണമെടുക്കുന്നത് അന്യായമാണെന്ന് പറഞ്ഞ സംഘടനയുടെ വക്താവ് ഗ്രഹാം സ്മിത്ത് ഇത് പൊതുധനത്തിന്റെ ദുർവ്യയമാണെന്നും ആരോപിച്ചു. നേരത്തേ ഫ്രോഗ്മോർ കോട്ടേജ് 2.4 മില്ല്യൺ പണ്ട് ചെലവാക്കി മോടിപിടിപ്പിച്ചതിനെതിരെ വിവാദമുയർന്നിരുന്നു. എന്നാൽ ഇതിൽ ഒരു തുക ഹാരിയും മേഗനും തിരിച്ചു നൽകി എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP