Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കോവിഡിനൊപ്പം തന്നെ ജീവിക്കാൻ പഠിക്കാൻ ഭയരഹിത പദ്ധതികളുമായി ഋഷി സുനാക്; ഫർലോ സ്‌കീമിന് പകരം കോവിഡ് പ്രതിസന്ധി മറികടക്കാൻ ജോബ് സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ച് ചാൻസലർ; ബ്രിട്ടൻ രക്ഷപ്പെടുമോ ?

കോവിഡിനൊപ്പം തന്നെ ജീവിക്കാൻ പഠിക്കാൻ ഭയരഹിത പദ്ധതികളുമായി ഋഷി സുനാക്; ഫർലോ സ്‌കീമിന് പകരം കോവിഡ് പ്രതിസന്ധി മറികടക്കാൻ ജോബ് സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ച് ചാൻസലർ; ബ്രിട്ടൻ രക്ഷപ്പെടുമോ ?

സ്വന്തം ലേഖകൻ

രാഷ്ട്രത്തിന് ഇനിയും നിശ്ചലമായി തുടരാനാകില്ല. കൊറോണയെന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട്, അതിനൊപ്പം ഭയമില്ലാതെ ജീവിച്ചേ മതിയാകൂ. രോഗവ്യാപനത്തിന്റെ പേരിൽ സമ്പദ്വ്യവസ്ഥയെ അവഗണിക്കാൻ കഴിയില്ല. കൊറോണ പ്രതിസന്ധിയെ നേരിടാൻ പുതിയ പദ്ധതികൾ പ്രഖാപിച്ചുകൊണ്ട് ചാൻസലർ ഋഷി സുനാക് ഇന്നലെ പറഞ്ഞതാണിത്. ഇന്നിന്റെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന വാക്കുകൾ. അമേരിക്കയിൽ കൊറോണവ്യാപനം ശക്തമാകാൻ തുടങ്ങിയ നാളുകളിൽ പ്രസിഡണ്ട് ട്രംപ് പറഞ്ഞ ഒരു വാചകമുണ്ട്, ''രോഗത്തേക്കാൾ ചെലവേറിയതാകരുത് ചികിത്സ'' എന്ന്. അതിന്റെ പ്രതിദ്ധ്വനിയായിരുന്നു ഋഷി സുനാകിന്റെ വാക്കുകൾ.

നിലവിലുള്ള ഫർലോ പദ്ധതി ഒക്ടോബർ 31 ന് ശേഷം തുടരുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് നിർത്തലാക്കിയാൽ, വരുന്ന ജനുവരിയോടെ ഇനിയൊരു 20 ലക്ഷം പേർക്കുകൂടി തൊഴിൽ നഷ്ടം ഉണ്ടായേക്കും എന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് തന്നെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അതിനു പകരമായി ഒരു വേജ് സബ്സിഡി പദ്ധതിയാണ് ചാൻസലർ മുന്നോട്ട് വയ്ക്കുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതിയാണെങ്കിലും ഇതിന് അടുത്ത ആറുമാസത്തേക്ക് 9ബില്ല്യൺ പൗണ്ട് ചെലവ് വരും എന്നാണ് കണക്കാക്കുന്നത്.

ഇന്നലെ ഈ പ്രഖ്യാപനം നടക്കുമ്പോൾ സഭയിൽ ബോറിസ് ജോൺസൺ ഇല്ലാതെയിരുന്നത് ചില കിംവദന്തികൾക്ക് വഴിയൊരുക്കി. അതേസമയം ചാൻസലർക്കും പ്രധാനമന്ത്രിക്കും മദ്ധ്യേ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്ത ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ നിഷേധിച്ചു. പ്രധാന മന്ത്രി കോവിഡ് വ്യാപനം തടയുവാൻ എടുത്ത നടപടികളെ താൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്ന് സുനാക്കും വ്യക്തമാക്കി.

ഫർലോ പദ്ധതി അവസാനിക്കുന്നതോടെ, അതിന് പകരമായി കൊണ്ടുവന്ന ജോബ്സ് സപ്പോർട്ട് സ്‌കീം (ജെ എസ് എസ്)എന്നത് ഒരു തരം വേജ് സബ്സിഡിയാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് ഉപയോഗ പ്രദമാകാവുന്ന ഈ പദ്ധതി പക്ഷെ ഫർലോ പദ്ധതിയോളം ഉദാരമല്ല. ഫർലോ പദ്ധതിയിൽ ഒരു വ്യക്തിയുടെ വേതനത്തിന്റെ 80 ശതമാനം വരെ സർക്കാർ വഹിച്ചിരുന്നപ്പോൾ ഈ പുതിയ പദ്ധതിയിൽ അത് പരമാവധി 22 ശതമാനം മാത്രമേ വരുന്നുള്ളു.

ഇതനുസരിച്ച്, ഒരു തൊഴിലാളി സാധാരണ പ്രവർത്തി സമയത്തിന്റെ മൂന്നിലൊന്ന് മാത്രമേ ജോലി ചെയ്യുന്നുള്ളു എങ്കിൽ കൂടി വേതനത്തിന്റെ പകുതിയിലധികം തൊഴിലുടമ നൽകേണ്ടതായി വരും. ഇതനുസരിച്ച്, ഒരു വ്യക്തി മൂന്നിലൊന്ന് സമയം ജോലി ചെയ്യുമ്പോൾ, ആ മണിക്കൂറുകൾ കണക്കാക്കിയുള്ള വേതനം തൊഴിലുടമ നൽകണം. ബാക്കിയുള്ള മൂന്നിൽ രണ്ടുഭാഗം സർക്കാരും തൊഴിലുടമയും കൂടി നൽകും. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രീസ് ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, മറ്റ് ബിസിനസ്സ് ഗ്രൂപ്പുകൾ, തൊഴിൽ നഷ്ടം കുറയ്ക്കാൻ ഈ പദ്ധതി ഒട്ടും സഹായിക്കില്ലെന്ന അഭിപ്രായക്കാരാണ്.

250 ജീവനക്കാരോ അതിൽ കുറവോ ഉള്ള ഏതൊരു സ്ഥാപനത്തിനും ഈ പുതിയ ജോബ് സപ്പോർട്ട് പദ്ധതിയിൽ ചേരാനാകും എന്നാൽ, വൻകിട വ്യാപാരസ്ഥാപനങ്ങൾ , കൊറോണ പ്രതിസന്ധി തങ്ങളുടെ ലാഭത്തെ പ്രതികൂലമായി ബാധിച്ചു എന്നത് തെളിയിക്കണം. ഒരു ജീവനക്കാരന്റെ സാധാരണ ശമ്പളത്തെ അടിസ്ഥാനമാക്കിയായിരിക്കും നൽകേണ്ട തുക തീരുമാനിക്കുക. അതേസമയം, സർക്കാരിന്റെ പങ്ക് പ്രതിമാസം 697.92 പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്. നവംബർ മുതൽ ആറുമാസത്തേക്കായിരിക്കും ഈ പദ്ധതി പ്രാബല്യത്തിൽ ഉണ്ടാവുക.

സെപ്റ്റംബർ 23 മുതൽ പേ റോളിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുവാനുള്ള അർഹതയുണ്ട്. അതേസമയം, ഈ വേജ് സപ്പോർട്ട് പദ്ധതിയിൽ ഇരിക്കുന്ന ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ തൊഴിലുടമക്ക് അനുവാദമുണ്ടായിരിക്കുന്നതല്ല. മാത്രമല്ല, ഫർലോ ചെയ്യപ്പെട്ട ഒരു ജീവനക്കാരനെ തിരിച്ചെടുക്കുമ്പോൾ 1000 പൗണ്ടിന്റെ ജോബ് റിട്ടെൻഷൻ ബോണസും തൊഴിലുടമയ്ക്ക് ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP