Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വീണ്ടും ബ്രിട്ടനിൽ ആഞ്ഞടിക്കുന്നു; ഒരു മാസത്തിനകം വീണ്ടും പീക്ക് ലെവലിലേക്ക്; ആറുമാസം കൂടി നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; അരുതെന്ന് കെഞ്ചി ഋഷി സുനാക്; ബ്രിട്ടൻ നേരിടുന്നത് വമ്പൻ പ്രതിസന്ധി

കൊറോണ വീണ്ടും ബ്രിട്ടനിൽ ആഞ്ഞടിക്കുന്നു; ഒരു മാസത്തിനകം വീണ്ടും പീക്ക് ലെവലിലേക്ക്; ആറുമാസം കൂടി നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; അരുതെന്ന് കെഞ്ചി ഋഷി സുനാക്; ബ്രിട്ടൻ നേരിടുന്നത് വമ്പൻ പ്രതിസന്ധി

സ്വന്തം ലേഖകൻ

പ്രിൽ മാസത്തിലെ ഇരുണ്ടദിനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ബ്രിട്ടനിൽ വീണ്ടും കോവിഡ് വ്യാപനം കനക്കുന്നു. ഓരോ എട്ടു ദിവസം കഴിയുമ്പോഴും രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഇന്നലെ മാത്രം 4,322 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. മെയ്‌ മാസത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആർ നിരക്ക് 1.4 എത്തി എന്നാണ് സൂചന. ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഈ ആഴ്‌ച്ച ഇരട്ടിയായി. രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന ഭീതി നിഴലിക്കുമ്പോൾ ബ്രിട്ടനെ തുറിച്ച് നോക്കുന്നത് മറ്റൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതേസമയം, രോഗവ്ഹാപനത്തിന്റെ ശക്തി വർദ്ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും, പഴയതുപോലുള്ള ഒരു ഭീകരാവസ്ഥ ഉണ്ടാകാനിടയില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ലണ്ടനിലും നോർത്ത് വെസ്റ്റിലുമാണ് രോഗവ്യാപനം കനക്കുന്നത്. വെസ്റ്റ് മിഡ്ലാൻഡ്സും സൗത്ത് വെസ്റ്റുമാണ് രോഗവ്യാപനം ഏറ്റവും കുറവുള്ള മേഖലകൾ. ഒ എൻ എസിന്റെ കണക്ക് പ്രകാരം ലണ്ടൻ നഗരത്തിലെ 0.2 ശതമാനം ആൾക്കാർ രോഗബാധിതരാണ്. ബ്രിട്ടനിൽ കൊറോണയുടെ രണ്ടാം വരവിന് ആക്കം വർദ്ധിക്കുകയാണെന്ന് സൂചിപ്പിച്ച ബോറിസ് ജോൺസൺ നിലവിലുള്ള നിയന്ത്രണങ്ങൾ ഇനിയും ഒരു ആറ് മാസക്കാലത്തേക്ക് കൂടി തുടരേണ്ടതായി വന്നേക്കാം എന്നും സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ, കൊറോണ വ്യാപനത്തിൽ സ്പെയിനിനും ഫ്രാൻസിനും ആറാഴ്‌ച്ച പുറകിൽ നിൽക്കുന്ന ബ്രിട്ടനിൽ രണ്ടാം വരവ് തീർച്ചയായും അതിശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ശൈത്യകാലം കൂടി വേഗത്തിൽ അടുത്തുവരുന്നതിനാൽ ആശങ്ക ഇനിയും ഏറുകയാണ്. രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കുവാൻ രണ്ടാഴ്‌ച്ച കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, പിന്നീട് അത് നീക്കുക, പിന്നെ സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം വീണ്ടും നടപ്പാക്കുക എന്ന ഒരു രീതി അവലംബിക്കുവാനാണ് സാധ്യത എന്നറിയുന്നു. കർശന നിയന്ത്രണങ്ങൾ എന്നു പറയുമ്പോൾ, വ്യത്യസ്ത കുടുംബങ്ങളിൽ ഉള്ളവർ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുക, ഹോസ്പിറ്റാലിറ്റി മേഖലവും വിനോദ കേന്ദ്രങ്ങളും പൂർണ്ണമായും അടച്ചിടുക അല്ലെങ്കിൽ അവയുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങിയവ അതിൽ ഉൾപ്പെടും എന്നറിയുന്നു.

അതുപോലെ കൂടുതൽ അപകടസാദ്ധ്യതയുള്ള വിഭാഗത്തിൽ പെട്ടവരെ തിരഞ്ഞുപിടിച്ച് അവർക്ക് പ്രത്യേക സംരക്ഷണം നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. അതായത്, നേരത്തേ രാജ്യത്തെ ജനങ്ങളോട് മുഴുവൻ വീടുകളിൽ ഇരിക്കുവാൻ പറഞ്ഞതിനു പകരം, ഇത്തരക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ നൽകുക എന്നതായിരിക്കും പുതിയ രീതി. അതേസമയം, തിങ്കളാഴ്‌ച്ച മുതൽ നിലവിൽ വന്ന റൂൾ ഓഫ് സിക്സ് ജനങ്ങൾ പാലിക്കുന്നില്ല എന്നൊരു അഭിപ്രായവും ഡൗണിങ് സ്ട്രീറ്റിനുണ്ട്.

ഒരു രണ്ടാം ലോക്ക്ഡൗൺ ഏറ്റവും അവസാനത്തെ പടിയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പക്ഷെ നിലവിലുള്ള നടപടികളുടെ ഫലപ്രാപ്തി സസൂക്ഷ്മം വിലയിരുത്തണമെന്നും പറഞ്ഞു. അതേസമയം പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ എതിർത്ത് ചാൻസലർ ഋഷി സുനാക് രംഗത്തെത്തി. തകർന്നടിഞ്ഞ സാമ്പത്തിക രംഗം ഒരുവിധം തകർച്ചയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുമ്പോൾ കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അതിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തേയാണെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP