Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിവാഹത്തിന് വിസമ്മതിച്ചതിൽ കലിപൂണ്ട് ഇന്ത്യൻ വംശജയായ യുവതിയെ കുത്തിക്കൊന്നു; ലസ്റ്ററിലെ വീട്ടിലെത്തി ഈ ക്രൂരകൃത്യം ചെയ്തത് ഇന്ത്യാക്കാരനായ യുവാവ്; ആയുസ്സു മുഴുവൻ ജയിലിൽ കഴിയാൻ വിധിച്ച് ബ്രിട്ടണിലെ കോടതി

വിവാഹത്തിന് വിസമ്മതിച്ചതിൽ കലിപൂണ്ട് ഇന്ത്യൻ വംശജയായ യുവതിയെ കുത്തിക്കൊന്നു; ലസ്റ്ററിലെ വീട്ടിലെത്തി ഈ ക്രൂരകൃത്യം ചെയ്തത് ഇന്ത്യാക്കാരനായ യുവാവ്; ആയുസ്സു മുഴുവൻ ജയിലിൽ കഴിയാൻ വിധിച്ച് ബ്രിട്ടണിലെ കോടതി

സ്വന്തം ലേഖകൻ

ലെസ്റ്ററിലെ ജിഗുകുമാറിന്റേത് ക്രൂരതയുടെ മാത്രം കഥയല്ല, വിശ്വാസഹത്യയുടെയും കൃതഘ്നതയുടേയും കൂടി കഥയാണ്. വിവാഹം നിശ്ചയിച്ചതിനു ശേഷം അതിൽ നിന്നും പിൻവാങ്ങിയ ഭാവിനി പ്രവീൺ എന്ന 21 കാരിയായ ഇന്ത്യൻ യുവതിയെ ക്രൂരമായി കുത്തിക്കൊന്ന ജിഗുകുമാർ സോർത്തി എന്ന 23 കാരന് ബുധനാഴ്‌ച്ച ലെസ്റ്ററിലെ കോടതി വിധിച്ചത് ആജീവനാന്ത തടവായിരുന്നു. ഒന്ന് പരോളിൽ പുറത്തിറങ്ങണമെങ്കിൽ കൂടി 28 വർഷം ജയിലിൽ കഴിയണം.

നല്ലൊരു ഭാവി അന്വേഷിച്ച് ബ്രിട്ടനിലേക്ക് കുടികയറിയ ഒരു സാധാരണ ഇന്ത്യൻ കുടുംബത്തിന്റെ അസാധാരണമായ കഥയുടെ അന്ത്യത്തിലാണ് ഈ വിധി വരുന്നത്. ആദ്യപുത്രിയായി ഭാവിനി ജനിച്ചപ്പോൾ ഏറെ സന്തോഷിച്ചതാണ് അവളുടെ മാതാപിതാക്കൾ. ഐശ്വര്യവും പ്രകാശവും കൊണ്ടുവരുന്ന ലക്ഷ്മീ ദേവിയായിട്ടായിരുന്നു അവളെ കണക്കാക്കിയിരുന്നത്. അവർക്ക് പിന്നീട് രണ്ട് ആൺമക്കൾ കൂടി ജനിച്ചു. രണ്ട് കുഞ്ഞനുജന്മാരേയും നെഞ്ചോടടക്കി ലാളിക്കുമായിരുന്നത്രെ ഭാവിനി എന്ന ചേച്ചി.

കുട്ടികൾ വളരുവാൻ തുടങ്ങിയപ്പോഴാണ് നല്ലൊരു ഭാവി പ്രതീക്ഷിച്ച് പ്രവീൺ ബാബുവും കുടുംബവും ബ്രിട്ടനിലേക്ക് കുടിയേറുന്നത്. കോളേജിലെ വിദ്യാഭ്യാസം കഴിഞ്ഞ് പിതാവിനോടൊപ്പം ഒരേ നിർമ്മാണയൂണിറ്റിൽ അവൾ ജോലിക്ക് കയറുകയും ചെയ്തു. പിതാവിനൊപ്പം കളിച്ചും ചിരിച്ചും ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന അവൾ ജോലിയില്ലാത്തപ്പോഴൊക്കെ അമ്മയോടൊപ്പമായിരുന്നു സദാ നേരവും. അമ്മയെ ഏറ്റവും അടുത്ത സുഹൃത്തായിട്ടായിരുന്നു അവൾ കണക്കാക്കിയിരുന്നത്.

തികഞ്ഞ ഹിന്ദുമത വിശ്വസിയായിരുന്ന ഭാവിനി, മതവിശ്വാസത്തോടൊപ്പം ആർജ്ജിച്ച കുടുംബ മൂല്യങ്ങൾക്കും വിലകൽപിക്കുന്ന യുവതിയായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിൽ നിന്നും ജിഗുകുമാർ സോർത്തിയുമായി അവളുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചപ്പോൾ അവൾ പൂർണ്ണ സമ്മതം നൽകിയതും. മകളെ പൊന്നുപോലെ സ്നേഹിച്ചിരുന്ന പിതാവ് മുൻകൈ എടുത്ത് മകളുടെ ഭാവിവരനെ ബ്രിട്ടനിലേക്ക് കൊണ്ടുവരികയും ഒരു ഫാക്ടറിയിൽ ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. അന്നുമുതൽ അയാൾ ലെസ്റ്ററിലായിരുന്നു താമസിച്ചിരുന്നത്.

ബ്രിട്ടനിലെ ആധുനികതയിലെത്തിച്ചേർന്ന ഇന്ത്യൻ ഗ്രാമീണ യുവാവിന്റെ ജീവിതതാളം തെറ്റുവാൻ അധികകാലം എടുത്തില്ല. ചീത്തക്കൂട്ടുകെട്ടുകളിലേക്ക് നയിക്കപ്പെട്ട സോർത്തി മദ്യത്തിനും അടിമയായി. തികഞ്ഞ മതവിശ്വാസിയും, കുടുംബത്തിൽ ഒതുങ്ങി വളർന്നവളുമായ ഭാവിനിക്ക് ജിഗുകുമാറിന്റെ മദ്യപാനത്തോടും ചീത്തക്കൂട്ടുകെട്ടിനോടും യോജിക്കാനായില്ല. തന്റെ ഭാവിവരനെ നേർവഴിക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം പരാജയമടഞ്ഞപ്പോൾ അവൾക്ക് മുന്നിൽ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

മകളുടെ ശോഭനമായ ജീവിതം മാത്രം സ്വപ്നം കാണുന്ന പ്രവീൺ ബാബുവിനും ഭാര്യയ്ക്കും മകളുടെ തീരുമാനത്തോട് യോജിക്കാതിരിക്കാനായില്ല. അവളുടെ സഹോദരന്മാർക്കും അതു തന്നെയായിരുന്നു അഭിപ്രായം. ഒരു മദ്യപാനിയുടെ ഭാര്യയായി തങ്ങളുടെ സഹോദരി ജീവിത ദുരിതം അനുഭവിക്കുന്നത് അവർക്ക് സഹിക്കാനാവുന്നതിലുമപ്പുറമായിരുന്നു. അങ്ങനെയണ് അവൾ ജിഗുകുമാറുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്.

എന്നാൽ, ഈ തീരുമാനം ജിഗുകുമാറിനെ ഏറെ പ്രകോപിപ്പിച്ചു. ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നും ബ്രിട്ടനിൽ കൊണ്ടുവന്നതും, ഒരു ജീവിതം നൽകിയതുമെല്ലാം ഭാവിനിയുടെകുടുംബമായിരുന്നു എന്നകാര്യമെല്ലാം അയാൾ മറന്നു. ലെസ്റ്ററിലെ മൂർസ് റോഡിലുള്ള ഭാവിനിയുടെ വീട്ടിലെത്തിയ ജിഗുകുമാർ, അടുക്കള കത്തി ഉപയോഗിച്ച് അവളേ കുത്തിക്കൊല്ലുകയായിരുന്നു. നെഞ്ചിലും, മുതികുലും കുത്തേറ്റ ഭാവിനി ഒരു ദിവസത്തിനു ശേഷം മരണമടഞ്ഞു.

കൊലപാതകത്തിനു ശേഷം നഗ്‌നപാദനായി വീട്ടിൽ നിന്നുമിറങ്ങി ഓടുന്ന ജിഗ്ഗുകുമാറിന്റെ ചിത്രം സി സി ടി വിയിൽ പതിഞ്ഞിരുന്നു. കൊല്ലാനുപയോഗിച്ച കത്തി അയാൾ തെരുവിൽ വലിച്ചെറിയുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എന്നാൽ വിചാരണ സമയത്ത് അയാൾ വാദിച്ചത് മനഃപൂർവ്വമുള്ള കൊലപാതകമായിരുന്നില്ലെന്നും വികാരവിക്ഷോഭത്തിൽ ചെയ്തതായിരുന്നു എന്നുമായിരുന്നു. എന്നാൽ ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങിയ കോടതി ഈ വാദം അംഗീകരിച്ചില്ല.

ആശുപത്രിക്കിടക്കയിൽ കിടന്ന് ഭാവിനി അവസാനം പറഞ്ഞത് അമ്മേ എന്ന വാക്കായിരുന്നു എന്ന് പിതാവ് കോടതിയിൽ പറഞ്ഞ രംഗം അതീവ് വികാരഭരിതമായ ഒന്നായിരുന്നു. അമ്മേ എന്ന് വിളിച്ച് ഭൂമിയിലേക്ക് വന്നവൾ അമ്മേ എന്നുതന്നെ വിളിച്ച് ഇവിടെനിന്നും യാത്രയായി എന്നു പറയുമ്പോൾ പ്രവീൺ ബാബുവിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഏതായാലും, ജിഗ്ഗുകുമാർ സോർത്തി എന്ന ഈ നരാധമന് ഇനി ചുരുങ്ങിയത് 28 വർഷക്കാലമെങ്കിലും പുറം ലോകം കാണാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP