Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

50 ലക്ഷത്തിലധികം കോവിഡ് രോഗികളുമായി അമേരിക്കയുടെ കുതിപ്പ്; 20 സംസ്ഥാനങ്ങളിൽ രോഗവ്യാപനം ശക്തമാകുന്നു; 1 ലക്ഷം കോവിഡ് മരണങ്ങളുമായി ബ്രസീലിൽ കൊറോണയുടെ തേരോട്ടം; അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കൊറോണയുടെ പ്രഹരം മാരകമാകുമ്പോൾ

50 ലക്ഷത്തിലധികം കോവിഡ് രോഗികളുമായി അമേരിക്കയുടെ കുതിപ്പ്; 20 സംസ്ഥാനങ്ങളിൽ രോഗവ്യാപനം ശക്തമാകുന്നു; 1 ലക്ഷം കോവിഡ് മരണങ്ങളുമായി ബ്രസീലിൽ കൊറോണയുടെ തേരോട്ടം; അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ കൊറോണയുടെ പ്രഹരം മാരകമാകുമ്പോൾ

സ്വന്തം ലേഖകൻ

യൂറോപ്പിനെ കശക്കിയെറിഞ്ഞ കൊറോണയെന്ന രാക്ഷസവൈറസ് ഇപ്പോൾ തേരോട്ടം നടത്തുന്നത് അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ്. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞപ്പോൾ, തെക്കേ അമേരിക്കയിലെ ബ്രസീലിൽ മരണം 10 ലക്ഷം കഴിഞ്ഞിരിക്കുന്നു. 1 ലക്ഷത്തിലധികം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രണ്ടേരണ്ട് രാജ്യങ്ങളായി മാറിയിരിക്കുകയാണ് അമേരിക്കയും ബ്രസീലും.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇന്നലെയാണ് അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞത്. എന്നാൽ പരിശോധനാ പരിമിതികൾ മൂലം കോവിഡ് ബാധിച്ചവരെ മുഴുവനും പരിശോധിക്കാൻ ആയിട്ടില്ലെന്നും രേഖപ്പെടുത്തിയതിന്റെ പത്തിരട്ടി കോവിഡ് രോഗികൾ അമേരിക്കയിൽ ഉണ്ടാകാമെന്നുമാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Stories you may Like

ഞായറാഴ്‌ച്ചത്തെ കണക്കനുസരിച്ച് അമേരിക്കയിൽ 50,00,603 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,62,400 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പുതിയതായി 54,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മൊത്തം രോഗികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞത്. വൈറസ് വന്ന വഴിയെ മടങ്ങുമെന്ന് ട്രംപ് കൂടെക്കൂടെ ആവർത്തിക്കുമ്പോഴും അമേരിക്കയിൽ യാഥാർത്ഥ്യം നേരെ വിപരീത ദിശയിലാണ്.

നിലവിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ജൂലായിൽ ഉണ്ടായിരുന്ന 70,000 ത്തിൽ താഴെയാണെങ്കിലും ഏതാണ്ട് 20 സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന് ശക്തി കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ കാലിഫോർണിയ, ഫ്ളോറിഡ, ടെക്സാസ്, ന്യുയോർക്ക്, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ് 40 ശതമാനത്തിലധികം രോഗികളുള്ളത്.

രാജ്യം കൊറോണ ഭീതിയിൽ കഴിയുമ്പോഴും സൗത്ത് ഡെക്കോട്ടയിലെ സ്റ്റർജിസ് മോട്ടോർ സൈക്കിൾ റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാതേയും മാസ്‌കുകൾ ധരിക്കാതെയും പ്രത്യക്ഷപ്പെട്ട ഇവർ വീണ്ടും രോഗവ്യാപനം കൂട്ടാൻ ഇടയാക്കിയേക്കുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

ഒരു ലക്ഷം കോവിഡ് മരണങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ട് ബ്രസീൽ

ഇന്നലെ 905 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഒരു ലക്ഷം കോവിഡ് മരണങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ രാഷ്ട്രമായി മാറിയിരിക്കുകയാണ് ബ്രസീൽ. അമേരിക്കയാണ് ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ രാക്ഷ്ട്രം. 1,00,477 കോവിഡ് മരണങ്ങളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗം പൊട്ടിപ്പുറപ്പെട്ട് ആദ്യ മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ബ്രസീലിൽ 50,000 പേർ മരിച്ചിരുന്നു. എന്നാൽ മരണ സംഖ്യ 1 ലക്ഷം ആകാൻ പിന്നീട് വെറും 50 ദിവസങ്ങൾ മാത്രമേ എടുത്തിട്ടുള്ളു. അതേസമയം പരിശോധനാ പരിമിതികൾ മൂലം ബ്രസീലിൽ രോഗബാധിതരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും ആരോപണമുയരുന്നുണ്ട്. ഇത് മരണസംഖ്യയേ ഇനിയും ഉയർത്തിയേക്കാം.

അമേരിക്കയിൽ ട്രംപ് ചെയ്തത് പോലെ ബ്രസീലിയൻ പ്രസിഡണ്ട് ജെയിർ ബൊൽസോനാരോയും കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ ശക്തി കുറച്ചുകണ്ടതാണ് സ്ഥിതി ഇത്ര വഷളാകാൻ കാരണം എന്നാണ് ആരോപിക്കപ്പെടുന്നത്. സംസ്ഥാനങ്ങളും തദ്ദേശ ഭരണകൂടങ്ങളും എടുത്ത സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള പല നിയമങ്ങളേയും തള്ളിക്കളഞ്ഞിരുന്നു ബൊൽസോനരോ. മാത്രമല്ല, ട്രംപിനെ പോലെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ ആരാധകനായിരുന്ന ബ്രസീലിയൻ പ്രസിഡണ്ട് ആദ്യഘട്ടത്തിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുന്നതിനെ പോലും എതിർത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP