Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറു വയസ്സുകാരിയായ മകൾക്ക് ഡോക്ടർമാർ മരണം വിധിച്ചപ്പോൾ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരുന്നു; മൃഗമെന്ന് വിളിച്ച് പൊലീസെത്തി വലിച്ചിഴച്ചു കൊണ്ടു പോയി; മകൾ മരിക്കുമ്പോൾ അടുത്തിരിക്കാൻ അനുവദിക്കാതെ കാട്ടിയ ക്രൂരതയിൽ നാണംകെട്ട് ബ്രിട്ടൻ

ആറു വയസ്സുകാരിയായ മകൾക്ക് ഡോക്ടർമാർ മരണം വിധിച്ചപ്പോൾ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരുന്നു; മൃഗമെന്ന് വിളിച്ച് പൊലീസെത്തി വലിച്ചിഴച്ചു കൊണ്ടു പോയി; മകൾ മരിക്കുമ്പോൾ അടുത്തിരിക്കാൻ അനുവദിക്കാതെ കാട്ടിയ ക്രൂരതയിൽ നാണംകെട്ട് ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: ആറു വയസ്സുകാരിയായ മകൾക്ക് ഡോക്ടർമാർ മരണം വിധിച്ചപ്പോൾ സമ്മതിക്കാതെ കെട്ടിപ്പിടിച്ചിരുന്ന പിതാവിനെ പൊലീസെത്തി വലിച്ചിഴച്ച് കൊണ്ടു പോയി. അതീവ ഗുരുതരാവസ്ഥയിൽ ലൈഫ് സപ്പോർട്ടിങ് മെഷീനുകളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന മകൾ സൈനബിന്റെ കിടക്കയ്ക്ക് അരുകിലിരുന്ന പിതാവിനെയാണ് പൊലീസ് അതിക്രൂരമായി പിടിച്ചു കൊണ്ടു പോയത്. മകളുടെ കൈകളിൽ പിടിച്ചു കൊണ്ട് കിടക്കയ്ക്ക് അരികിൽ ഇരുന്ന റാഷിദ് അബ്ബാസിയെന്ന 59കാരനെയാണ് കസേരയിൽ നിന്നും വലിച്ചിഴച്ച് കൈകാലുകൾ ബന്ധിച്ച ശേഷം പൊലീസ് സ്ട്രക്ചറിൽ കയറ്റി ക്കൊണ്ടു പോയത്.

അതീവ ഗുരുതരാവസ്ഥയിലായതിനാൽ സൈനബ് ഇനി ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നും അതിനാൽ കുട്ടിയുടെ ലൈഫ് സപ്പോർട്ടിഷ് മെഷീനുകൾ മാറ്റാൻ പോകുകയാണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു. എന്നാൽ മകളെ മരണത്തിന് വിട്ടുകൊടുക്കാൻ ഈ പിതാവ് തയ്യാറായില്ല. കുട്ടിക്ക് ചികതിത്സ ഉറപ്പാക്കണമെന്ന് പറഞ്ഞ് കുട്ടിയുടെ കൈകളിൽ പിടിച്ചിരിക്കുമ്പോഴാണ് പൊലീസ് എത്തി അബ്ബാസിയെ വലിച്ചിഴച്ച് കൊണ്ടു പോയത്. അബ്ബാസിയെ കൊണ്ടു പോയതിന് പിന്നാലെ ഭാര്യയേയും പൊലീസ് ഇവിടെ നിന്നും ബഹളം വെച്ചു കൊണ്ടു പോയി. ഇരുവരെയും കൊണ്ടു പോകുമ്പോൾ മകളുടെ ജീവന് വേണ്ടി കരയുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ 30 വർഷമായി എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അബ്ബാസി. ഭാര്യ ആലിയ ഡോക്ടറുമായിരുന്നു. വടക്കൻ ഇംഗ്ലണ്ടിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. അബ്ബാസിയും ആശുപത്രിയിലെ ഡോകർമാരും തമ്മിലുണ്ടായ വാഗ്വാദമാണ് പൊലീസ് ഇടപെടലിന് കാരണമായത്. സൈനബിനെ മരണത്തിന് വിട്ടു കൊടുക്കുകയാണെന്ന് ഡോക്ടർമാർ അബ്ബാസിയെ അറിയിച്ചു. എന്നാൽ മകൾക്ക് തുടർ ചികിതിസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അബ്ബാസി ഡോക്ടർമാരോട് വഴക്കുണ്ടാക്കി. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചത്.

അബ്ബാസിയെ അറസ്റ്റ് ചെയ്യുമ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇയാളെ മൃഗമെന്നും വിളിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുമ്പോൾ മകളുടെ ജീവന് വേണ്ടിയുള്ള ആ പിതാവിന്റെ കരച്ചിൽ പൊലീസ് കേട്ടില്ല. ഹേർട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ള ആളായ അബ്ബാസിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടിട്ടും പൊലീസ് കരുണ കാട്ടിയതുമില്ല.

നിയമപരമല്ലാത്ത അറസ്റ്റിന് പൊലീസിനെതിരെ നിയമപരമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. സൈനബ് ജന്മനാ ശ്വാസ സംബന്ധമായ പ്രശ്നവും ജെനറ്റിക് ഇൽനസും ഉള്ള കുട്ടിയായിരുന്നു. നേരത്തേയും കുട്ടി അതീവ ഗുരുതരാവസ്ഥയിലായപ്പോൾ ഡോക്ടർമാർ മരണത്തിന് വിട്ടുകൊടുക്കാൻ ശ്രമിച്ചിരുന്നു. അന്നും നിയമ യുദ്ധം നടത്തിയാണ് ഇവർ മകളുടെ ജീവൻ തിരികെ പിടിച്ചത്.

ഇപ്പോഴും മകൾക്ക് മരണം വിധിയെഴുതിയതോടെ ആശുപത്രിയിലെ മുതിർന്ന ഡോക്ടറോട് അബ്ബാസി കയർത്ത് സംസാരിച്ചു. മകളെ മരണത്തിന് വിട്ടു കൊടുക്കാൻ തയ്യാറല്ലെന്നും പറഞ്ഞ് ഒച്ചവെച്ച ശേഷം മകളുടെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചിരുന്നു. അരമണിക്കൂറിന് ശേഷം നാല് പൊലീസുകാരെത്തി അബ്ബാസിയേയും ഭാര്യ ആലിയയേും മകനേയും സൈനബ് കിടന്ന മുറിയിൽ നിന്നും പുറത്താക്കുക ആയിരുന്നു.

റൂമിൽ നിന്ന് പുറത്ത് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ പോകാൻ തയ്യാറാകാതായതോടെയാണ് പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP