Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിഫോർണിയയും ടെക്സാസും ഫ്ളോറിഡയും അടക്കം ഏഴ് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരം; അമേരിക്കയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; കൊറോണയുടെ വിഹാരകേന്ദ്രമായിരുന്ന യൂറോപ്പ് ശാന്തമായിട്ടും അമേരിക്കയ്ക്ക് മാത്രം എന്താണ് സംഭവിക്കുന്നത് ?

കാലിഫോർണിയയും ടെക്സാസും ഫ്ളോറിഡയും അടക്കം ഏഴ് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരം; അമേരിക്കയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; കൊറോണയുടെ വിഹാരകേന്ദ്രമായിരുന്ന യൂറോപ്പ് ശാന്തമായിട്ടും അമേരിക്കയ്ക്ക് മാത്രം എന്താണ് സംഭവിക്കുന്നത് ?

സ്വന്തം ലേഖകൻ

കൊറോണ മാഹാമാരിയുടെ മറ്റൊരു നാഴികക്കല്ല് കൂടി താണ്ടിയിരിക്കുകയാണ് അമേരിക്ക. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങൾ 1.5 ലക്ഷം കവിഞ്ഞിരിക്കുന്നു. ബുധനാഴ്‌ച്ച ഉച്ചക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയാണ്, ഇതുവരെ അമേരിക്കയിൽ 1,50,034 കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തിലെ മൊത്തം കോവിഡ് മരണങ്ങളുടെ 25 ശതമാനവും അമേരിക്കയിലായി.

മറ്റൊരു രാജ്യത്തും ഇത്രയധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തൊട്ടു പുറകിൽ നിൽക്കുന്ന ബ്രസീലിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് 88,539 മരണങ്ങളാണ്. യൂറോപ്പിൽ, കൊറോണ മാരകമായി പ്രഹരിച്ച ഇറ്റലിയിലും സ്പെയിനിലും 36,000 ത്തിന് മേൽ മരണസംഖ്യ പോയിട്ടില്ല. മാത്രമല്ല, കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെ അവർക്ക് രോഗവ്യാപനം നിയന്ത്രിക്കാനും മരണ സംഖ്യ കുറയ്ക്കാനുമായി.

എന്നാൽ അമേരിക്കയിൽ മാത്രം കാര്യങ്ങൾ നടക്കുന്നത് വിപരീത ദിശയിലാണ്,. കഴിഞ്ഞ അഞ്ച് മാസമായി അമേരിക്കൻ സർക്കാരും ജനതയുമൊരുമിച്ച് കൊറോണയോട് പടവെട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും മരണസംഖ്യ മുന്നോട്ട് തന്നെ കുതിക്കുകയാണ്. ഫ്ളോറിഡ, കാലിഫോർണിയ, ടെക്സാസ്, നോർത്ത് കരോലിന, അർകൻസാസ്, ഓറിഗോൺ, മൊണ്ടാന എന്നീ ഏഴ് സംസ്ഥാനങ്ങളിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ച വലിയ വർദ്ധനവാണ് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.

ഈ മാസം ഏറ്റവുമധികം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയത് ടെക്സാസിലാണ്, 4000 മരണങ്ങൾ. 2,690 മരണങ്ങളുമായി ഫ്ളോറിഡ തൊട്ടു പിറകിൽ നിൽക്കുന്നു. 2,500 മരണങ്ങൾ രേഖപ്പെടുത്തിയ കാലിഫോർണിയയാണ് മൂന്നാം സ്ഥാനത്ത്. ഈ സംസ്ഥാനങ്ങളിൽ മരണനിരക്കിൽ വർദ്ധനവ് ഉണ്ടായെങ്കിലും, ന്യുയോർക്കും ന്യു ജഴ്സിയും തന്നെയാണ് ഇപ്പോഴും മൊത്തം മരണ സംഖ്യയിൽ മുന്നിൽ നിൽക്കുന്നത്.

എന്നിരുന്നാലും, ഏപ്രിൽ മാസത്തിലെ മരണനിരക്കിനെ അപേക്ഷിച്ച് ഇപ്പോൾ മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. രോഗബാധിതരാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നതാണ് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, വൈറസിനെ കുറിച്ച് കൂടുതൽ അറിയാനായത് മെച്ചപ്പെട്ട ചികിത്സ നൽകുവാൻ സഹായിക്കുന്നുമുണ്ട്. എന്നാൽ രോഗവ്യാപനം വർദ്ധിച്ചുവരുന്നത് തീർത്തും ആശങ്കാജനകം തന്നെയാണ്.

ഏഴ് സൺബെൽറ്റ് സംസ്ഥാനങ്ങളിലെ പ്രതിവാര രോഗവ്യാപന ശരാശരിയിൽ കുറവ് ദൃശ്യമാകുന്നുണ്ട്. കഴിഞ്ഞ വാരം ഇത് 77,000 ആയിരുന്നപ്പോൾ ഈ വാരം ഇത് 66,000 ആയി കുറഞ്ഞിട്ടുണ്ട്. ഹോട്ട്സ്പോട്ട് ആയ ഫ്ളോറിഡ, ടെക്സാസ്, അരിസോണ, കാലിഫോർണിയ എന്നിവിടങ്ങളിൽ രോഗവ്യാപനത്തിന് ചെറിയൊരു ശമനം കണ്ടു തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനം കുറയുന്നു എന്നല്ല ഇതിന്റെ അർത്ഥം മറിച്ച് രോഗവ്യാപന ഗ്രാഫ് ഉയരാതെയും താഴാതെയും തിരശ്ചീനമായി പോകുന്നു എന്നതാണ്. അതേ സമയം മറ്റ് 22 സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന് ശക്തി വർദ്ധിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

മിന്നെസൊട്ട, വിസ്‌കോൻസിൻ, ഓഹിയോ, ഇന്ത്യാന, കൊളറാഡോ എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോൾ വർദ്ധിച്ച തോതിൽ വ്യാപനം നടക്കുന്ന സംസ്ഥാനങ്ങൾ. ബാറുകളിലും പബ്ബുകളിലും തിങ്ങിക്കൂടുന്ന യുവജനങ്ങൾക്കിടയിലാണ് ഇപ്പോൾ വ്യാപനം വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP