Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ റിപ്പോർട്ട് ചെയ്തത് 176 മരണങ്ങൾ; ഇപ്പോഴും ദിവസവും 3000 രോഗികൾ ഉണ്ടാകുന്നുവെന്ന് റിപ്പോർട്ട്; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടെത്തിയ വാക്സിൻ വർഷങ്ങളോളം കൊറോണക്ക് പ്രതിരോധം തീർക്കുമെന്ന് റിപ്പോർട്ടുകൾ; രോഗം കുറയുകയും മരുന്ന് വളരുകയും ചെയ്യുന്ന ആശ്വാസത്തിൽ ബ്രിട്ടൻ

ഇന്നലെ റിപ്പോർട്ട് ചെയ്തത് 176 മരണങ്ങൾ; ഇപ്പോഴും ദിവസവും 3000 രോഗികൾ ഉണ്ടാകുന്നുവെന്ന് റിപ്പോർട്ട്; ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടെത്തിയ വാക്സിൻ വർഷങ്ങളോളം കൊറോണക്ക് പ്രതിരോധം തീർക്കുമെന്ന് റിപ്പോർട്ടുകൾ; രോഗം കുറയുകയും മരുന്ന് വളരുകയും ചെയ്യുന്ന ആശ്വാസത്തിൽ ബ്രിട്ടൻ

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 176 കൊറോണ മരണങ്ങൾ. ദിവസേന 3,000 പേർക്കെങ്കിലും കൊറോണ ബാധ ഉണ്ടാകുന്നുവെന്ന് ചില സർക്കാർ വൃത്തങ്ങൾ പറയുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർ നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം പകരുന്നുണ്ട്. ബ്രിട്ടന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെയുള്ള കോവിഡ് മരണങ്ങൾ 43,906 ആണെങ്കിലും മറ്റ് ചില പഠന റിപ്പോർട്ടുകൾ കാണിക്കുന്നത് മരണസംഖ്യ ഒരു മാസം മുൻപ് തന്നെ 50,000 കടന്നു എന്നാണ്. രോഗ വ്യാപനത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ബ്രിട്ടനിൽ പ്രതിദിനം 1000 മരണങ്ങൾ വരെ രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞമാസം മുതൽ ഇത് നാടകീയമായി താഴേക്ക് വരികയായിരുന്നു.

ബുധനാഴ്‌ച്ച മുതൽ ബുധനാഴ്‌ച്ച വരെയുള്ള ഒരാഴ്‌ച്ചക്കാലത്തെ മരണസംഖ്യ കണക്കിലെടുത്താൽ, ഈ ആഴ്‌ച്ച ശരാശരി മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച്ചത്തേതിന് തുല്യമായി തന്നെ നിൽക്കുകയാണ്. ഏപ്രിൽ മുതലുള്ള കണക്കെടുത്താൽ ശരാശരി താഴാതെ ഇരിക്കുന്നത് ഇതാദ്യമായാണ്. മിഡ്ലാൻഡ്സിൽ 1000 പേർ ഉൾപ്പടെ ഇംഗ്ലണ്ടിൽ ഇപ്പോഴും പ്രതിദിനം 3000 പേർക്കെങ്കിലും രോഗബാധ ഉണ്ടാകുന്നു വെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെയും പ്രതിനിധികൾ പറയുന്നത്. സർക്കാർ നടത്തുന്ന കോവിഡ് 19 സർവിലൻസ് ടെസ്റ്റിങ് സ്‌കീമിൽ നിന്നും അതുപോലെ സിംപ്ടം ട്രാക്കിങ് ആപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

എന്നിരുന്നാലും ആർ നിരക്ക് മിക്കവാറും എല്ലായിടങ്ങളിലും 1 താഴ്ന്ന് 0.7 നും 0.9 നും ഇടയിൽ എത്തി നിൽക്കുന്നു എന്നാണ് ഇവരും പറയുന്നത്. ഇന്നലെ 2,26,398 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. എൻ എച്ച് എസ് ജീവനക്കാർക്കുംമറ്റ് ആരോഗ്യ പ്രവർത്തകർക്കും ഉള്ള ആന്റിബോഡി പരിശോധന ഉൾപ്പടെയാണിത്. ഇതിൽ 829 പേർക്കാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,13,483 ആയി ഉയര്ന്നു. ഇത് ഔദ്യോഗിക കണക്ക് പ്രകാരമുള്ളതാണ്. യഥാർത്ഥ കണക്ക് ഇതിലും പല മടങ്ങ് വലുതാണ് എന്നാണ് മറ്റ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്നലെ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 50 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ വെയിൽസിൽ ആറു മരണങ്ങളും സ്‌കോട്ട്ലാൻഡിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലേയും നോർത്തേൺ അയർലൻഡിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെയില്ലാതെ കടന്നുപോയി.

അതിനിടയിലെ, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ച കൊറോണ വാക്സിൻ വളരെക്കാലം കൊറോണക്കെതിരെ പ്രതിരോധം തീർക്കുമെന്ന് ഈ ഗവേഷണത്തിൽ നേതൃത്വം നൽകിയ പ്രൊഫ. സാറാ ഗിൽബർട്ട് പറയുന്നു. ലോക പ്രശസ്ത ശാസ്ത്രജ്ഞയായ ഇവരാണ് വാക്സിൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ടീമിനെ നയിക്കുന്നത്. ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത മറ്റ് ചില വാക്സിനുകളെ കുറിച്ച്, അവ വളരെ കുറച്ച് കാലം മാത്രമേ വൈറസിനെ പ്രതിരോധിക്കുകയുള്ളു എന്ന ആശങ്കയുണ്ടായിരുന്നു.

എന്നാൽ, വൈറസ് ബാധയിൽ നിന്നും രക്ഷനേടുമ്പോൾ വ്യക്തികളിൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധ ശേഷിയേക്കാൾ വളരെ വലുതായിരിക്കുംഈ വാക്സിൻ ഉപയോഗിക്കുമ്പോൾ ലഭിക്കുക എന്ന് പ്രൊഫ. ഗിൽബർട്ട് പറഞ്ഞു. ഇനിയും കുറച്ചു നാൾകൂടി കഴിയും ഇതിന്റെ അന്തിമ ഫലം നിശ്ചയിക്കാൻ. കാരണം ഇനിയും വളരെയധികം പേരിൽ ഇത് പരീക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ആദ്യഫലങ്ങൾ പ്രത്യാശ നൽകുന്നതാണെന്ന് അവർ പറയുന്നു.

ആസ്ട്ര സെനെകാ എന്ന ഔഷധ നിർമ്മാണക്കമ്പനി നിർമ്മിക്കുന്ന ഈ വാക്സിന്റെ പരീക്ഷണത്തിൽ ഏകദേശം 8000 ബ്രിട്ടീഷുകാരാണ് പങ്കെടുക്കുന്നത്. എന്നാൽ, ബ്രിട്ടനിൽ രോഗവ്യാപനത്തിന്റെ തോത് കുറയുകയും തത്ഫലമായി രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്തതിനാൽ, ഇപ്പോൾ ബ്രസീലിൽ 4000 പേരിലും ദക്ഷിണാഫ്രിക്കയിൽ 2000 പേരിലും ഇത് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ.

ഇതിനിടയിൽ ഫൈസർ ഇൻക് അവരുടെ ജർമ്മൻ പങ്കാളിയായ ബയോ എൻ ടെക്കുമായി ചേർന്ന് വികസിപ്പിച്ച വാക്സിൻ സാധാരണ രോഗമുക്തി നേടിയവരിൽ കാണപ്പെടുന്ന ആന്റിബോഡികളുടെ1.8 മുതൽ 2,8 മടങ്ങ് വരെ ആന്റിബോഡികളെ ഉദ്പ്പാദിപ്പിക്കാൻ കെൽപ്പുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗകാരിയായ വൈറസിന്റെ ജെനെറ്റിക് കോഡിന്റെ ഒരു ഭാഗം ഉപയോഗിച്ചാൺ' വാക്സിൻ എടുത്തയാളിന്റെ ശരീരം അതിനെ തിരിച്ചറിയുന്നതും പ്രതിരോധിക്കാൻ ആരംഭിക്കുന്നതും. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് 45 പേരിൽ നടത്തിയ പരീക്ഷണം തീർത്തും വിജയകരമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ വാക്സിനുകൾ രോഗത്തെ പൂർണ്ണമായും പ്രതിരോധിക്കുമോ അതോ അതിന്റെ കാഠിന്യം കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളോ, പ്രായമായവരിൽ പൊതുവേ പ്രതിരോധ സംവിധാനം ദുർബലമായതിനാൽ അവരിൽ ഈ വാക്സിൻ ഫലവത്താകുമോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന് ഇനിയും പരീക്ഷണങ്ങൾ ഒരുപാട് നടത്താനുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP