Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

78 പ്രതിമകളുടെ ലിസ്റ്റുമായി പ്രക്ഷോഭകാരികൾ ഇറങ്ങിയപ്പോൾ അടിമ വ്യാപാരവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളവരുടെ മുഴുവൻ പ്രതിമകളും സർക്കാർ തന്നെ നീക്കുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള അനേകം സ്മാരകങ്ങൾ തകർന്നു വീണു; വെങ്കല പ്രതിമകൾ തകർക്കാൻ രാസലായനി നിർദ്ദേശിച്ച യുവതിയെ തേടി പൊലീസ്

78 പ്രതിമകളുടെ ലിസ്റ്റുമായി പ്രക്ഷോഭകാരികൾ ഇറങ്ങിയപ്പോൾ അടിമ വ്യാപാരവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ളവരുടെ മുഴുവൻ പ്രതിമകളും സർക്കാർ തന്നെ നീക്കുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള അനേകം സ്മാരകങ്ങൾ തകർന്നു വീണു; വെങ്കല പ്രതിമകൾ തകർക്കാൻ രാസലായനി നിർദ്ദേശിച്ച യുവതിയെ തേടി പൊലീസ്

സ്വന്തം ലേഖകൻ

ലോകം അടക്കിവാഴാൻ സൃഷ്ടിക്കപ്പെട്ടവരെന്ന വെള്ളക്കാരന്റെ മിഥ്യാബോധത്തിന്റെ പ്രതീകങ്ങളായ 78 പ്രതിമകൾ ഇനി ഓർമ്മ മാത്രമാകുന്നു. അടിമത്തവും വംശ വിവേചനവുമായി ബന്ധപ്പെട്ട 78 ഓളം ആളുകളുടെ പ്രതിമകൾ തകർക്കാൻ പ്രക്ഷോഭകാരികൾ പട്ടിക തയ്യാറാക്കിയപ്പോൾ അവയെല്ലാം നീക്കം ചെയ്യാൻ സർക്കാർ ഒരുങ്ങുകയാണ്. ടോപ്പിൾ ദ റേസിസ്റ്റ്സ് എന്ന വെബ് സൈറ്റിലാണ് നീക്കം ചെയ്യേണ്ട സ്മാരകങ്ങളുടെയും പ്രതിമകളുടെയും ലിസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സർ വാൾട്ടർ റേലിന്റെ പ്രതിമ മുതൽ ഓർക്ക്നി ദ്വീപിലെ കിച്ച്നെർ പ്രഭുവിന്റെ പ്രതിമവരെ ഈ ലിസ്റ്റിലുണ്ട്.

ഏഡ്വേർഡ് കോൾസ്റ്റോണിന്റെ പ്രതിമ തകർത്ത ബ്രിസ്റ്റോൾകാരിൽ നിന്നാണ് തങ്ങൾക്ക് പ്രചോദനം ലഭിച്ചതെന്ന് അവകാശപ്പെടുന്നവർ, ഈ പ്രതിമകൾ തകർക്കുന്നതിലൂടെ മാത്രമേ കഴിഞ്ഞകാല തെറ്റുകൾക്ക് പരിഹാരം കാണുവാൻ ബ്രിട്ടനാകൂ എന്നും പറയുന്നു. ഈ ലിസ്റ്റിലേക്ക് പ്രതിമകൾ തെരഞ്ഞെടുക്കുന്ന മാനദണ്ഡവും വെബ്സൈറ്റിൽ വിവരിക്കുന്നുണ്ട്. കോളനിവത്ക്കരണവുമായി ബന്ധമുള്ള ആളാണോ എന്നായിരിക്കും പ്രധാനമായും പരിശോധിക്കുക. ചാൾസ് രണ്ടാമൻ, ജെയിംസ് രണ്ടാമൻ എന്നീ രാജാക്കന്മാരുടെ പ്രതിമകളും ഒളിവർ ക്രോംവെൽ പ്രഭുവിന്റെ പ്രതിമയും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതിനിടയിൽ, അന്താരാഷ്ട്ര തലത്തിൽ തന്നെ പേരും പെരുമയുമുള്ള, ലണ്ടനിലെ ഗൈസ് ആന്ദ് സെയിന്റ് തോമസ്‌ഹോസ്പിറ്റലിന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള സർ തോമസ് ഗൈയുടെ പ്രതിമ നീക്കം ചെയ്യുന്നകാര്യം ആലോചിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഈ ആശുപത്രിയുടെ സ്ഥാപകനാണ് തോമസ് ഗൈ. എന്നാൽ അടിമവ്യാപാരവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധമാണ് ഈ പ്രതിമയും പ്രക്ഷോഭകാരികളുടെ ലിസ്റ്റിൽ ഉൾപ്പെടാൻ കാരണമായത്. എന്നാൽ, ആശുപത്രിയുടെ പേര് മാറ്റില്ല എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്പാനിഷ് കോളനികൾക്ക് അടിമകളെ വിൽക്കുന്ന ഒരു കമ്പനിയിൽ പങ്കാളിയായിരുന്ന തോമസ് ഗൈ, അതിൽ നിന്നും ലഭിച്ച ലാഭം കൊണ്ട് 1721-ൽ സ്ഥാപിച്ചതാണ് ഇന്ന് അന്താരാഷ്ട്ര പ്രശസ്തമായ ഈ ആശുപത്രി.

ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള 130 തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇത്തരത്തിൽ വിവാദമായ പ്രതിമകൾ നീക്കം ചെയ്യുവാൻ സമ്മതിച്ചിട്ടുണ്ട്. ഒരു അടിമക്കച്ചവടക്കാരന്റേയും പ്രതിമ ഇനി ബ്രിട്ടനിൽ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞതിനെ തുടർന്നാണ് ഈ തദ്ദേശ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. ഇതിൻ പ്രകാരം നീക്കം ചെയ്യുവാനായി 72 ഓളം പ്രതിമകളുടെ പട്ടികയും തയ്യാറാക്കികഴിഞ്ഞു എന്നാണ് അറിയുന്നത്.

അതിനിടയിൽ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രാസലായനി ഉപയോഗിച്ച് വെങ്കല പ്രതിമകൾ എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്ത ഒരു യുവതിയുടെ വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ഈ യുവതി മ്യുസിയം ക്യൂറേറ്റർ കൂടിയാണ്. ഈ ലായനി ഉപയോഗിച്ച് നാശം വരുത്തിയാൽ അത് പുനർനിർമ്മിക്കാനാവില്ലെന്ന് പറഞ്ഞ മാഡെലിൻ ഓഡന്റ് എന്ന യുവതി തന്റെ ലക്ഷ്യം വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയാണ് എന്നും പറഞ്ഞു. വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആരുമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.

ഈ യുവതിയുടെ ട്വീറ്റിനെതിരെ നിരവധി പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. അതിൽ ചിലരാണ് ഈ ട്വീറ്റ് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. എന്നാൽ, തന്റെ നട്ടെല്ലിന് നല്ല ബലമുണ്ടെന്നും തന്റെ ട്വീറ്റർ അക്കൗണ്ട്, ചില വംശീയവെറിയന്മാർക്കെതിരെ ഉപയോഗിക്കുമെന്നും അവർ മറുപടി പറഞ്ഞു. അമേരിക്കൻ വംശജയായ ഇവർ 2015 ലാണ് ബ്രിട്ടനിൽ താമസമാരംഭിക്കുന്നത്.

അതേ സമയം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്റെ ഭാഗമായി എഡ്വേർഡ് കോൾസ്റ്റോണിന്റെ പ്രതിമ നശിപ്പിച്ചവർക്കെതിരെ നിയമനടപടികൾക്ക് സാദ്ധ്യതയില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. ഞായറാഴ്‌ച്ച ഈ പ്രതിമ തകർക്കുന്ന ദൃശ്യം വീഡിയോയിൽ പകർത്തിയതല്ലാതെ, ഇതുമായി ബന്ധപ്പെട്ട് ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഈ പ്രതിമയുടെ ഉടമസ്ഥൻ ആരാണെന്ന് വ്യക്തമല്ല. മാത്രമല്ല, ഉടമസ്ഥൻ പരാതിപ്പെട്ടിട്ടുമില്ല. ആസ്ഥിതിക്ക് നിയമനടപടികൾ നിലനില്ക്കില്ലെന്നാണ് നിയമജ്ഞർ പറയുന്നത്. 1971 ലെ ക്രിമിനൽ ഡാമേജ് ആക്ട് പ്രകാരം ഈ പ്രതിമ മറ്റൊരാളുടേതാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യത പ്രോസിക്യുഷനുണ്ട്.

ബ്രിസ്റ്റോൾ നഗര സഭയാണോ ഇതിന്റെ ഉടമ എന്ന് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തന്നെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം പ്രോസിക്യുഷൻ നടപടികളുമായി മുന്നോട്ട് പോകുവാൻ സാദ്ധ്യതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP