Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണത്തിൽ ഇറ്റലിയെ മറി കടന്ന് അമേരിക്കയ്ക്ക് കീഴെ ഇന്ന് ബ്രിട്ടൻ രണ്ടാമതെത്തും; ഇന്നലെ 621 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ചവർ 28,000 കടന്നു; ബോറിസ് ജോൺസന്റെ മരണം പ്രഖ്യാപിക്കാൻ ബ്രിട്ടൻ തയ്യാറെടുത്തിരുന്നുവെന്നും റിപ്പോർട്ട്

മരണത്തിൽ ഇറ്റലിയെ മറി കടന്ന് അമേരിക്കയ്ക്ക് കീഴെ ഇന്ന് ബ്രിട്ടൻ രണ്ടാമതെത്തും; ഇന്നലെ 621 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ചവർ 28,000 കടന്നു; ബോറിസ് ജോൺസന്റെ മരണം പ്രഖ്യാപിക്കാൻ ബ്രിട്ടൻ തയ്യാറെടുത്തിരുന്നുവെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊറോണദുരന്തത്തിന്റെ കാര്യത്തിൽ ബ്രിട്ടൻ പരിതാപകരമായ അവസ്ഥയിലേക്ക് തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളും മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം മരണത്തിൽ ഇറ്റലിയെ മറി കടന്ന് 65,173 പേർ മരിച്ച അമേരിക്കയ്ക്ക് കീഴെ ഇന്ന് ബ്രിട്ടൻ രണ്ടാമതെത്തുമെന്നുറപ്പായി. ഇന്നലെ 621 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിച്ചവർ 28,131 ആയിരിക്കുകയാണ്. അതായത് ഇറ്റലിയിലെ മരണമായ 28,236 ഇന്ന് ബ്രിട്ടൻ മറികടക്കുമെന്നുറപ്പായിരിക്കുകയാണ്. അതിനിടെ കൊറോണ ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മരണം പ്രഖ്യാപിക്കാൻ ബ്രിട്ടൻ കഴിഞ്ഞ മാസം തയ്യാറെടുത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തലനാരിഴക്ക് മരണത്തിൽ നിന്നും രക്ഷപ്പെട്ട് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.

ഇന്നലെ ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 4806 ആണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം യുകെയിൽ 1,80,000 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. എന്നാൽ ടെസ്റ്റുകളുടെ അപര്യാപ്തത കാരണം നിരവധി പേരെ ടെസ്റ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ ഇതിലുമെത്രയോ അധികം പേർ രാജ്യത്ത് കോവിഡ്-19 ബാധിതരാണെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിൽ കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമായി യുകെ മാറിയിരിക്കുകയാണ്. ഏറ്റവും പുതിയ കൊറോണ മരണങ്ങളിൽ ഹോസ്പിറ്റലുകൾക്ക് പുറത്തുള്ള കെയർഹോം പോലുള്ള സെറ്റിംഗുകളിലെ മരങ്ങളും ഉൾപ്പെടുന്നുവെന്നാണ് ഇന്നലെ ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ് ബ്രീഫിംഗിനിടെ കമ്മ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട് ജെന്റിക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ കെയർഹോമുകൾ, ഹോസ്പിറ്റലുകൾ എന്നിവയെ പോലുള്ള വ്യത്യസ്ത സെറ്റിങ്സുകളിലെ കൊറോണ മരണങ്ങളുടെ വെവ്വേറെ കണക്കുകൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഹോസ്പിറ്റലുകളിൽ ഇന്നലെ 370 കൊറോണ മരണങ്ങളുണ്ടായെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിച്ചാണ് മരിച്ചിരിക്കുന്നതെന്ന സംശയമുണ്ടെങ്കിലും കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കാത്തവരെ പുതിയ മരണപ്പട്ടികയിൽ പെടുത്തിയിട്ടില്ല. അതിനാൽ രാജ്യത്തെ യഥാർത്ഥ കൊറോണ മരണം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന കണക്കിലേക്കാൾ എത്രയോ അധികമാണെന്നുറപ്പാണെന്നാണ് എക്സ്പർട്ടുകൾ ആവർത്തിച്ച് വാദിക്കുന്നത്.

ഇന്നലെ സ്‌കോട്ട്ലൻഡിൽ 44ഉം വെയിൽസിൽ 44ഉം നോർത്തേൺ അയർലണ്ടിൽ 11ഉം പുതിയ കൊറോണ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലെ കെയർഹോമുകളിലെ മരണങ്ങളും കൂടി ഉൾപ്പെടുത്തിയാണീ കണക്കുകൾ പുറത്ത് വിടാറുള്ളത്.ഇന്നലെ രാജ്യത്ത് 105,937 കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തിയെന്നാണ് ജെൻ റിക്ക് വെളിപ്പെടുത്തുന്നത്. എന്നാൽ വെള്ളിയാഴ്ച 122,000 ടെസ്റ്റുകൾ നടത്തിയതിൽ നിന്നുള്ള ഇടിച്ചിലാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ദിവസവും ഒരു ലക്ഷം കൊറോണ ടെസ്റ്റുകൾ നടത്തുകയെന്നത് ഏറെക്കാലമായി സർക്കാർ ലക്ഷ്യമിട്ട സംഗതിയായിരുന്നു.അതിലെത്തിച്ചേർന്നുവെന്ന വ്യക്തമായ സൂചനയാണ് പുതിയ ബ്രീഫിംഗിലൂടെ കമ്യൂണിറ്റീസ് സെക്രട്ടറി നൽകിയിരിക്കുന്നത്.

കൊറോണ ബാധിച്ച് അത്യാസന്ന നിലയിൽ കഴിഞ്ഞ മാസം ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട ബോറിസ് ജോൺസൻ അത്യധികമായ ഭാഗ്യം കൊണ്ടും ഡോക്ടർമാരുടെ അങ്ങേയറ്റത്തെ ശ്രമം കൊണ്ടും മാത്രമായിരുന്നു രക്ഷപ്പെട്ടതെന്ന റിപ്പോർട്ടും അതിനിടെ പുറത്ത് വന്നിരിക്കുന്നു. ബോറിസ് രക്ഷപ്പെടാൻ വെറും 50 ശതമാനം സാധ്യത മാത്രമേയുള്ളുവെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിക്കാൻ ഡോക്ടർമാർ തയ്യാറെടുത്തിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

രോഗം ബാധിച്ച് ഇന്റൻസീവ് കെയറിലായ താൻ മരണത്തെ മുഖാമുഖം കണ്ടിരുന്നുവെന്ന കാര്യം ബോറിസ് തന്നെ സമ്മതിച്ചിട്ടുണ്ട്. തന്റെ ജീവൻ പിടിച്ച് നിർത്താനായി ഡോക്ടർമാർ തുടർച്ചയായി ഓക്സിജൻ പ്രദാനം ചെയ്ത കാര്യവും അദ്ദേഹം വെളിപ്പെടുത്തുന്നു.മരണത്തിനും ജീവിത്തിനും ഇടയിലൂടെയാണ് താൻ കടന്ന് പോയതെന്നും ഡോക്ടർമാരുടെ അങ്ങേയറ്റത്തെ ശ്രമമാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നതെന്നും ബോറിസ് പറയുന്നു.

തന്റെ കാമുകി കാരി സൈമണ്ട്സിൽ തനിക്ക് പുതിയ കുഞ്ഞ് ജനിച്ചതിന്റെ ഇപ്പോഴത്തെ ആഘോഷത്തിമർപ്പിനിടയിലും ബോറിസ് തന്റെ ജീവിതത്തിലെ വഴിത്തിരിവായ നിമിഷത്തെ ഓർക്കാൻ സമയം കണ്ടെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP