Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

കാനഡയിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് പറന്നെത്തിയ ഹാരിക്കും മേഗനും തിരിച്ചടി നൽകി ട്രംപ്; സുരക്ഷാ ചെലവ് പോക്കറ്റിൽ നിന്നെടുത്തോളാൻ പ്രസിഡന്റ് പറഞ്ഞതോടെ ധർമസങ്കടത്തിലായി രാജദമ്പതികൾ

കാനഡയിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് പറന്നെത്തിയ ഹാരിക്കും മേഗനും തിരിച്ചടി നൽകി ട്രംപ്; സുരക്ഷാ ചെലവ് പോക്കറ്റിൽ നിന്നെടുത്തോളാൻ പ്രസിഡന്റ് പറഞ്ഞതോടെ ധർമസങ്കടത്തിലായി രാജദമ്പതികൾ

സ്വന്തം ലേഖകൻ

ഹോളിവുഡിൽ അവസരം നേടിയെടുക്കാൻ ഭർത്താവായ ഹാരി രാജകുമാരനെ ചൊൽപ്പടിയിലാക്കി ലോസ് ഏയ്ജൽസിലേക്ക് പറന്ന മേഗനെതിരെ വിമർശനം ശക്തമാകുന്ന ഈ കൊറോണക്കാലത്ത് ദമ്പതികളെ ഞെട്ടിപ്പിക്കുന്ന ഒരു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അതായത് യുഎസിലെ തങ്ങളുടെ സുരക്ഷാ ചെലവ് സ്വന്തം പോക്കറ്റിൽ നിന്നെടുത്തോളാനും അതിനായി അമേരിക്ക ചില്ലിക്കാശ് മുടക്കില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതോടെ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി യുഎസിലേക്ക് പറന്ന രാജകീയ ദമ്പതികൾ ധർമ്മസങ്കടത്തിലായിരിക്കുകയാണ്.

കോവിഡ്-19 ബാധിച്ച് സ്‌കോട്ട്ലൻഡിൽ ചികിത്സയിൽ കഴിയുന്ന സ്വന്തം പിതാവായ ചാൾസ് രാജകുമാരനെ ഒന്ന് കാണുക പോലും ചെയ്യാതെ ഹാരി മേഗനൊപ്പം കഴിഞ്ഞ ദിവസം കാനഡയിൽ നിന്നും യുഎസിലേക്ക് പറന്ന നടപടി കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരുന്നു.എന്നാൽ തങ്ങളുടെ സുരക്ഷാ ചെലവിന് ഒരിക്കലും ട്രംപിന്റെ സഹായം തേടിയില്ലെന്നും അതിനാൽ അദ്ദേഹം പണം അനുവദിക്കേണ്ടതില്ലെന്നും സുരക്ഷാ ചെലവിനുള്ള പണം തങ്ങൾ സ്വയം കണ്ടെത്തിക്കൊള്ളുമെന്നുമാണ് ഹാരിയും മേഗനും പ്രതികരിച്ചിരിക്കുന്നത്.

ഹാരിക്കും മേഗനും സുരക്ഷക്കുള്ള ഫണ്ട് അനുവദിക്കില്ലെന്ന് ഞായറാഴ്ച നടത്തിയ ഒരു ട്വീറ്റിലൂടെയാണ് ട്രംപ് തറപ്പിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തങ്ങൾ ഇതിനായി ട്രംപിനോട് പണം ചോദിക്കാൻ ഉദ്ദേശിച്ചില്ലെന്നാണ് ഒരു വക്താവിലൂടെ ഹാരിയും മേഗനും ട്രംപിന് ചുട്ട മറുപടിയേകിയിരിക്കുന്നത്.കൊറോണ രൂക്ഷമായതിനെ തുടർന്ന് യുഎസിലേക്കുള്ള വിമാനസർവീസുകൾ നിർത്തി വയ്ക്കാൻ ട്രംപ് ഉത്തരവിടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് പത്ത് മാസം പ്രായമുള്ള തങ്ങളുടെ മകൻ ആർച്ചിയെയും കൊണ്ട് ഹാരിയും മേഗനും യുഎസിലേക്ക് പറന്നെത്തിയിരുന്നത്.

രാജകുടുംബാംഗമെന്ന നിലയിൽ വിട്ട് പോരുന്നതിനുള്ള നടപടികൾ കഴിഞ്ഞ ആഴ്ച ഹാരി പൂർത്തിയാക്കിയതിനാൽ ഇന്റർനാഷണൽ പ്രൊട്ടക്ടഡ് പഴ്സൻ എന്ന സ്റ്റാറ്റസ് ഹാരിക്ക് നഷ്ടമായതിനെ തുടർന്നാണ് ഇവരുടെ സുരക്ഷക്കുള്ള പണം നൽകാൻ സാധിക്കില്ലെന്ന് ട്രംപ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. സ്വന്തം കാലിൽ ജീവിക്കുന്നതിന് വേണ്ടിയാണ് ഹാരിയും മേഗനും രാജകീയ പദവികൾ വലിച്ചെറിഞ്ഞ് കൊട്ടാരത്തിന് പുറത്തിറങ്ങിയത്. ഈ നീക്കത്തിന്റെ പേരിൽ ഇരുവരും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തിരുന്നു.

താൻ യുകെയിലെ എലിസബത്ത് രാജ്ഞിയുടെ ആരാധകനും സുഹൃത്തുമാണെന്നും എന്നാൽ ഇപ്പോൾ കാനഡയിൽ നിന്നും യുഎസിൽ താമസിക്കാനെത്തിയ രാജ്ഞിയുടെ കൊച്ചുമകൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷക്കു വേണ്ടി വരുന്ന ചെലവ് വഹിക്കാൻ യുഎസിന് സാധിക്കില്ലെന്നുമാണ് ട്രംപ് ഇന്നലത്തെ ട്വീറ്റിലൂടെ തുറന്നടിച്ചിരിക്കുന്നത്.അവർക്കുള്ള സുരക്ഷാ ചെലവ് അവർ തന്നെ വഹിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഹാരിക്കും മേഗനും സുരക്ഷയേകുന്ന കഴിവുറ്റ ഒമ്പത് ബ്രിട്ടീഷ് ഓഫീസർമാർക്ക് പ്രതിവർഷം വേണ്ടി വരുന്ന ചെലവ് എട്ട് മില്യൺ പൗണ്ടാണ്.

മെട്രൊപോളിറ്റൻ പൊലീസ് ബജറ്റിലൂടെ ബ്രിട്ടീഷ് നികുതിദായകരായിരുന്നു ഇതിനുള്ള ചെലവ് വഹിച്ചിരുന്നത്. കാനഡയിൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ സുരക്ഷയും ദമ്പതികൾക്ക് ലഭിച്ചിരുന്നു. യുഎസിൽ ഹാരിക്കും മേഗനും സുരക്ഷ ലഭിക്കണമെങ്കിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് മുമ്പിൽ ഇതിനായി ശുപാർശ ചെയ്യാമെന്നാണ് രാജകീയ ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നും സ്വന്തം സുരക്ഷക്കുള്ള ചെലവിനുള്ള തുക സ്വയം കണ്ടെത്തിക്കൊള്ളാമെന്ന ശക്തമായ നിലപാടാണ് ഹാരിയും മേഗനുമെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP