Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളുടെ എണ്ണത്തിൽ ഇറ്റലി ഇന്ന് ചൈനയെ കടത്തിവെട്ടും; 712 പേർ കൂടി മരിച്ചതോടെ മൊത്തം മരിച്ചവരുടെ എണ്ണം 8215 ആയി; രണ്ടാമതുള്ള സ്‌പെയിനിന്റെ ഇരട്ടിയും മൂന്നാമതുള്ള ചൈനയുടെ മൂന്നിരട്ടിയുമായി മരണം പെരുകുമ്പോൾ മരണസംഖ്യയിൽ അമേരിക്കയ്ക്ക് ബഹുദൂരം മുൻപിലേക്ക്; വത്തിക്കാനും കടുത്ത കൊറോണാ ഭീഷണിയിൽ; പോപ്പിന്റെ വസതിയിൽ താമസിച്ചിരുന്ന ഒരു ഡസൻ പുരോഹിതരെ പരിശോധനക്ക് വിധേയരാക്കി; ഇറ്റലി കടുത്ത പ്രതിസന്ധിയിൽ

രോഗികളുടെ എണ്ണത്തിൽ ഇറ്റലി ഇന്ന് ചൈനയെ കടത്തിവെട്ടും; 712 പേർ കൂടി മരിച്ചതോടെ മൊത്തം മരിച്ചവരുടെ എണ്ണം 8215 ആയി; രണ്ടാമതുള്ള സ്‌പെയിനിന്റെ ഇരട്ടിയും മൂന്നാമതുള്ള ചൈനയുടെ മൂന്നിരട്ടിയുമായി മരണം പെരുകുമ്പോൾ മരണസംഖ്യയിൽ അമേരിക്കയ്ക്ക് ബഹുദൂരം മുൻപിലേക്ക്; വത്തിക്കാനും കടുത്ത കൊറോണാ ഭീഷണിയിൽ; പോപ്പിന്റെ വസതിയിൽ താമസിച്ചിരുന്ന ഒരു ഡസൻ പുരോഹിതരെ പരിശോധനക്ക് വിധേയരാക്കി; ഇറ്റലി കടുത്ത പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പുരാതന റോമാസാമ്രാജ്യത്തിന്റെ കാലം മുതൽക്കേ എല്ലാ നിലയിലും മികച്ചതായിരുന്നു ഇറ്റലി. കല, സാഹിത്യ, വ്യജ്ഞാനിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തിയിരുന്ന ഇറ്റലിയിൽ നിന്നായിരുന്നു യൂറോപ്പിന്റെ നവോഥാന പ്രസ്ഥാനം ആരംഭിച്ചതും. ആധുനിക യുഗത്തിൽ, ലോകമഹായുദ്ധങ്ങൾ ഉൾപ്പടെ തിരിച്ചടികൾ ഒരുപാട് നേരിടേണ്ടി വന്നെങ്കിലും ഇറ്റലി അവയോടെല്ലാം പോരാടി ഉയരങ്ങളിലെത്തിയിരുന്നു. മൊത്തം അഭ്യന്തര ഉദ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ എട്ടാമത്തെ സാമ്പത്തിക ശക്തിയാണ് ഇറ്റലി. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്പിന്റെ കണക്ക് പ്രകാരം ഇറ്റലിയിലെ ജീവിതനിലവാരം ശരാശരിക്ക് മുകളിലാണ് മനുഷ്യ വികസന സൂചികയിലെ സ്ഥാനം 29 ഉം. അതായത്, ഏത്വിധത്തിലും ഒരു വികസിത രാജ്യം.

ഇതൊക്കെ കൊറോണയ്ക്ക് മുൻപിലത്തെ ചരിത്രം. കൊറോണയ്ക്ക് ശേഷം ഇറ്റലിയുടെ ഗതി എന്താകുമെന്ന് ഊഹിക്കാൻ പോലുമാകാത്ത നിലയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോവുകയാണ്. ഇന്നലെ 725 മരണങ്ങൾ കൂടി രേഖപ്പെടുത്തിയപ്പോൾ ഇതുവരെ കൊറോണാ ബാധയിൽ ഇറ്റലിയിൽ മരണമടഞ്ഞവരുടെ എണ്ണം 8215 ആയി. 80, 589 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതോടെ, 81,340 രോഗ ബാധിതർ എന്ന ചൈനയുടെ റെക്കോർഡ് ഭേദിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം മതി എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് വർത്തമാനകാല ഇറ്റലി. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 10, 361 പേർ ഇന്നലെ സുഖം പ്രാപിച്ചു എന്നത് മാത്രമാണ് ആശ്വസിക്കാൻ വഴിയുള്ള ഒരു കാര്യം. ഇന്നലെ ഇത് 9,362 പേർ ആയിരുന്നു.

ഇതിനിടയിൽ പോപ്പ് ഫ്രാൻസിസ് താമസിക്കുന്ന അതേ സ്ഥലത്ത് താമസിക്കുന്ന ഒരു ഡസനിലധികം പുരോഹിതരെ ഇന്ന് കൊറോണ പരിശോധനക്ക് വിധേയരാക്കുമെന്ന് വത്തിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആർക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാൽ സഭയുടെ കീഴിലുള്ള റോമിലെ ആശുപത്രിയിലേക്ക് മാറ്റുവാനുള്ള ഏർപ്പാടുകളും സ്വീകരിച്ചിട്ടുണ്ട്. സാന്റാ മാർട്ടയിലെ താമസക്കാരനും വത്തിക്കാൻ സെക്രട്ടേറിയറ്റിലെ ജീവനക്കാരനുമായ ഒരു പുരോഹിതനെ കഴിഞ്ഞ ദിവസം കൊറോണാ ബാധിതനെന്ന് സ്ഥിരീകരിക്കുകയും റോമിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്.

130 ഓളം മുറികളും സ്യൂട്ടുകളുമുള്ള മാർപ്പാപ്പയുടെ വസതിയിൽ ഏകദേശം 30 ജീവനക്കാരുമുണ്ട്. പോപ്പിനു പുറമേ വത്തിക്കാനിലെ സുപ്രധാന സ്ഥനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഡസനോളം പുരോഹിതരും താമസിക്കുന്നുണ്ട്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാണ് ഇന്ന് സാന്റാ മാർട്ട എന്നാണ് ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ പറഞ്ഞത്. വത്തിക്കാനിലെത്തുന്ന സന്ദർശകർക്ക് താമസിക്കാനുള്ള ഹോട്ടലായും ഉപയോഗിക്കുന്ന ഇവിടെ പക്ഷെ താത്ക്കാലിക താമസക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോപ്പിനെ കഴിഞ്ഞ ആഴ്‌ച്ചകളിൽ രണ്ടു തവണ കൊറോണ ബാധ തെളിയിക്കുവാനുള്ള പരിശോധനക്ക് വിധേയനാക്കിയിരുന്നു എന്നും അദ്ദേഹത്തിന് ബാധയില്ലെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു. വത്തിക്കാനിലെ പകുതിയോളം താമസക്കാരെ ചൊവ്വാഴ്‌ച്ച പരിശോധനക്ക് വിധേയരാക്കിയിരുന്നു. ബാക്കിയുള്ളവരെ ബുധനാഴ്‌ച്ചയും. പരിശോധനാഫലം വരുന്ന മുറക്ക്, ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവരെ സഭയുടെ കീഴിലുള്ള റോമിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വൃത്തങ്ങൾ അറിയിച്ചു.

83 കാരനായ പോപ്പിന്റെ സുരക്ഷക്കായി കടുത്ത നടപടികളാണ് എടുത്തിട്ടുള്ളത്. ഏതാനും നാൾ വരെ പൊതുവായ ഊൺമുറിയിൽ ഭക്ഷണത്തിനെത്തിയിരുന്ന പോപ്പ് ആ പതിവ് നിർത്തി ഭക്ഷണം തന്റെ സ്യൂട്ടിനകത്താക്കി. മാർച്ച് 6 മുതൽ തന്നെ സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ വത്തിക്കാനിൽ നടപ്പാക്കിയിരുന്നു. ഒരേ ഓഫീസിലുള്ളവർ തന്നെ ആശയവിനിമയം നടത്തുന്നത് ഫോണിലൂടെ മാത്രം ആക്കിയിരുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ടതു മുതൽ തന്നെ പോപ്പ് പൊതുപരിപാടികളൊക്കെ റദ്ദാക്കിയിരുന്നു. അന്നുമുതൽ ടെലിവിഷനിലൂടെയും ഇന്റർനെറ്റിലൂടെയുമാണ് സഭാവിശ്വാസികളുമായി ആശയവിനിമയം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP