Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

വിസ പുതുക്കാൻ സഹായിച്ചില്ല; ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ബംഗ്ലാദേശ് സ്വദേശി കുടിയേറ്റക്കാരന് 40 വർഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി

വിസ പുതുക്കാൻ സഹായിച്ചില്ല; ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ബംഗ്ലാദേശ് സ്വദേശി കുടിയേറ്റക്കാരന് 40 വർഷം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി

സ്വന്തം ലേഖകൻ

വിസ പുതുക്കാൻ സഹായിക്കാത്തതിന് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊന്ന ബംഗ്ലാദേശ് സ്വദേശിക്ക് ബ്രിട്ടീഷ് കോടതി 40 വർഷം തടവുശിക്ഷ വിധിച്ചു. 47-കാരനായ മുഹമ്മദ് അബ്ദുൾ ഷാക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. 2007 ജനുവരി ഒന്നിനാണ് ഇയാൾ ഭാര്യ ജൂലി ബീഗം (27) മക്കളായ അനിക (5), തൻഹ (6) എന്നിവരെ കൊന്നശേഷം പിറ്റേന്നത്തെ വിമാനത്തിന് ബംഗ്ലാദേശിലേക്ക് കടന്നത്. ഭാര്യയെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്നശേഷം അനികയെ കഴുത്തിൽ സോക്‌സ് മുറുക്കി കൊലപ്പെടുത്തുകയും തൻഹയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഷാക്കൂറിന്റെ വിസയെക്കുറിച്ചുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലെത്തിയ ഷാക്കൂർ, താൻ ചെയ്തതെല്ലാം സഹോദരന്റെ ഭാര്യയോട് പറയുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഷാക്കൂർ വർഷങ്ങളോളം ഒളിച്ചുതാമസിക്കുകയും ചെയ്തു. പിന്നീട് ഇന്റർപോൾ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയതും ബ്രിട്ടനിൽ കോടതിക്കുമുന്നിലെത്തിച്ചതും.

അതിക്രൂരമായ കൊലപാതങ്ങളാണ് ഷാക്കൂർ നടത്തിയതെന്ന് ഓൾഡ് ബെയ്‌ലി ജഡ്ജി റിച്ചാർഡ് മാർക്‌സ് പറഞ്ഞു. ബലിഷ്ഠ ശരീരമുള്ള ഷാക്കൂർ, ദുർബലയായ ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്നത് ക്രൂരമായി പീഡിപ്പിച്ചശേഷമാണെന്നും കോടതി കണ്ടെത്തി. 40 വർഷത്തെ തടവുശിക്ഷയ്ക്കാണ് കോടതി വിധിച്ചതെങ്കിലും ഇന്ത്യയിലും യുകെയിലുമായി കസ്റ്റഡിയിൽ കഴിഞ്ഞ ആറുവർഷവും ആറുമാസവും ആറുദിവസം ശിക്ഷയിൽനിന്ന് കുറയ്ക്കും. കോടതി വിധി പ്രസ്താവിച്ചപ്പോൾ നിർവികാരനായി അത് കേട്ടുനിൽക്കുകയാണ് ഷാക്കൂർ ചെയ്തത്.

ജൂലി ബീഗത്തിന്റെ ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് 2007 ജനുവരി പത്തിനാണ് പൊലീസ് ഇവർ താമസിച്ചിരുന്ന ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള വീട്ടിലെത്തുന്നത്. അവിടെയെത്തുമ്പോൾ മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. ഇതിനകം തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്ന കാരണം പറഞ്ഞ് ഷാക്കൂർ ബംഗ്ലാദേശിലേക്ക് കടന്നിരുന്നു. ഇന്ത്യയിൽ ഒളിവിൽക്കഴിയവെ 2013 മെയ് മാസത്തിൽ ഷാക്കൂർ അറസ്റ്റിലായി. 2019 ഏപ്രിലിൽ ഇയാളെ ബ്രിട്ടനിലേക്ക് നാടുകടത്തുകയും ചെയ്തു.

ബംഗ്ലാദേശിൽവച്ചാണ് ഷാക്കൂറും ജൂലിയും വിവാഹിതരായത്. അന്ന് 19 വയസ്സുമാത്രമായിരുന്നു ജൂലിക്ക് പ്രായം. ജനിച്ചത് പെൺകുട്ടികളായതിന്റെ പേരിൽ ഭാര്യയോട് ഷാക്കൂർ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. ചൈൽഡ് ബെനഫിറ്റായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ജൂലിയും മ്ക്കളും ജീവിച്ചിരുന്നത്. സറേയിലെ ഫ്രേംലിയിലുള്ള എൻഷ്യന്റ് രാജ് ഇന്ത്യൻ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന ഷാക്കൂർ, തനിക്ക് കിട്ടുന്ന പണമെല്ലാം ബംഗ്ലാദേശിലെ കുടുംബത്തിനാണ് അയച്ചുകൊടുത്തിരുന്നതെന്നും അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP