Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫേസ്‌ബുക്കിനും ഗൂഗിളിനും ടാക്സ് ഏർപ്പെടുത്താൻ യുകെ; വ്യാപാര ബന്ധം റദ്ദാക്കുമെന്ന് ട്രംപ്; മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനും; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്ത് പ്രതിസന്ധികൾ ഏറെ

ഫേസ്‌ബുക്കിനും ഗൂഗിളിനും ടാക്സ് ഏർപ്പെടുത്താൻ യുകെ; വ്യാപാര ബന്ധം റദ്ദാക്കുമെന്ന് ട്രംപ്; മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനും; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്ത് പ്രതിസന്ധികൾ ഏറെ

സ്വന്തം ലേഖകൻ

ബ്രെക്സിറ്റിന് ശേഷം യുഎസ് ടെക് ഭീമന്മാരായ ഫേസ്‌ബുക്കിനും ഗൂഗിളിൾ പോലുള്ള സ്ഥാപനങ്ങൾക്ക് മേൽ പ്രത്യേക ടാക്സ് ഏർപ്പെടുത്താൻ യുകെ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിവാദ നീക്കത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച പ്രതിസന്ധികളേറുകയാണ്. ബ്രെക്സിറ്റിന് ശേഷം ഇത്തരത്തിലാണ് യുകെ മുന്നോട്ട് പോകുന്നതെങ്കിൽ യുകെയുമായുള്ള വ്യാപാര ബന്ധം തന്നെ യുഎസ് റദ്ദാക്കുമെന്ന കടുത്ത ഭീഷണിയാണ് ട്രംപ് മുഴക്കിയിരിക്കുന്നത്. അതിനിടെ ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലണ്ടിനും ബ്രിട്ടനും ഇടയിൽ കസ്റ്റം പരിശോധനകൾ നടത്തില്ലെന്ന ബോറിസിന്റെ നിലപാടിനെതിരെ കടുത്ത മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയനും രംഗത്തെത്തിയതോടെ യുകെ സമ്മർദത്തിലായിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്ത് പ്രതിസന്ധികളേറെയുണ്ടാവുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

യുകെ ഇത്തരത്തിൽ യുഎസ് ടെക് ഭീമന്മാർക്ക് മേൽ കടുത്ത നികുതി ചുമത്തുകയാണെങ്കിൽ യുകെ കാർ നിർമ്മാതാക്കൾക്ക് മേൽ കടുത്ത താരിഫുകൾ ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്. ടെക് ഭീമന്മാർക്ക് മേൽ ബോറിസ് ചുമത്താനൊരുങ്ങുന്ന ലെവി ഇല്ലാതാക്കുന്നതിന് ട്രംപ് കടുത്ത സമ്മർദം യുകെയ്ക്ക് മേൽ ചുമത്തുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്നുചിൻ പറയുന്നത്. എന്നാൽ നിശ്ചയിച്ചത് പോലെ ടെക് ഭീമന്മാർക്ക് മേൽ യുകെ ഈ വരുന്ന ഏപ്രിൽ മുതൽ നികുതി ചുമത്തുമെന്ന് തന്നെയാണ് യുകെയിലെ ചാൻസലറായ സാജിദ് ജാവിദ് തറപ്പിച്ച് പറയുന്നത്.

ഇതേ പോലുള്ള ലെവി യുഎസ് ടെക് ഭീമന്മാർക്ക് മേൽ ചുമത്താനൊരുങ്ങിയിരുന്നുവെങ്കിലും യുഎസിൽ നിന്നുള്ള കടുത്ത ഭീഷണി മൂലം ഇത് വൈകിപ്പിക്കാൻ ഫ്രാൻസ് നിർബന്ധിതമായിട്ടുണ്ട്. ഇത്തരമൊരു ലെവി ഫ്രാൻസ് ചുമത്തിയാൽ ഫ്രാൻസിൽ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചീസ്, ഷാംപെയിൻ തുടങ്ങിയവക്ക് മേൽ കടുത്ത ലെവി ചുമത്തുമെന്നായിരുന്നു യുഎസ് ഭീഷണിപ്പെടുത്തിയിരുന്നത്. വലിയ ഓൺലൈൻ കമ്പനികളെ മാനേജ് ചെയ്യുന്നതിന് ഒരു ഇന്റർനാഷണൽ കരാർ നിലവിൽ വരുന്നത് വരെയുള്ള ഒരു താൽക്കാലിക സംവിധാനമെന്ന നിലയിലാണ് യുകെ ഡിജിറ്റൽ സർവീസ് ടാക്സ് ടെക് ഭീമന്മാർക്ക് മേൽ ചുമത്താൻ തീരുമാനിച്ചതെന്നാണ് ജാവിദ് വിശദീകരിക്കുന്നത്.

ഇത്തരം നികുതി ചുമത്തുന്നതിനോട് കഴിഞ്ഞ പത്ത് അല്ലെങ്കിൽ 20 വർഷങ്ങളായി ഏവരും യോജിക്കുന്നുണ്ടെന്നാണ് സ്വിറ്റ്സർലണ്ടിലെ ഡാവോസിൽ വച്ച് നടന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ സംസാരിക്കവെ ജാവിദ് വ്യക്തമാക്കിയിരിക്കുന്നത്. യുകെയുടെ പുതിയ നീക്കമനുസരിച്ച് ഗൂഗിൾ, ഫേസ്‌ബുക്ക് പോലുള്ള ടെക് ഭീമന്മാർ യുകെയിൽ നിന്നുമുണ്ടാക്കുന്ന വരുമാനത്തിന്റെ രണ്ട് ശതമാനം ലെവിയായി നൽകേണ്ടി വരും. എന്നാൽ ഈ തീരുമാനം വിവേചനപരമാണെന്നാണ് ഡാവോസിൽ ഇതേ ചടങ്ങിൽ സംസാരിക്കവെ യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് തിരിച്ചടിച്ചിരുന്നത്.

ബ്രെക്സിറ്റിന് ശേഷം കസ്റ്റം പരിശോധനകളില്ലെങ്കിൽ യുകെക്ക് മേൽ ഉപരോധമെന്ന് യൂറോപ്യൻ യൂണിയൻ

ബ്രെക്സിറ്റിന് ശേഷം യുകെക്കും നോർത്തേൺ അയർലണ്ടിനും ഇടയിൽ കടത്തുന്ന സാധനങ്ങൾക്ക് മേൽ കസ്റ്റം പരിശോധനകൾ നടത്താൻ ബോറിസ് ജോൺസൻ പരാജയപ്പെട്ടാൽ യുകെക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പേകി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. കഴിഞ്ഞ വർഷം തങ്ങളുമായി വിലപേശി ബോറിസ് സമ്മതിച്ച വിത്ത്ഡ്രാവൽ കരാർ പ്രകാരം ഇത്തരം പരിശോധനകൾ യുകെ നടത്തിയിരിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ യുകെക്ക് മേൽ സാമ്പത്തിക ഉപരോധമേർപ്പെടുത്തുമെന്നുമാണ് ബ്രസൽസ് ഭീഷണി മുഴക്കിയിരിക്കുന്നത് .

ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലണ്ട് യുകെയുടെ കസ്റ്റംസ് ടെറിട്ടെറിയുടെ ഭാഗമായി തുടരുമ്പോഴും യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് നിയമങ്ങൾ പാലിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ ചർച്ചകളിലൂടെ ധാരണയിലെത്തിയിരുന്നത്.തൽഫലമായി ഗ്രേറ്റ് ബ്രിട്ടനിൽ നിന്നും സാധനങ്ങൾ നോർത്തേൺ അയർലണ്ടിലേക്ക് കൊണ്ടു വരുമ്പോൾ കസ്റ്റം പരിശോധനകള് നടത്തണമെന്നായിരുന്നു ബോറിസും ബ്രസൽസും ധാരണയിലെത്തിയിരുന്നത്.

ഇതിൽ ബോറിസ് വീഴ്ച വരുത്തിയാൽ ബ്രെക്സിറ്റിന് ശേഷം പാഠം പഠിപ്പിക്കുമെന്നാണ് ബ്രസൽസ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച ബെൽഫാസ്റ്റിൽ സന്ദർശനം നടത്തവെ ബോറിസ് ഇക്കാര്യം നിഷേധിച്ചിരുന്നു. അതിനെ തുടർന്നാണ് കടുത്ത ഭീഷണിയുമായി യൂണിയൻ രംഗത്തെത്തിയിരിക്കുന്നത്. യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറുടെ സീനിയർ അഡൈ്വസറായ സ്റ്റെഫാൻ ഡി റൈൻക് കടുത്ത മുന്നറിയിപ്പ് യുകെക്ക് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP