Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

എലിസബത്ത് രാജ്ഞി മരിച്ചെന്ന വ്യാജ സന്ദേശം യുകെയിൽ പടർന്നത് കാട്ടുതീ പോലെ; വാർത്തയ്ക്ക് കാരണമായത് മരിക്കുമ്പോൾ നടത്തേണ്ട ഒരുക്കങ്ങളുടെ റിഹേഴ്‌സൽ; ജീവിച്ചിരിക്കുന്നുവെന്ന് പത്രക്കുറിപ്പിറക്കി ബക്കിങ്ങാം പാലാസ്

എലിസബത്ത് രാജ്ഞി മരിച്ചെന്ന വ്യാജ സന്ദേശം യുകെയിൽ പടർന്നത് കാട്ടുതീ പോലെ; വാർത്തയ്ക്ക് കാരണമായത് മരിക്കുമ്പോൾ നടത്തേണ്ട ഒരുക്കങ്ങളുടെ റിഹേഴ്‌സൽ; ജീവിച്ചിരിക്കുന്നുവെന്ന് പത്രക്കുറിപ്പിറക്കി ബക്കിങ്ങാം പാലാസ്

സ്വന്തം ലേഖകൻ

ജീവിച്ചിരിക്കുന്നവരെ കൊല്ലുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ കാലമാണിത്. പല സെലിബ്രിറ്റികൾക്കും ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് നേരിട്ടുവന്ന് പ്രഖ്യാപിക്കേണ്ടിവന്നിട്ടുമുണ്ട്. അത്തരമൊരു ഗതികേടിലാണ് ബ്രിട്ടീഷ് രാജ്ഞിയുമിപ്പോൾ. കഴിഞ്ഞദിവസം വാട്‌സാപ്പിലൂടെ പ്രചരിച്ച ഏതാനും ദൃശ്യങ്ങളാണ് എലിസബത്ത് രാജ്ഞി മരിച്ചുവെന്ന പ്രചാരണത്തിനിടയാക്കിയത്. സന്ദേശം കാട്ടുതീ പോലെ പടർന്നതോടെ, രാജ്ഞി ജീവനോടെയുണ്ടെന്ന് ബക്കിങ്ങാം കൊട്ടാരത്തിന് പത്രക്കുറിപ്പിറക്കേണ്ടിവന്നു.

രാജ്ഞി മരിച്ചാൽ ചെയ്യേണ്ട ഔദ്യോഗിക ചടങ്ങുകളുടെ റിഹേഴ്‌സലിന്റെ ദൃശ്യങ്ങളാണ് റോയൽ നേവിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് ചോർന്നതും പ്രചരിച്ചതും. വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് വൈറലായത്. സൈനികർക്ക് നൽകുന്ന നിർദേശത്തിന്റെ രൂപമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. രാജ്ഞി ഇന്നുരാവിലെ മരിച്ചുവെന്നും നാളെരാവിലെ ഒമ്പതരയ്ക്ക് മരണവിവരം പ്രഖ്യാപിക്കുമെന്നുമായിരുന്നു ഇതിലുണ്ടായിരുന്നത്. അടിയന്തര സാഹചര്യം നേരിടുന്നതിന് നാല് അടിവസ്ത്രങ്ങളും രണ്ടാഴ്ചത്തേക്കുള്ള സോക്‌സുകളും കരുതണമെന്നും സന്ദേശത്തിലുണ്ടായിരുന്നു.

Stories you may Like

സൈന്യത്തിലുള്ള ആളുകൾ ഉപയോഗിക്കുന്നതരം ചെറിയ പേരുകളുമായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടായിരുന്നവരുടേത്. ഗിബ്ബോ, ബേൺസി, ചീക്ക്‌സ്, റിസെ, ജോഷ്, മോർട്ടി തുടങ്ങിയ പേരുകൾ. ഇതും സന്ദേശത്തിന് വിശ്വാസ്യത കൂട്ടി. ഒരുദിവസംകൊണ്ട് ഈ വാട്‌സാപ്പ്ഇമേജ് ആയിരക്കണക്കിനാളുകളാണ് ഷെയർ ചെയ്തത്. ഗോഡ് സേവ് ദ ക്വീൻ, ക്വീൻ ഡെഡ്, ബക്കിങ്ങാംപാലാസ് തുടങ്ങിയ ഹാഷ്ടാഗുകളോടെ സന്ദേശം പടർന്നുപിടിച്ചു. രാജ്ഞി മരിച്ചുവെന്നുതന്നെ ജനങ്ങൾ കരുതുന്ന അവസ്ഥയായി.

അബദ്ധം മനസ്സിലാക്കിയ റോയൽ നേവി, സംഭവത്തിൽ മാപ്പുചോദിച്ചുകൊണ്ട് രംഗത്തെത്തി. ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായുള്ള സന്ദേശമാണിതെന്നും എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷിക്കുമെന്നും നേവി അധികൃതർ വ്യക്തമാക്കി. സന്ദേശം ലഭിച്ച സേനാംഗങ്ങളിലാരോ അത് യഥാർഥമാണെന്ന് വിചാരിച്ച് ഫോർവേഡ് ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. യിയോവിൽട്ടണിലുള്ള റോയൽ നേവി എയർ സ്‌റ്റേഷനാണ് നിലവിൽ ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ് പരിശീലനം നടത്തുന്നത്. രാജ്ഞി മരിച്ചുവെന്നതിന്റെ കോഡ് പേരാണിത്.
സന്ദേശം പെട്ടെന്നുതന്നെ പടർന്നതടെ ബക്കിങ്ങാം കൊട്ടാരവും രംഗത്തെത്തി. രാജ്ഞി പൂർണാരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും കൊട്ടാരം വക്താവ് പറഞ്ഞു. രാജ്ഞി ഔദ്യോഗിക ചടങ്ങുകളിൽ മുടക്കംകൂടാതെ പങ്കെടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

യുകെയിലെ ഏറ്റവും തിരക്കേറിയ എയർഫീൽഡുകളിലൊന്നാണ് യിയോവിൽട്ടണിലുള്ള റോയൽ നേവി എയർസ്‌റ്റേഷൻ. പരിശീലനത്തിനും സൈന്യത്തിനുമുള്ള നൂറിലേറെ യുദ്ധവിമാനങ്ങളുടെ ആസ്ഥാനം ഇവിടെയാണ്. ഫ്‌ളീറ്റ് എയർ ആം വൈൽഡ്ക്യാറ്റ് ഫോഴ്‌സിന്റയും കമാൻഡോ ഹെലിക്കോപ്ടർ ഫോഴ്‌സിന്റെയും ആസ്ഥാനവും ഇവിടെയാണ്. സൈന്യത്തിലും സിവിലിനിലുമുള്ള 4300-ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സന്ദേശം എവിടെനിന്ന് ചോർന്നുവെന്ന് കണ്ടെത്തുക അത്ര എളുപ്പമാകില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP