Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐറിഷ് പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഡൻഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലിലെ മേരി ഫ്രം ഡൻഗ്ലൂവാകാൻ രണ്ട് വർഷം മുമ്പ് അയർലണ്ടിൽ എത്തിയ ഒരു മലയാളി നഴ്സിനാകുമോ....? രോഗികളുടെ നിർബന്ധത്തിന് വഴങ്ങി മത്സരിക്കാൻ ഇറങ്ങിയ അനില ദേവസ്യയുടെ കഥ

ഐറിഷ് പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഡൻഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലിലെ മേരി ഫ്രം ഡൻഗ്ലൂവാകാൻ രണ്ട് വർഷം മുമ്പ് അയർലണ്ടിൽ എത്തിയ ഒരു മലയാളി നഴ്സിനാകുമോ....? രോഗികളുടെ നിർബന്ധത്തിന് വഴങ്ങി മത്സരിക്കാൻ ഇറങ്ങിയ അനില ദേവസ്യയുടെ കഥ

സ്വന്തം ലേഖകൻ

ആഴ്ച അയർലണ്ടിലെ കോ ഡോനെഗെലിൽ വച്ച് നടക്കുന്ന മേരി ഫ്രം ഡൻഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലിൽ മലയാളി നഴ്സായ അനില ദേവസ്യ മത്സരാർത്ഥിയാകും. ഐറിഷ് പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ മ്യൂസിക്ക് ഫെസ്റ്റിവലിൽ ഭാഗഭാക്കാകുന്ന ആദ്യത്തെ കുടിയേറ്റ മത്സരാർത്ഥിയെന്ന റെക്കോർഡ് ഇതോടെ അനിലയ്ക്ക് സ്വന്തമാകുമെന്നുറപ്പാണ്. ഇതോടെ മേരി ഫ്രം ഡംഗ്ലൂവാകാൻ അനിലയ്ക്ക് സാധിക്കുമോ എന്ന പ്രതീക്ഷാനിർഭരമായ ചോദ്യവും ഉയർന്നിട്ടുണ്ട്. രോഗികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ മലയാളി നഴ്സ് ഈ മത്സരത്തിൽ പങ്കെടുക്കാനിറങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിൽ നിന്നും രണ്ട് വർഷം മുമ്പ് അയർലണ്ടിലേക്ക് കുടിയേറിയ അനില ഇന്ത്യയെ പ്രതിനിധീകരിച്ചാണീ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന ഈ മത്സരത്തിൽ പ്രാദേശിക ആർട്ടിസ്റ്റുകൾക്കും മ്യുസീഷ്യൻസിനും പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങൽ നിന്നുള്ളവരും പങ്കെടുക്കാനെത്തുന്നുണ്ട്. ഡംഗ്ലൂ കമ്മ്യൂണിറ്റി ഹോസ്പിറ്റലിലെ ഒരു ജെറിയാട്രിക് നഴ്സായാണ് അനില സേവനമനുഷ്ഠിച്ച് വരുന്നത്. യാതൊരു വിധ ഐറിഷ് പാരമ്പര്യവുമില്ലാതെ ഡംഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിലവിൽ പങ്കെടുക്കുന്ന ആദ്യത്തെ മത്സരാർത്ഥിയെന്ന ബഹുമതിയും ഇതോടെ അനിലയ്ക്ക് സ്വന്തമാകും.

ഇതിന് മുമ്പത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഐറിഷ് പാരമ്പര്യം നിർബന്ധമായിരുന്നു. എന്നാൽ ഫെസ്റ്റിന്റെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം മുതൽ സംഘാടകർ നിയമത്തിൽ മാറ്റം വരുത്തുകയും ഐറിഷ് പാരമ്പര്യമില്ലാത്തവർക്ക് കൂടി വാതിലുകൾ തുറന്ന് കൊടുക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് അനിലയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. റോസ് ഓഫ് ട്രാലീ എന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനും അനില അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പങ്കെടുക്കുന്നവർക്ക് ഐറിഷ് പാരമ്പര്യം വേണമെന്നതിനാൽ ഇതിൽ അനിലയ്ക്ക് അവസരം ലഭിച്ചേക്കില്ല.ഇതിന് പുറമെ ഇതിൽ പങ്കെടുക്കുന്നവർക്ക് പ്രായം 29ൽ കുറവായിരിക്കണമെന്നും അവിവാഹിതരായിരിക്കണമെന്നും നിർബന്ധമുണ്ട്.

അനിലയ്ക്ക് പുറമെ 14 സ്ത്രീകളാണ് ഈ വർഷം ഡൻഗ്ലൂ അന്താരാഷ്ട്ര മ്യൂസിക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് മേരി ഫ്രം ഡൻഗ്ലൂ എന്ന കിരീടം ലഭിക്കുകയും ചെയ്യും. ഡൽഹിയിൽ നിന്നും നഴ്സിംഗിൽ യോഗ്യത നേടിയ അനില 2017ലായിരുന്നു അയർലണ്ടിലേക്ക് കുടിയേറിയിരുന്നത്. കുറഞ്ഞ ജനസംഖ്യയും കുറഞ്ഞ മലിനീകരണവും കുറഞ്ഞ കുററകൃത്യങ്ങളും വർധിച്ച സ്വാതന്ത്ര്യവും ഉള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതിനാണ് താൻ അയർലണ്ടിലെത്തിയതെന്നാണ് അനില പറയുന്നത്.

ഡൻഗ്ലൂവിൽ പങ്കെടുക്കാൻ രോഗികൾക്ക് പുറമെ തദ്ദേശവാസികളും തന്നെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അനില വെളിപ്പെടുത്തുന്നത്. 2017ൽ ഡൻഗ്ലൂവിൽ എത്തിയ സമയത്ത് പലവിധ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നിലവിൽ ഇവിടെ വളരെ സുഖപ്രദമായിരിക്കുന്നുവെന്നാണ് അനില പറയുന്നത്. താൻ എത്തിയ പാടെ കടുത്ത വിന്ററിന് മുന്നിൽ പകച്ച് പോയിരുന്നുവെന്നും എന്നാൽ പിന്നീട് ഈ സാഹചര്യവുമായി പൊരുത്തപ്പെട്ടുവെന്നും ഇവിടുത്തുകാർ വളരെ നല്ലവരാണെന്നും അനില വെളിപ്പെടുത്തുന്നു.

താൻ ജോലി ചെയ്യുന്ന ലോക്കൽ ഹോസ്പിറ്റലിലെ 34 രോഗികളും താൻ ഈ മത്സരത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നതെന്നും ഇവരിൽ മിക്കവർക്കും ഡിമെൻഷ്യയുണ്ടെന്നും അനില പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP