Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹീത്രൂവും ഗാറ്റ്‌വിക്കും ഉൾപ്പെടെ എയർപോർട്ടുകളുടെ പ്രവർത്തനം താറുമാറായി; മാഞ്ചസ്റ്ററും ലിവർപൂളും അടക്കം ട്രെയിൻ ഗതാഗതവും മുടങ്ങി; ചരിത്രത്തിലെ ഏറ്റവും വലിയ ചൂടുകാലം എത്തിയതോടെ ബ്രിട്ടനിലെ ഗതാഗത സംവിധാനം ആകെപ്പാടെ താറുമാറായി

ഹീത്രൂവും ഗാറ്റ്‌വിക്കും ഉൾപ്പെടെ എയർപോർട്ടുകളുടെ പ്രവർത്തനം താറുമാറായി; മാഞ്ചസ്റ്ററും ലിവർപൂളും അടക്കം ട്രെയിൻ ഗതാഗതവും മുടങ്ങി; ചരിത്രത്തിലെ ഏറ്റവും വലിയ ചൂടുകാലം എത്തിയതോടെ ബ്രിട്ടനിലെ ഗതാഗത സംവിധാനം ആകെപ്പാടെ താറുമാറായി

സ്വന്തം ലേഖകൻ

രിത്രത്തിലെ ഏറ്റവും ചൂടേറിയ കാലത്തിലൂടെ പോകുന്ന ബ്രിട്ടൻ, ഗതാഗത സംവിധാനങ്ങളാകെ താറുമാറായി ജനജീവിതം ദുഷ്‌കരമായ അവസ്ഥയിലേക്ക് പോവുകയാണ്. കനത്ത ചൂടിൽ കേബിളുകൾ ഉരുകിയതിനാൽ, മിക്കവാറും ലൈനുകളിലൊക്കെ അറ്റകുറ്റപ്പണി വേണ്ടിവന്നത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു. വീക്കെൻഡിൽ പലയിടത്തും ട്രെയിൻ ഗതാഗതം തടസ്സപ്പെടാൻ ഇടയുള്ളതുകൊണ്ട് ട്രെയിനുണ്ടെന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ട്രെയിൻ സർവീസിലാണ് തകരാർ കൂടുതലും സംഭവിച്ചിട്ടുള്ളത്. ഇതിനാൽ, ലണ്ടനിലേക്ക് വരുന്നതും തിരികെപ്പോവുന്നതുമായ സർവീസുകൾ പലതും വെട്ടിക്കുറച്ചു. സർവീസുകൾ ഗണ്യമായി റദ്ദാക്കിയ ലണ്ടൻ സെയ്ന്റ് പാൻക്രാസ്-നോട്ടിങ്ങാം-ഷെഫീൽഡ് റൂട്ടിൽ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. അവധി തുടങ്ങിയശേഷമുള്ള ആദ്യ വീക്കെൻഡിന് തുടക്കം കുറിച്ച ഇന്നലെ, രാജ്യം കടുത്ത ഗതാഗതസ്തംഭനത്തിലേക്ക് നീങ്ങിയതോടെ, യാത്രക്കാർ ഏറെ കഷ്ടപ്പെടുകയും ചെയ്തു.

കടുത്ത വേനലിൽ വെന്തിരിക്കുന്ന ബ്രിട്ടന് ആശ്വാസം പകരുന്ന വാർത്ത ഏതുനിമിഷവും മഴപെയ്‌തേക്കാമെന്നതാണ്. എന്നാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികളെ അത് ബാധിക്കുമെന്നതിനാൽ, യാത്രാതടസ്സം നീണ്ടേക്കുമെന്ന ആശങ്കയുമുണ്ട്. ആൻഗസ്, ഡുൺഡീ, ഫീഫ്, പെർത്ത്, കിന്റോസ്, സ്‌കോട്ട്‌ലൻഡിലെ ഗ്രംപിയാൻ മേഖല തുടങ്ങിയിടത്തൊക്കെ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലേർട്ട് നൽകിയിട്ടുള്ളതായി മെറ്റ് ഓഫീസ് അധികൃതർ അറിയിച്ചു.

പല ഭാഗങ്ങളിലും കനത്ത മഴ പെയ്‌തേക്കുമെന്നാണ് സൂചന. ഇത് പവർകട്ടിനും കാരണമായേക്കും. 20 മുതൽ 30 മില്ലീമീറ്റർ വരെ മഴയാണ് പലയിടത്തും പ്രതീക്ഷിക്കുന്നത്. ചിലയിടത്ത് ഇത് 50 മില്ലീമീറ്റർവരെയാകാം. മഴ പെയ്താൽ ചെറിയ തോതിൽ വെള്ളപ്പൊക്കമുണ്ടായേക്കുമെന്നതാണ് ഗതാഗത തടസ്സം തുടരാൻ ഇടയാക്കുമെന്ന് ആശങ്കപ്പെടുത്തുന്നത്. മുടങ്ങിയ സർവീസുകൾ ഒഴിവാക്കി ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലടക്കം ട്രെയിൻ സർവീസുകളുടെ പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചതായി അധികൃതർ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ വിമാനസർവീസുകളെയും ഗണ്യമായി ബാധിച്ചു. ഹീത്രൂവിൽനിന്നുള്ള 32 വിമാനങ്ങൾ റദ്ദാക്കിയതായി ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു. യൂറോപ്പിലെ മറ്റ് നഗരങ്ങളിലും കനത്ത ചൂട് ഗതാഗത തടസ്സമുണ്ടാക്കുന്നതിലാണ് സർവീസുകൾ റദ്ദാക്കേണ്ടിവന്നത്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽനിന്നുള്ള 19 സർവീസുകളും റദ്ദാക്കി. ഇവിടേക്കുള്ള വിമാനങ്ങൾ ല്യൂട്ടൺ, സ്റ്റാൻസ്റ്റെഡ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് കൂടുതൽ വിമാനങ്ങൾ വൈകാനിടയാക്കി.

കനത്ത ചൂട് റഡാർ ഡിസ്‌പ്ലേയിലുണ്ടാക്കിയ തടസ്സമാണ് വിമാനഗതാഗതത്തെ ബാധിച്ചതെന്ന് യൂറോപ്യൻ എയർ ട്രാഫിക് കൺട്രോൾ സ്ഥാപനമായ യൂറോ കൺട്രോൾ വ്യക്തമാക്കി. സ്വാൻവിക്ക് എയർ ട്രാഫിക് കൺട്രോളിലുണ്ടായ സാങ്കേതിക തകരാറുകളും പ്രശ്‌നം വഷളാക്കി. ലണ്ടൻ ഗാറ്റ്‌വിക്ക്, ലണ്ടൻ സ്റ്റാൻസ്റ്റെഡ്, ലൂട്ടൺ, ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റൾ എന്നീ എയർപോർട്ടുകളിലെ ഈസിജെറ്റ് വിമാന സർവീസിനെയും കാലാവസ്ഥാമാറ്റവും സാങ്കേതിക തടസ്സങ്ങളും ബാധിച്ചു.

അതിനിടെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ കേംബ്രിഡ്ജിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. കേംബ്രിഡ്ജ്ഷയറിൽ 38.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായാണ് റിപ്പോർ#ട്ട്. 2003 ഓഗസ്റ്റിൽ കെന്റിലെ ഫാവർഷാമിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രി സെൽഷ്യസാണ് ഇതുവരെയുള്ള ഉയർന്ന ചൂടായി കണക്കാക്കുന്നത്്. ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന ചൂട് അധികൃതർ വിലയിരുത്തി വരികയാണ്. സ്ഥിരീകരിക്കുകയാണെങ്കിൽ, ചരിത്രത്തിലെ ഏറ്റവും ചൂടൻ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നതെന്ന് ഉറപ്പിക്കാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP