Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഫയ്ക്കും മർവയ്ക്കും ഇനി പരസ്പരം കാണാം; പാക്ക് ബാലികമാർക്കായി ലോകം പ്രാർത്ഥിച്ചത് വെറുതെ ആയില്ല; തലയോടും രക്തക്കുഴലുകളും ചേർന്ന രീതിയിൽ പിറന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തിയത് 50 മണിക്കൂർ ശസ്ത്രക്രിയക്കൊടുവിൽ; ലണ്ടനിലെ ഗ്രേറ്റ് ഓർമന്റ് ആശുപത്രിയിൽ എല്ലാ ചിലവുകളും വഹിച്ചത് പേര് വെളിപ്പെടുത്താത്ത സ്വകാര്യ വ്യക്തി

സഫയ്ക്കും മർവയ്ക്കും ഇനി പരസ്പരം കാണാം; പാക്ക് ബാലികമാർക്കായി ലോകം പ്രാർത്ഥിച്ചത് വെറുതെ ആയില്ല; തലയോടും രക്തക്കുഴലുകളും ചേർന്ന രീതിയിൽ പിറന്ന സയാമീസ് ഇരട്ടകളെ വേർപെടുത്തിയത് 50 മണിക്കൂർ ശസ്ത്രക്രിയക്കൊടുവിൽ; ലണ്ടനിലെ ഗ്രേറ്റ് ഓർമന്റ് ആശുപത്രിയിൽ എല്ലാ ചിലവുകളും വഹിച്ചത് പേര് വെളിപ്പെടുത്താത്ത സ്വകാര്യ വ്യക്തി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തലയോടുകളും രക്തക്കുഴലുകളും സംയോജിച്ച രീതിയിൽ പിറന്ന സയാമീസ് ഇരട്ടകളെ ലണ്ടനിലെ ഗ്രേറ്റ് ഓർമന്റ് സ്ട്രീറ്റ് ആശുപത്രിയിൽ നടന്ന സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിൽ വേർപ്പെടുത്തി. പാക്കിസ്ഥാനിലെ ചർസദയിൽ നിന്നുള്ള രണ്ട് വയസ് പ്രായമായ സഫ, മാർവ എന്നീ പെൺകുട്ടികൾക്കാണ് 50 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ പുതു ജീവിതം ലഭിച്ചത്. ഇരു തലകളും തമ്മിൽ ചേർന്നിരിക്കുന്ന രീതിയിൽ അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയിലാണ് സഫയും മാർവയും ജനിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയകൾക്കൊടുവിലാണ് ഇരുവരേയും വേർപ്പെടുത്താൻ സാധിച്ചത്.

2018 ൽ കുട്ടികൾക്ക് 19 മാസം പ്രായമുള്ളപ്പോഴാണ് ആദ്യ ഘട്ട ശസ്ത്രക്രിയ നടന്നത്. ഫെബ്രുവരിയിലായിരുന്നു അവസാനഘട്ടം. ഇതേ അവസ്ഥയിൽ ഗ്രേറ്റ് ഓർമന്റിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ 2006 ലും 2011 ലും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ കുട്ടികളുടെ ശരീരഘടനയുടെ പകർപ്പ് വെർച്വൽ റിയാലിറ്റി വിദഗ്ധരെ ഉപയോഗിച്ച് തയ്യാറാക്കിയിരുന്നു. ഇത് തലയോട്ടിയുടെ ഘടനയും തലച്ചോറിന്റെയും രക്തക്കുഴലുകളുടെയും സ്ഥാനവും ദൃശ്യങ്ങളിലൂടെ മനസിലാക്കാൻ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിച്ചു. കൂടുതൽ കൃത്യമായി കാര്യങ്ങൾ ചെയ്യാൻ ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് തലച്ചോറിന്റെ ഘടനയുടെ പ്ലാസ്റ്റിക് മോഡൽ പരിശീലനത്തിന് വേണ്ടി തയ്യാറാക്കിയിരുന്നു.

ഇരുവരുടേയും രക്തക്കുഴലുകൾ വേർതിരിക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ ആദ്യത്തെ നടപടി. തുടർന്ന് തലച്ചോറും രക്തക്കുഴലുകളും അകറ്റി നിർത്താനായി ഒരു പ്ലാസ്റ്റിക് കഷ്ണം വെയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് സഫയുടെ കഴുത്തിലെ ഞരമ്പുകൾ കട്ട പിടിച്ചതിന് പിന്നാലെ ഇരുവർക്കും രക്തസ്രാവം തുടങ്ങി. മാർവയുടെ ഹൃദയമിടിപ്പ് കുറഞ്ഞത് അവൾ മരണപ്പെടാൻ കാരണമാകുമെന്ന് ഡോക്ടർമാർ ഭയന്നു. ഇത് ഒഴിവാക്കാനായി രണ്ട് പേരും പങ്കിട്ടിരുന്ന ഒരു പ്രധാന സിര മാർവയ്ക്ക് നൽകി. പക്ഷേ തുടർന്ന് സഫയ്ക്ക് ഹൃദയാഘാതമുണ്ടാക്കാൻ ഇത് കാരണമായി. അവസാനത്തെ ശസ്ത്രക്രിയയിൽ പെൺകുട്ടികളുടെ സ്വന്തം അസ്ഥി ഉപയോഗിച്ച് പുതിയ തലയോട്ടി നിർമ്മിക്കുന്ന മെഡിക്സ് എന്ന രീതി പരീക്ഷിക്കപ്പെട്ടു.

ഇരുവരുടേയും ചർമ്മം തലയ്ക്ക് മുകളിലായി വ്യാപിക്കുമെന്ന് ഉറപ്പാക്കാൻ ടിഷ്യു എക്സ്പാൻഡറുകളും ഉപയോഗിച്ചു.ഒരു സ്വകാര്യ വ്യക്തിയാണ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും വഹിച്ചത്. ഇരുവരുടേയും അമ്മ സൈനബ് ബീവിയും മുത്തച്ഛൻ മുഹമ്മദ് സാദത്തുമാണ് ഇപ്പോൾ കൂടെ ഉള്ളത്. ജൂലൈ 1 ന് ആശുപത്രിയിൽ നിന്ന് പോയെങ്കിലും ലണ്ടനിൽ തന്നെ ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് താമസിക്കുകയാണ് ഇവർ. രണ്ടര കോടി കുട്ടികൾ ജനിക്കുമ്പോൾ അതിൽ ഒരു കേസിൽ മാത്രമേ ഇങ്ങനെ സംഭവിക്കൂ എന്നാണ് വിദഗ്ദർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP