Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടുവയസ്സുള്ള കുഞ്ഞിനെ നീന്തി അക്കരെയെത്തിച്ചശേഷം ഭാര്യയെ കൊണ്ടുവരാൻ തിരിച്ചു നീന്തിയപ്പോൾ കരയ്ക്കിരുന്ന കുഞ്ഞ് വെള്ളത്തിലേക്ക് ചാടി; ലോകത്തെ കരയിച്ച ആ ഇരട്ട മരണ ചിത്രത്തിന്റെ പിന്നാമ്പുറം ഹൃദയഭേദകം

രണ്ടുവയസ്സുള്ള കുഞ്ഞിനെ നീന്തി അക്കരെയെത്തിച്ചശേഷം ഭാര്യയെ കൊണ്ടുവരാൻ തിരിച്ചു നീന്തിയപ്പോൾ കരയ്ക്കിരുന്ന കുഞ്ഞ് വെള്ളത്തിലേക്ക് ചാടി; ലോകത്തെ കരയിച്ച ആ ഇരട്ട മരണ ചിത്രത്തിന്റെ പിന്നാമ്പുറം ഹൃദയഭേദകം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: വെള്ളത്തിൽ മുങ്ങിമരിച്ച ഓസ്‌കർ ആൽബർട്ടോ മാർട്ടിനസ് റാമിറസിന്റെയും രണ്ടുവയസ്സുകാരി വലേറിയയുടെയും ദുരന്ത ചിത്രം ലോകത്തിന്റെ മുഴുവൻ കണ്ണുനനയിച്ചത് ഇന്നലെയാണ്. അമേരിക്കയിലേക്ക് കുടിയേറി മെച്ചപ്പെട്ടൊരു ജീവിതം സ്വപ്‌നം കണ്ട ഈ 25-കാരനും മകളും ഒഴുക്കിൽപ്പെട്ട് ആഴങ്ങളിലേക്ക് പോകുന്നത് കണ്ടുനിൽക്കേണ്ടിവന്നതിന്റെ ആഘാതത്തിലാണ് റാമിറസിന്റെ ഭാര്യ താനിയയെന്ന 21-കാരി.

മകളെ അക്കരെയെത്തിച്ചശേഷം തിരികെയെത്തി ഭാര്യയുമായി നദി മുറിച്ചു കടക്കുകയായിരുന്നു  ഓസ്‌കറിന്റെ ലക്ഷ്യം. അക്കരെയെത്തിച്ച മകളെ നദീതീരത്ത് നിർത്തിയശേഷം തിരികെ നീന്തിത്തുടങ്ങിയ ഓസ്‌കർ ഒരുനിമിഷം പിന്തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് രണ്ടുവയസ്സുകാരി അച്ഛന് പിന്നാലെ നദിയിലേക്ക് ഇറങ്ങുന്നതാണ്. തിരിച്ചെത്തി മകളെയുമെടുത്ത് വീണ്ടും ഇക്കരേക്ക് നീന്താൻ തുടങ്ങിയപ്പോഴാണ് ഓസ്‌കറിന്റെ പ്രതീക്ഷകൾക്കുമേൽ ആർത്തലച്ച് അടിയൊഴുക്കുവന്നതും അവർ മരണത്തിലേക്ക് ആണ്ടുപോയതും.

ഞായറാഴ്ചയാണ് റിയോ ഗ്രൻഡെ നദിയിൽ ഓസ്‌കറും മകളും മുങ്ങിമരിച്ചത്. ഏപ്രിൽ മൂന്നിന് എൽ സാൽവഡോറിൽനിന്ന് മെക്‌സിക്കോയിലെത്തി അമേരിക്കയിലേക്ക് കുടിയേറാൻ ഊഴം കാത്തിരിക്കുകയായിരുന്നു ഓസ്‌കറും ഭാര്യ താനിയയും. കുഞ്ഞുമായുള്ള കാത്തിരിപ്പ് രണ്ടുമാസം പിന്നിട്ടതോടെ അവർ അക്ഷമരായി. കുടിയേറ്റം വേഗത്തിലാക്കുന്നതിനായാണ് അവർ ഞായറാഴ്ച രാവിലെ ബസിൽ അതിർത്തിപ്രദേശമായ മറ്റമോറോസിലെത്തിയത്.

അവിടെയെത്തി കോൺസുലേറ്റിലെ പട്ടിക പരിശോധിച്ചപ്പോൾ, തങ്ങളുടെ ഊഴം വരുന്നതിനായി ഇനിയുമേറെ കാത്തിരിക്കണമെന്ന് ഓസ്‌കറിന് ബോധ്യമായി. ഇതോടെ, കുറുക്കുവഴിയിലൂടെ കുടിയേറാനുള്ള ശ്രമമായി. ടെക്‌സസിലെ ബ്രൗൺസ്‌വീലിലേക്ക് കടക്കുന്നതിന് നദി നീന്തിക്കടക്കാൻ ഓസ്‌കർ തീരുമാനിക്കുകയായിരുന്നു. അതിനായാണ് ആദ്യം മകളെ അക്കരയെത്തിക്കാൻ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. എന്നാൽ, അച്ഛൻ തിരിച്ചുനീന്താൻ തുടങ്ങിയതോടെ, പേടിച്ച വലേറിയ വീണ്ടും നദിയിലേക്ക് ചാടിയത് ഓസ്‌കറിനെ വീണ്ടും തിരികെപ്പോകാൻ പ്രേരിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കരയ്ക്കടിഞ്ഞത്. ഓസ്‌കറിന്റെ ടി ഷർട്ടിനുള്ളിൽ തലയുടക്കിയ രീതിയിലാണ് വലേറിയയുടെ മൃതദേഹം കണ്ടത്. കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച നിലയിലായിരുന്നു ഓസ്‌കർ. കമിഴ്ന്നുകിടക്കുന്ന രീതിയിലുള്ള മൃതദേഹങ്ങളുടെ ചിത്രം ഉടൻതന്നെ ലോകമെങ്ങും പ്രചരിച്ചു. ഫ്രാൻസിൽ കടലിൽ മുങ്ങിമരിച്ച അലൻ കുർദിയെന്ന കുരുന്നിന്റെ ചിത്രത്തോട് ഇത് താരതമ്യപ്പെടുത്തുകയും ചെയ്തു. അമേരിക്കയുടെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഇരയാണ് ഓസ്‌കറും വലേറിയയുമെന്നും വിലയിരുത്തപ്പെട്ടു.

എൽ സാൽവഡോറിൽ പപ്പ ജോൺസ് പിസ റെസ്റ്റോറന്റിലാണ് ഓസ്‌കർ ജോലി ചെയ്തിരുന്നത്. മാസം 350 ഡോളറായിരുന്നു വരുമാനം. ഒരു ചൈനീസ് റെസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന താനിയ കുഞ്ഞിനെ നോക്കാനായി ജോലിയുപേക്ഷിച്ചതോടെ, കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അൽത്താവിസ്റ്റയിലെ വീട്ടിൽ താനിയയുടെ അമ്മയും ഇവരോടൊപ്പമാണ് ജീവിച്ചിരുന്നത്. ഇതോടെയാണ് അമേരിക്കയിലേക്ക് കുടിയേറാൻ ഇരുവരും തീരുമാനിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

അമേരിക്കയിലേക്ക് പോകേണ്ടെന്ന് താൻ ഇരുവരോടും കെഞ്ചിപ്പറഞ്ഞതാണെന്ന് ഓസ്‌കറിന്റെ അമ്മ റോസ റാമിറെസ് പറഞ്ഞു. എന്നാൽ, നാട്ടിൽ സ്വന്തമായൊരു വീടുവെക്കുകയെന്നതായിരുന്നു ഓസ്‌കറിന്റെ സ്വപ്നം. കുറച്ചുകാലം അമേരിക്കയിൽ ജോലി ചെയ്ത് സമ്പാദിച്ചശേഷം തിരിച്ചുവന്ന് വീടുവെക്കാമെന്നായിരുന്നു പ്രതീക്ഷ. അതിനുവേണ്ടിയുള്ള യാത്ര അന്ത്യയാത്രയാകുമെന്ന് കരുതിയില്ലെന്നും വിതുമ്പലടക്കാനാകാതെ റോസ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP