Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

രണ്ടാം ലോകമഹായുദ്ധ സമയത്ത് പാരീസിൽവെച്ച് പ്രണയത്തിലായി; വിധി വേർപെടുത്തിയവർ 75 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ പ്രണയം വഴിഞ്ഞൊഴുകി; സുന്ദരമായ ഒരു പ്രണയത്തിന്റെ അവസാന എപ്പിസോഡ് ഇങ്ങനെ

രണ്ടാം ലോകമഹായുദ്ധ സമയത്ത് പാരീസിൽവെച്ച് പ്രണയത്തിലായി; വിധി വേർപെടുത്തിയവർ 75 വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ പ്രണയം വഴിഞ്ഞൊഴുകി; സുന്ദരമായ ഒരു പ്രണയത്തിന്റെ അവസാന എപ്പിസോഡ് ഇങ്ങനെ

ണ്ടാം ലോകമഹായുദ്ധ സമയത്ത് പാരീസിലെത്തിയ ചെറുപ്പക്കാരനായ അമേരിക്കൻ സൈനികൻ കെ.ടി. റോബിൻസിന്റെ കണ്ണിൽ ഉടക്കിയത് ശത്രുപക്ഷത്തെ പട്ടാളക്കാരായിരുന്നില്ല. മറിച്ച്, 18-കാരിയായ ഒരു ഫ്രഞ്ച് പെൺകുട്ടിയായിരുന്നു. ആദ്യദർശനത്തിൽത്തന്നെ ഇരുവരിലും അനുരാഗം പൊട്ടിമുളച്ചു. പക്ഷേ, അവർക്കൊന്നാകാൻ വിധി അനുവദിച്ചില്ലെന്നുമാത്രം. യുദ്ധാനന്തരം റോബിൻസിന് അമേരിക്കയിലേക്ക് തിരിച്ചുപോരേണ്ടിവന്നു. കാമുകി ഫ്രാൻസിലും.

75 വർഷത്തിനപ്പുറം ജീവിത സായാഹ്നത്തിൽ ഇരുവരും തമ്മിൽക്കണ്ടു. 97-കാരനാണ് റോബിൻസിപ്പോൾ. അന്നത്തെ 18-കാരി ജിയാന്നി ഗനായെക്ക് ഇപ്പോൾ 92 വയസ്സായി. ജിയാന്നി സമ്മാനിച്ച അവളുടെ ചിത്രം ഹൃദയത്തോട് ചേർത്ത് പഴ്‌സിൽ സൂക്ഷിച്ചുകൊണ്ടുനടന്ന ചിത്രം മാത്രമായിരുന്നു റോബിൻസിന്റെ പ്രണയം കെടാതെ സൂക്ഷിച്ചത്.

1944-ൽ വടക്കുകിഴക്കൻ ഫ്രഞ്ച് പട്ടണമായ ബ്രീലിയിൽവച്ചാണ് റോബിൻസും ജിയാന്നിയും കണ്ടുമുട്ടിയത്. തന്റെ വസ്ത്രങ്ങൾ അലക്കാനും മറ്റും ഒരു സഹായിയെത്തേടുകയായിരുന്നു റോബിൻസ്. ജിയാന്നിയുടെ അമ്മ മകളെ സഹായത്തിന് അയക്കാമെന്ന് സമ്മതിച്ചു. സഹായത്തിനെത്തിയ ജിയാന്നിയുമായി റോബിൻസ് പെട്ടെന്നുതന്നെ പ്രണയത്തിലായി.

എന്നാൽ, രണ്ടുമാസത്തിനുശേഷം ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് നീങ്ങാൻ റോബിൻസ് ഉൾപ്പെട്ട വിഭാഗത്തിന് നിർദ്ദേശം കിട്ടി. കിഴക്കൻ പ്രവിശ്യയിലേക്ക് സേന മാറിയതോടെ, റോബിൻസും ജിയാന്നിയും അകന്നു. കൈയിലുണ്ടായിരുന്ന ഒരു ഫോട്ടോ ജിയാന്നി അതിനിടെ, റോബിൻസിന് സമ്മാനിച്ചിരുന്നു. തിരിച്ചുവരുമെന്ന് വാക്കുകൊടുത്താണ് റോബിൻസ് പോയത്. പക്ഷേ, അതുണ്ടായത് 75 വർഷത്തിനുശേഷമാണെന്ന് മാത്രം.

റോബിൻസിന്റെ സൈനിക ട്രക്ക് അകന്നുപോയപ്പോൾ താൻ പൊട്ടിക്കരഞ്ഞുവെന്ന് ജിയാന്നി ഓർക്കുന്നു. യുദ്ധത്തിനുശേഷം റോബിൻസ് അമേരിക്കയിലേക്ക് തിരികെപ്പോകരുതെന്ന് ആഗ്രഹിച്ചെങ്കിലും ജിയാന്നിയുടെ സ്വപ്‌നം സഫലമായില്ല. റോബിൻസ് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ താൻ ഇംഗ്ലീഷ് പഠനം പോലും ആരംഭിച്ചിരുന്നുവെന്ന് അവർ ഓർക്കുന്നു. പക്ഷേ, റോബിൻസ് മടങ്ങിപ്പോയി.

അമേരിക്കയിലെത്തിയ റോബിൻസ് ലിലിയാൻ എന്ന മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. എഴുപതുവർഷത്തോളം അവരുടെ ദാമ്പത്യം നീണ്ടുനിന്നു. സൈന്യത്തിൽനിന്ന് വിരമിച്ചശേഷം മിസ്സിസ്സിപ്പിയിൽ 50 വർഷത്തോളം ഇരുവരും ചേർന്ന് ഹാർഡ്‌വേർ സ്‌റ്റോർ നടത്തിയിരുന്നു. 2015-ൽ ലിലിയാൻ മരിച്ചതോടെയാണ് റോബിൻസിന് പഴയ കാമുകിയെ കാണമെന്ന് ആഗ്രഹം തോന്നിയത്.

ജിയാന്നിയുടെയും ജീവിതം വ്യത്യസ്തമായിരുന്നില്ല. റോബിൻസ് മടങ്ങി മൂന്നുവർഷം കഴിഞ്ഞപ്പോൾ അവൾ മറ്റൊരു പുരുഷനുമായി പ്രണയത്തിലായി. 1949-ൽ പിയേഴ്‌സൺ എന്നയാളെ വിവാഹം കഴിച്ചു. അഞ്ചുമക്കളുടെ അമ്മയായി. പക്ഷേ, റോബിൻസും ജിയാന്നിയും പഴയ പ്രണയം കെടാതെ സൂക്ഷിച്ചു. ജിയാന്നി സമ്മാനിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ അത് ഒളിമങ്ങാതെ നിന്നു.

ഡി-ഡേയുടെ 75-ാം വാർഷികത്തിനായി റോബിൻസ് ഫ്രാൻസിലെത്തിയപ്പോൾ പഴയ ചിത്രം അദ്ദേഹം കൈയിൽ കരുതിയിരുന്നു. ജിയാന്നി മരിച്ചുപോയിട്ടുണ്ടാകുമെന്നാണ് അദ്ദേഹം കരുതിയത്. കഥയറിഞ്ഞ ഫ്രഞ്ച് മാധ്യമപ്രവർത്തകർ ജിയാന്നിയെ തേടിപ്പിടിച്ചു. ഇരുവരും ആദ്യം കണ്ടുമുട്ടിയ ഗ്രാമത്തിൽനിന്ന് 27 മൈൽ അകലെയുള്ള മോസെലിയിൽ ഒരു വൃദ്ധസദനത്തിലായിരുന്നു ജിയാന്നി ഉണ്ടായിരുന്നത്.

ഇരുവരുടെയും കണ്ടുമുട്ടലിന് മാധ്യമപ്രവർത്തകർതന്നെ അവരമൊരുക്കി. ജിയാന്നി ജീവിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ, തന്നെ കളിയാക്കുകയാണെന്നാണ് റോബിൻസ് ആദ്യം കരുതിയത്. കണ്ടുമുട്ടിയപ്പോൾ ഇരുവർക്കും പരസ്പരം പ്രണയം ഒളിച്ചുവെക്കാനായില്ല. കെട്ടിപ്പിടിച്ചും ചുണ്ടത്ത് മുത്തം നൽകിയും അവർ പുനസമാഗമം ആഘോഷിച്ചു. അന്നത്തെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം റോബിൻസ് കാണിച്ചപ്പോൾ, ജിയാന്നി മായാത്ത ആ സ്‌നേഹമുദ്ര കണ്ട് കോരിത്തരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP