Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അടുത്തയാഴ്ച അവതരിപ്പിക്കുന്ന വ്യാപാര കരാർ അംഗീകരിച്ചാൽ മൂന്നുമാസത്തേക്ക് നീട്ടാം; തോറ്റാൽ രണ്ടുവർത്തേക്കും; മാർച്ച് 29 എന്ന ബ്രെക്‌സിറ്റ് തീയതി ബ്രിട്ടീഷ് എംപിമാർ വോട്ടിനിട്ട് നീട്ടിയത് ഇങ്ങനെ; യൂറോപ്യൻ യൂണിയൻ അനുവദിക്കുമോ എന്ന പ്രശ്‌നം ബാക്കി

അടുത്തയാഴ്ച അവതരിപ്പിക്കുന്ന വ്യാപാര കരാർ അംഗീകരിച്ചാൽ മൂന്നുമാസത്തേക്ക് നീട്ടാം; തോറ്റാൽ രണ്ടുവർത്തേക്കും; മാർച്ച് 29 എന്ന ബ്രെക്‌സിറ്റ് തീയതി ബ്രിട്ടീഷ് എംപിമാർ വോട്ടിനിട്ട് നീട്ടിയത് ഇങ്ങനെ; യൂറോപ്യൻ യൂണിയൻ അനുവദിക്കുമോ എന്ന പ്രശ്‌നം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വേർപിരിയൽ മുൻനിശ്ചയിച്ചതുപോലെ മാർച്ച് 29-ന് നടക്കില്ലെന്ന് ഉറപ്പായി. ബ്രെക്‌സിറ്റ് നീട്ടിവെക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക അടുത്തയാഴ്ച പ്രധാനമന്ത്രി തെരേസ മെയ്‌ അവതരിപ്പിക്കുന്ന വ്യാപാര കരാറിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും. ബിൽ പാർലമെന്റിൽ വിജയിക്കുകയാണെങ്കിൽ, 12 ആഴ്ചത്തെ സാവകാശത്തോടെ ബ്രെക്‌സിറ്റ് നടപ്പാകും. മുമ്പ് രണ്ടുവട്ടം എംപിമാർ തള്ളിയ ബിൽ വീണ്ടും പരാജയപ്പെടുകയാണെങ്കിൽ ബ്രെക്‌സിറ്റ് രണ്ടുവർഷത്തേക്കെങ്കിലും നീളും. അതോടെ, തെരേസ മെയ്‌ക്ക് പ്രധാനമന്ത്രി പദവിയും രാജിവെക്കേണ്ടിവന്നേക്കും.

ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് അനിശ്ചിതമായി നീണ്ടുപോകാതിരിക്കാൻ ഒരേയൊരു വഴി വ്യാപാരക്കരാർ അംഗീകരിക്കുക മാത്രമാണെന്ന് തെരേസ മെയ്‌ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാം ദിവസവും തെരേസയുടെ നിർദ്ദേശം പാർലമെന്റ് തള്ളുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. 202-നെതിരേ 412 വോട്ടുകൾക്കാണ് മാർച്ച് 29-ൽനിന്ന് ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടത്്. പ്രധാനമന്ത്രി പദവിയൊഴിയും എന്ന ഉറപ്പുനൽകാമെങ്കിൽ അടുത്തയാഴ്ച ബില്ലിനെ അനുകൂലിക്കാമെന്ന് വിമത എംപിമാർ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ തെരേസ മെയ്‌ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലായി.

ബ്രെക്‌സിറ്റിനുശേഷമുള്ള ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകൾക്ക് തെരേസ മേയെയും അവരുടെ ബ്രെക്‌സിറ്റ് ഉപദേഷ്ടാവ് ഒലി റോബിൻസിനെയും അനുവദിക്കരുതെന്നതാണ് വിമത എംപിമാരുടെയും ഡിയുപി എംപിമാരുടെയും തീരുമാനം. അതിനുവേണ്ടിയാണ് അവർ രാജിവെക്കാമെന്ന ഉറപ്പ് നൽകുമെങ്കിൽ ബില്ലിനെ അടുത്തയാഴ്ച പിന്തുണയ്ക്കാമെന്ന ഉപാധി മുന്നോട്ടുവെച്ചിട്ടുള്ളത്. തെരേസയുടെ നയരൂപീകരണ സമിതിയുടെ മുൻ തലവൻ കൂടിയായ ജോർജ് ഫ്രീമാനാണ് രാജി പരസ്യമായി ആവശ്യപ്പെട്ട് രംഗത്തുവന്നത്. കടുത്ത യൂറോപ്യൻ പക്ഷപാതിയായ ഫ്രീമൻ, ബ്രിട്ടൻ യൂറോപ്പിൽ തുടരണമെന്ന ആവശ്യക്കാരനുമാണ്.

ഇത്തരത്തിലൊരു അനിശ്ചിതാവസ്ഥയുമായി രാജ്യത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഫ്രീമാൻ പറഞ്ഞു. അതതിന് ചില വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മാർച്ച് 29-ന് മുൻനിശ്ചയപ്രകാരം ബ്രെക്‌സിറ്റ് നടക്കേണ്ടതുണ്ട്. അതിനാവശ്യം കരാർ പാസ്സാകുകയെന്നതാണ്. കരാർ പാസ്സാകണമെങ്കിൽ, വിടുതൽ കരാറിന് രൂപം നൽകിയശേഷം പ്രധാനമന്ത്രി പദം ഒഴിയാമെന്ന് തെരേസ സമ്മതിക്കണം. രാജ്യത്തെ ഒരുമിച്ച് നിർത്താനും അടുത്തഘട്ടത്തെ നേരിടാനും പുതിയൊരു നേതാവ് വന്നേ തീരുവെന്നും അദ്ദേഹം പരഞ്ഞു.

എന്നാൽ, രാജിവെക്കുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ലെന്ന് തെരേസയുടെ ഓഫീസ് അറിയിച്ചു. ബ്രിട്ടീഷ് ജനത ആഗ്രഹിച്ചതുപോലെ ബ്രെക്‌സിറ്റ് നടപ്പിലാക്കാൻ പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധയാണെന്ന് തെരേസയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. എന്നാൽ, ബിൽ പാർലമെന്റിൽനിന്ന് കടക്കുന്നതിന് അത്തരമൊരു കടുത്ത തീരുമാനം തെരേസ കൈക്കൊണ്ടേക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെതന്നെ പ്രമുഖ നേതാക്കൾ നൽകുന്ന സൂചന.

ബ്രെക്‌സിറ്റ് മാർച്ച് 29-ൽനിന്ന് നീട്ടിവെക്കണമെന്ന് പാർലമെന്റ് വലിയ ഭൂരിപക്ഷത്തോടെ ആവശ്യപ്പെട്ടതോടെ, തെരേസയ്ക്ക് അതനുസരിച്ച് മുന്നോട്ടുനീങ്ങാനേ സാധിക്കുകയുള്ളൂ. അടുത്ത വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്ന ആവശ്യം തെരേസ ഉന്നയിക്കും. എന്നാൽ, അത് യൂറോപ്യൻ യൂണിയൻ നേതൃത്വം അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. കരാറിന്റെ കാര്യത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും ബ്രെക്‌സിറ്റ് നടപ്പാകണമെന്നുമുള്ളതാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. മേയിൽ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ഈയൊരാവശ്യത്തിനുവേണ്ടി കൂടുതൽ സമയം കളയാനില്ലെന്നും ഇ.യു. നേതൃത്വം പറയുന്നു.

എന്തുകൊണ്ടാണ് ബ്രെക്‌സിറ്റ് നീട്ടിവെക്കേണ്ടത് എന്ന് വ്യക്തമായി അവതരിപ്പിക്കാതെ ബ്രിട്ടന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് ബ്രിട്ടനിലെ എല്ലാ പാർട്ടികളും ചേർന്നുള്ള പോംവഴി കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വം പറയുന്നു. ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്ന ആവശ്യം മറ്റ് 27 അംഗരാജ്യങ്ങളും അംഗീകരിക്കുകയും വേണം. ബ്രെക്‌സിറ്റ് ഇനിയും നീട്ടുകയാണെങ്കിൽ പുതിയ ആവശ്യങ്ങളുമായി ബ്രിട്ടൻ സമീപിക്കാനിടയുണ്ടെന്നും അതംഗീകരിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണടക്കമുള്ളവർ സൂചിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP