Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണക്കേസിലെ പ്രതികളെന്ന് കരുതി പൊലീസ് പിന്നാലെ പാഞ്ഞു; 18 വയസുള്ള പൂർണ ഗർഭിണിയും 19കാരനായ ഭർത്താവും എതിർദിശയിലൂടെ കാർ പായിച്ച് കോച്ചുമായി കൂട്ടിയിടിച്ച് മരിച്ചു; ലണ്ടനെ നടുക്കിയ ദുരന്ത വാർത്തയിങ്ങനെ

മോഷണക്കേസിലെ പ്രതികളെന്ന് കരുതി  പൊലീസ് പിന്നാലെ പാഞ്ഞു; 18 വയസുള്ള പൂർണ ഗർഭിണിയും 19കാരനായ ഭർത്താവും എതിർദിശയിലൂടെ കാർ പായിച്ച് കോച്ചുമായി കൂട്ടിയിടിച്ച് മരിച്ചു; ലണ്ടനെ നടുക്കിയ ദുരന്ത വാർത്തയിങ്ങനെ

എ40 റോഡിൽ നവദമ്പതികൾ എതിർദിശയിലൂടെ കോച്ചുമായി കൂട്ടിയിടിച്ച് മരിച്ചു. മോഷണക്കേസിലെ പ്രതികളെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ഇവരെ പിന്തുടർന്നതിൽ ഭയന്നതിനെ തുടർന്നാണ് ഇവർ തെറ്റായ ദിശയിൽ കാറോടിക്കാൻ നിർബന്ധിതരായി അപകടത്തിൽ പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് രാത്രി 9 മണിക്കാണ് അപകടം നടന്നത്.18 വയസുള്ള പൂർണഗർഭിണിയായ ഷൗനയും 19 കാരനായ ഭർത്താവ് പട്രിക്ക് മാക്ഡൊമാഗുമാണ് ഈ അപകടത്തിൽ മരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന അപകടം അക്ഷരാർത്ഥത്തിൽ ലണ്ടനെ നടുക്കിയിരിക്കുകയാണ്. ഹാരോയിലെ പിന്നെറിൽ നടന്ന കവർച്ചയിലെ പ്രതികളാണ് ഈ ദമ്പതികളെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവരെ പിന്തുടർന്നത്.

ഈ വരുന്ന ഏപ്രിലിൽ യുവതി തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മമേകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം തേടിയെത്തിയിരിക്കുന്നത്. കുട്ടിക്ക് സിയന്ന മേരി എന്ന പേര് വരെ കണ്ട് വച്ചിരുന്നു ഇവർ എന്ന കരളലയിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.ദമ്പതികൾ കവർച്ചയിൽ പങ്കാളികളല്ലെന്ന് ഇന്റിപെന്റന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്ട്(ഐഒപിസി )ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ വരവേൽക്കാനൊരുങ്ങിയ തങ്ങളെ സംബന്ധിച്ചിടത്തോളം ഇവരുടെ അപ്രതീക്ഷിതമായ വിടവാങ്ങൽ കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് ഇവരുടെ കുടുംബം ഒരു പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഇരുവരും നല്ല സ്നേഹത്തിൽ കഴിഞ്ഞ ദമ്പതികളായിരുന്നുവെന്നും കുടുംബക്കാർ വേദനയോടെ ഓർക്കുന്നു.

സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ പൊലീസ് ഇന്നലെ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഈ ദമ്പതികളെ പിന്തുടരാൻ തീരുമാനിച്ചതെന്നും പൊലീസിന് വ്യക്തമാക്കാനായിട്ടില്ല. 11 ആഴ്ചകൾക്ക് മുമ്പായിരുന്നു പട്രിക്കും ഷൗനയും വിവാഹിതരായിരുന്നത്. എ 40ലെ ഡ്യുവൽ കാരിയേജ് വേയിൽ അപകടം നടന്ന ഉടൻ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന റിനൗൽട്ട് സെനിക് കാറിനെ പൊലീസ് ഏതാണ്ട് പത്ത് മിനുറ്റ് നേരം പിന്തുടർന്നിരുന്നുവെന്നും എന്നാൽ കൂട്ടിയിടിക്ക് മുമ്പ് ഈ ചേസിങ് അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ഐഒപിസി ഒരു പ്രസ്താവനയിലൂടെ ഇന്നലെ വിശദീകരണം നൽകിയിരിക്കുന്നത്.

കാറിനെ പിന്തുടരുന്നതിലെ പുരോഗതി നാഷണൽ പൊലീസ് എയർ സർവീസ് ഹെലികോപ്റ്റർ നിരീക്ഷിക്കുന്ന വേളയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.വേറിട്ട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ് ഈ കാറിനെ പിന്തുടർന്നിരുന്നതെന്നും എന്നാൽ ഹാരോയിൽ നടന്ന മോഷണത്തിൽ ഈ കാറിൽ സഞ്ചരിച്ചിരുന്നവർ ഭാഗഭാക്കായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായിട്ടുണ്ടെന്നും ഐഒപിസി വിശദീകരിക്കുന്നു. യുക്തിപൂർവം തന്നെയായിരുന്നുവോ പൊലീസ് കാറിനെ പിന്തുടർന്നിരുന്നതെന്ന് ഐഒപിസി അന്വേഷിച്ച് വരുന്നുണ്ട്. ഇവരുടെ കാറിലുണ്ടായിരുന്ന മറ്റൊരാളെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറുമായി കൂട്ടിയിടിച്ച കോച്ചിൽ സഞ്ചരിച്ചിരുന്ന നിരവധി പേരെ പാരാമെഡിക്സ് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. ഇവരിൽ രണ്ടു പേരെ ചില്ലറ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP