Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

238 മനുഷ്യജീവനുകളുമായി നാലുവർഷംമുമ്പ് കാണാതായ വിമാനം കടലിൽ വീണെന്ന സങ്കൽപം തെറ്റായിരുന്നുവെന്ന് സൂചന; കംബോഡിയൻ കാടുകളിൽ വിമാനാവശിഷ്ടങ്ങൾ ഉണ്ടെന്ന വാദം ശക്തമാകുന്നു; കണ്ടെന്ന് പറഞ്ഞ സിനിമാക്കാരന് പ്രവശിക്കാൻ കഴിയാത്തവിധം മാഫിയകളുടെ നിയന്ത്രണത്തിൽ

238 മനുഷ്യജീവനുകളുമായി നാലുവർഷംമുമ്പ് കാണാതായ വിമാനം കടലിൽ വീണെന്ന സങ്കൽപം തെറ്റായിരുന്നുവെന്ന് സൂചന; കംബോഡിയൻ കാടുകളിൽ വിമാനാവശിഷ്ടങ്ങൾ ഉണ്ടെന്ന വാദം ശക്തമാകുന്നു; കണ്ടെന്ന് പറഞ്ഞ സിനിമാക്കാരന് പ്രവശിക്കാൻ കഴിയാത്തവിധം മാഫിയകളുടെ നിയന്ത്രണത്തിൽ

നാലുവർഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യൽ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കടലിൽ തകർന്നുവീണുവെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ, ഇതുതെറ്റാണെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു വൈമാനികൻ. കംബോഡിയൻ കാടുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ താൻ കണ്ടെത്തിയെന്നാണ് ഡാനിയൽ ബോയർ എന്ന പൈലറ്റിന്റെ അവകാശവാദം. ഗൂഗിൾ എർത്തിൽ കംബോഡിയൻ കാടുകളിൽ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കൾ കണ്ടുവെന്ന് അദ്ദേഹം പറയുന്നു.

വിമാനത്തിന്റെ എൻജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിൾ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങൾ കണ്ടതിനെത്തുടർന്ന് ബ്രിട്ടീഷ് സിനിമാനിർമ്മാതാവ് ഇയാൽ വിൽസൺ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാൻ ശ്രമിച്ചിരുന്നു. എന്നാൽ, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാൻ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേർ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്.

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നവർക്ക് 9.6 കോടി ഡോളർ പ്രതിഫലം മലേഷ്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്വന്തമാക്കുന്നതിനായാണ് ഇയാൻ വിൽസണും സഹോദരനും ഇവിടെയെത്തിയത്. ഇരുവരെയും ഒരുസംഘം കംബോഡിയൻ സൈനികരെയും എയർഡ്രോപ്പ് ചെയ്യുകയായിരുന്നു. വനത്തിനുള്ളിൽ കടന്നെങ്കിലും, സായുധരായ മാഫിയകൾ പ്രദേശം കൈയടക്കിയിരിക്കുന്നതിനാൽ, ഇവർക്ക് തിരികെപ്പോരേണ്ടിവന്നു.

വിൽസൺ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റർ അകലെയാണ് ഡാനിയൽ ബോയർ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേർന്നാണിത്. താൻ കണ്ടെത്തിയ വസ്തുക്കൾക്ക് വിമാനാവശിഷ്ടങ്ങളോട് സാമ്യം മാത്രമല്ല, ബോയിങ് വിമാനത്തിന്റെ ഭാഗങ്ങളുമായി അളവിലും സാമ്യമുണ്ടെന്ന് ഡാനിയൽ ബോയർ പറഞ്ഞു. തന്റെ കണ്ടെത്തൽ പൂർണമായും ശരിയാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.

2014 മാർച്ച് എട്ടിനാണ് കോലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. ലോകരാജ്യങ്ങളെല്ലാം ചേർന്ന് മാസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നാവിഗേഷൻ ഡേറ്റ ചോർത്തി വിമാനത്തെ മറ്റൊരു ദിശയിലേക്ക് പറത്തുകയായിരുന്നുവെന്നാണ് ഇപ്പോൾ നിലവിലുള്ള സങ്കൽപം.

വിമാനം കാണാതായതുസംബന്ധിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും അന്നുമുതൽ പരക്കുന്നുണ്ട്. റഷ്യയാണ് വിമാനം തട്ടിയെടുത്തതെന്നും കസാഖ്‌സ്താനിലെ രഹസ്യകേന്ദ്രത്തിൽ ലാൻഡ് ചെയ്‌തെന്നുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. വിമാനത്തിന്റെ നാവിഗേഷൻ ഡേറ്റ ചോർത്തിയ വിമാന റാഞ്ചികൾ, വിമാനം മറ്റൊരു ദിശയിലേക്ക് പറന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷം കസാഖ്‌സ്താനിലെ ബൈക്കനൂർ കോസ്‌മോഡ്രോമിലെത്തിച്ചുവെന്നാണ് വാദം. കസാഖ്‌സ്താനിൽനിന്ന് പാട്ടത്തിനെടുത്ത കോസ്‌മോഡ്രോം റഷ്യയുടെ നിയന്ത്രണത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP