Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെതിരെ കടുത്ത മുന്നറിയിപ്പുമായി അൽ-ഖ്വയ്ദ രംഗത്ത്; പള്ളികൾ സിനിമാതിയേറ്ററുകളായി മാറ്റുന്ന രാജകുമാരന്റെ പാപം നോക്കി നിൽക്കുകയില്ലെന്ന് ഇസ്ലാമിക ഭീകര സംഘടന; കിരീടാവകാശിയുടെ സുരക്ഷ വർധിപ്പിച്ച് സൗദി

പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെതിരെ കടുത്ത മുന്നറിയിപ്പുമായി അൽ-ഖ്വയ്ദ രംഗത്ത്; പള്ളികൾ സിനിമാതിയേറ്ററുകളായി മാറ്റുന്ന രാജകുമാരന്റെ പാപം നോക്കി നിൽക്കുകയില്ലെന്ന് ഇസ്ലാമിക ഭീകര സംഘടന; കിരീടാവകാശിയുടെ സുരക്ഷ വർധിപ്പിച്ച് സൗദി

സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം എടുത്ത് മാറ്റിയും മ്യൂസിക് കൺസർട്ടുകളും സിനിമാപ്രദർശനവും തിരിച്ച് കൊണ്ട് വന്നും സൗദിയെ കടുത്ത മതനിലപാടുകളിൽ നിന്നും മിതവാദ ഇസ്ലാം രാഷ്ട്രമാക്കാൻ അവിടുത്തെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണല്ലോ. എന്നാൽ പള്ളികളെ സിനിമാ തിയേറ്ററുകളാക്കി മാറ്റുന്ന രാജകുമാരന്റെ പാപം നോക്കി നിൽക്കാൻ സാധിക്കില്ലെന്ന കടുത്ത ഭീഷണി മുഴക്കി അൽഖ്വയ്ദ രംഗത്തെത്തിയിരിക്കുകയാണ്. നാളിതുവരെ ലോകമാകമാനം നിരവധി കടുത്ത ഭീകരാക്രമണങ്ങൾ നടത്തി നിരവധി പേരെ വധിച്ച ഇസ്ലാമിക ഭീകര സംഘടന ഭീഷണിയുമായി മുന്നോട്ട് വന്നതോടെ രാജകുമാരന്റെ സുരക്ഷ മുമ്പില്ലാത്ത വിധം സൗദി വർധിപ്പിച്ചിട്ടുണ്ട്.

യെമൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദ ഗ്രൂപ്പാണ് വെള്ളിയാഴ്ച തങ്ങളുടെ മഡാഡ് ന്യൂസ് ബുള്ളറ്റിനിലൂടെ പുറത്ത് വിട്ടിരിക്കുന്ന പ്രസ്താവനയിലൂടെ എംബിഎസിനെതിരെ കടുത്ത ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് ഈ ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഉയർത്തുന്നത്. ഇമാമുമാരുടെ പുസ്തകങ്ങളെ നിഷേധിക്കുന്ന എംബിഎസ് നിരീശ്വരവാദികളുടെ ആശയങ്ങളാൽ പ്രചോദിതനാകുന്നുവെന്നും ഇതിന് പുറമെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള മതേതരവാദികളോട് രാജകുമാരന് ചായ്‌വുണ്ടെന്നും രാജ്യത്തിന്റെ വാതിലുകൾ അഴിമതിക്കായും ധാർമിക മൂല്യങ്ങൾ അധപതിക്കുന്നതിനായും തുറന്നിട്ടിരിക്കുന്നുവെന്നും അൽ-ഖ്വയ്ദ ആരോപിക്കുന്നു.

യെമനിൽ നടന്ന് വരുന്ന യുദ്ധത്തിനിടെ അൽഖ്വയ്ദ അഥവാ എക്യുഎപി ഇവിടെ തഴച്ച് വളർന്നിട്ടുണ്ട്. ഇവിടെ ഇവർക്കെതിരെ സൗദി ഹുതി റിബലുകളുമായി ചേർന്ന് സൈനിക നീക്കം നടത്തുന്നുമുണ്ട്. മെക്കയ്ക്ക് സമീപമുള്ള ജിദ്ദയിൽ ഏപ്രിലിൽ ഡബ്ല്യൂഡബ്ല്യൂഇ റോയൽ റംബിൾ ഇവന്റ് നടത്തിയതിനെയും അൽഖ്വയ്ദ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ഈ ഇവന്റിൽ പങ്കെടുക്കാൻ കുരിശുധരിച്ച അവിശ്വാസികൾ മുസ്ലിം ചെറുപ്പക്കാർക്കൊപ്പം അണിനിരന്നതിനെയും ഭീകരസംഘടന കുറ്റപ്പെടുത്തുന്നു. വിശുദ്ധ നഗരമായ മെക്കയ്ക്ക് സമീപം ഇത്തരമൊരു ഇവന്റ് സംഘടിപ്പിച്ചതിന്റെ പേരിൽ അൽഖ്വയ്ദ എംബിഎസിനെ കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്.

സൗദിയിൽ വിപ്ലകരമായ പരിഷ്‌കരണം നടത്തുന്നതിന്റെ ഭാഗമായി അഴിമതിക്കെതിരെ എംബിഎസ് കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഴിമതിക്കാരായ മറ്റൊരു രാജകുമാരനടക്കം 49 പേരെ അദ്ദേഹം കുറച്ച് മുമ്പ് അകത്താക്കിയിരുന്നു. ഇതിന്റെ പേരിൽ സൗദി രാജകുടുംബത്തിൽ വരെ എംബിഎസിന് ശത്രുക്കളുണ്ട്. സൗദിയെ മിതവാദ രാജ്യമാക്കുന്നതിന് പുറമെ 500 ബില്യൺ ഡോളർ മുതൽ മുടക്കി രാജ്യത്ത് പുതിയൊരു നിക്ഷേപക സൗഹൃദ ബിസിനസ് സോണും നഗരവും സ്ഥാപിക്കാനും രാജകുമാരൻ ഒരുങ്ങുന്നുണ്ട്. വിഷൻ 2030 എന്നാണ് തന്റെ സ്വപ്ന പദ്ധതികൾക്ക് രാജകുമാരൻ പേര് നൽകിയിരിക്കുന്നത്. ഇതെല്ലാം യാഥാസ്ഥിതിക മുസ്ലീങ്ങളെ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP