Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെയ്റ്റ് മോസിനെയും കെയ്റ്റ് രാജകുമാരിയെയും ഒക്കെ പുറത്തുചാടിച്ച് ഫാഷൻ ലോകം; മേഘൻ ഓരോ തവണയും പുറത്തിറങ്ങുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കടകളിൽ വിറ്റുപോകുന്നത് ചൂടപ്പംപോലെ; ഫാഷൻ ലോകത്തെ മഹാത്ഭുതമായി ഹാരിയുടെ പ്രതിശ്രുത വധു

കെയ്റ്റ് മോസിനെയും കെയ്റ്റ് രാജകുമാരിയെയും ഒക്കെ പുറത്തുചാടിച്ച് ഫാഷൻ ലോകം; മേഘൻ ഓരോ തവണയും പുറത്തിറങ്ങുമ്പോൾ ഇട്ടിരിക്കുന്ന വസ്ത്രം കടകളിൽ വിറ്റുപോകുന്നത് ചൂടപ്പംപോലെ; ഫാഷൻ ലോകത്തെ മഹാത്ഭുതമായി ഹാരിയുടെ പ്രതിശ്രുത വധു

വില്യം രാജകുമാരൻ കെയ്റ്റ് മിഡിൽടണിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് കെയ്റ്റ് മോസിനെപ്പോലുള്ള സൂപ്പർ മോഡലുകളായിരുന്നു ബ്രിട്ടനിലെ ഫാഷൻ പ്രേമികളുടെ താത്പര്യങ്ങളെ നിയന്ത്രിച്ചുകൊണ്ടിരുന്നത്. കെയ്റ്റ് രാജകുമാരിയായി എത്തിയതോടെ ഫാഷൻ സങ്കൽപ്പങ്ങളിൽ കെയ്റ്റിന്റെ വസ്ത്രങ്ങൾ ഇടം പിടിച്ചു. എന്നാലിപ്പോൾ സൂപ്പർമോഡലുകളെയും കെയ്റ്റ് രാജകുമാരിയെപ്പോലും അപ്രസക്തമാക്കി മറ്റൊരാളുടെ ഫാഷൻ സങ്കൽപ്പങ്ങൾ ബ്രിട്ടന്റെയും ഫാഷനായി മാറുകയാണ്.

ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഘൻ മെർക്കൽ അണിയുന്ന വസ്ത്രങ്ങളാണ് ബ്രിട്ടനിലെ പുതിയ തരംഗം. മേഘൻ അണിയുന്ന വസ്ത്രവും ആഭരണവും മറ്റ് വസ്തുക്കളും ഏത് മോഡലിലുള്ളതും ഏത് ബ്രാൻഡിലുള്ളതുമാണെന്ന് തിരയുകയാണ് ഫാഷൻ പ്രേമികൾ. അപ്പപ്പോൾ അവ കണ്ടെത്തുകയും അതെവിടെ ലഭ്യമാവുമെന്ന് ജനങ്ങളെ അറിയിക്കുന്നതിന് മത്സരിക്കുകയാണ് ഫാഷൻ രംഗത്തെ ബ്ലോഗർമാരും.

ബ്ലോഗുകളിൽ ഈ വിശദാംശങ്ങൾ വന്നുതുടങ്ങുന്ന നിമിഷം മുതൽ ഫാഷൻ സ്റ്റോറുകളിൽ തിരക്കേറുകയായി. സ്‌റ്റെല്ല മക്കാർട്ടിനി മുതൽ മാർക്ക്‌സ് ആൻഡ് സ്‌പെൻസർ വരെയുള്ള സ്റ്റോറുകളിലൊക്കെ എത്തുന്നവർക്ക് ഇപ്പോൾ മേഘൻ അണിഞ്ഞ മോഡലിലുള്ള വസ്ത്രവും ആഭരണങ്ങളും ചെരിപ്പും മറ്റും മതി. മേഘൻ അണിഞ്ഞ മോഡലിലുള്ള ഉത്പന്നങ്ങൾ സ്റ്റോറുകളിൽനിന്ന് മിനിറ്റുകൾക്കകം, ചിലപ്പോൾ സെക്കൻഡുകൾക്കകം വിറ്റുപോകുന്ന സ്ഥിതിയാണെന്ന് ഫാഷൻ രംഗത്തുള്ളവർ പറയുന്നു.

വർഷങ്ങളോളം ബ്രിട്ടീഷ് ഫാഷൻ ലോകത്ത് തരംഗമായി നിന്ന കെയ്റ്റ് രാജകുമാരിയെ പിന്തുടരുന്നവർ പ്രതിവർഷം നൂറുകോടി പൗണ്ടിന്റെയെങ്കിലും വ്യാപാരം ഫാഷൻ ലോകത്തുണ്ടാക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, കെയ്റ്റിനെ മേഘൻ അതിവേഗം മറികടക്കുമെന്ന് വോഗ് എഡിറ്റർ എഡ്വേർഡ് എന്നിൻഫുൽ പറയുന്നു. ഫാഷൻ കച്ചവടരംഗത്ത് മേഘൻ അതിവേഗമാണ് തരംഗമായി മാറുന്നത്. മെയ് 21-ന് ഹാരിയുമായുള്ള വിവാഹം കഴിയുന്നതോടെ മേഘനോടുള്ള ബ്രിട്ടീഷ് ജനതയുടെ ഭ്രമം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് ഫാഷൻ ലോകം.

ലളിതവും സുന്ദരവുമെന്നാണ് മേഘന്റെ ഫാഷൻ സങ്കൽപ്പങ്ങളെ യുവാക്കൾ വിലയിരുത്തുന്നത്. 2011 മുതൽ 2017 വരെ മേഘൻ ജീവിച്ച ടൊറന്റോയിലും അവരുടെ ഫാഷൻ ശ്രദ്ധ നേടിയിരുന്നു. ഏച്ചുകെട്ടലെന്ന് തോന്നിപ്പിക്കാത്ത ശരീരത്തിന് അനുയോജ്യമായ ഫാഷൻ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് മേഘനെന്ന് കനേഡിയൻ ബ്രാൻഡായ ലൈൻ ദ ലേബലിന്റെ ഉടമ ജോൺ മസ്‌കറ്റ് പറയുന്നു.

ഹാരി രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തിന് മേഘൻ ധരിച്ചിരുന്ന വെള്ള കോട്ട് ഈ ബ്രാൻഡിന്റേതായിരുന്നു. അഞ്ചുവർഷമായി മേഘനുവേണ്ടി ലൈൻ ദ ലേബൽ വസ്ത്രങ്ങൾ രൂപകൽപ ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP