Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ബസിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിയിലേക്ക് അടുക്കുന്നു; കൂട്ടിയിടിക്കും മുമ്പ് തകർക്കാൻ പദ്ധതിയൊരുക്കി നാസ; , 2027ൽ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്ന് ഗവേഷകർ; മോക് ഡ്രിൽ നടത്താനും ആലോചന

ബസിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിയിലേക്ക് അടുക്കുന്നു; കൂട്ടിയിടിക്കും മുമ്പ് തകർക്കാൻ പദ്ധതിയൊരുക്കി നാസ; , 2027ൽ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്ന് ഗവേഷകർ; മോക് ഡ്രിൽ നടത്താനും ആലോചന

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമാക്കി ബഹിരാകാശത്ത് നിന്നും ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ കണ്ടെത്തൽ. ഭൂമിയുടെ അടുത്തെത്തുന്ന വസ്തുക്കളെ (near earth object) നിരീക്ഷിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാർച്ച് 26നാണ് 2019 പി.ഡി.സി എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഒമ്പത് വർഷങ്ങൾക്ക് ശേഷം 2027ൽ ഇത് ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ് നാസയുടെ വിലയിരുത്തൽ. ഇത് തടയുന്നതിനായി എന്ത് ചെയ്യുമെന്ന് ആലോചിക്കാൻ നാസയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.

നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ചേർന്ന് 2019 പി.ഡി.സിയെ തകർക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക സംവിധാനം ഉപയോഗിച്ച് പരീക്ഷിക്കും. ഭൂമിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന നിമിഷത്തിൽ തന്നെ ഛിന്നഗ്രഹത്തെ തകർക്കാനുള്ള ശേഷി നിലവിൽ തങ്ങൾക്കുണ്ടെന്നാണ് നാസയുടെ അവകാശവാദം.2019 പിഡിസി ഭൂമിക്കു നേരെ വരുമ്പോൾ എങ്ങനെ പ്രതിരോധിക്കുമെന്നറിയാൻ ലോകമെമ്പാടുമുള്ള വാനശാസ്ത്ര ഗവേഷകർ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുകയാണ്.

വാഷിങ്ടനിൽ നടക്കുന്ന ഈ വർഷത്തെ പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിന്റെ ഭാഗമായാണു കൂടിക്കാഴ്ച. വിവിധ ഏജൻസികൾ ഈ ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഇഎസ്എ ഓപറേഷൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായും ഏതാനും നാളുകളായി നൽകിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഇഎസ്എയുടെ നേതൃത്വത്തിൽ ഛിന്നഗ്രഹത്തെ നേരിടുന്നത് ലൈവായി നൽകുന്നത്. ഇത്രയും നാളും തികച്ചും രഹസ്യമായിരുന്നു എല്ലാം.

എന്നാൽ ഭൂമിയിൽ നിന്ന് ഏറെ അകലെ പ്ലൂട്ടോയുടെ ഭാഗത്തായി കാണപ്പെട്ട ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഒരുപക്ഷേ ഏതെങ്കിലും സാഹചര്യത്തിൽ ഗതിമാറി ഇത് ഭൂമിയിലേക്ക് എത്തിയാൽ തടയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനങ്ങൾ.ആദ്യഘട്ടത്തിൽ ഈ ഛിന്നഗ്രഹം ഭൂമിയിലെത്തുന്നതിന് 50000ൽ ഒരു സാധ്യത മാത്രമാണ് ശാസ്ത്രജ്ഞർ കൽപ്പിച്ചിരുന്നത്. തുടർന്ന് ദിവസങ്ങളോളം നിരീക്ഷണം തുടർന്നപ്പോൾ 2019 പി.സി.ഡി ഭൂമിയുമായി കൂട്ടിയിടിക്കാൻ ഒരു ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി.

തുടർന്നാണ് അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ തീരുമാനിച്ചത്. തുടർന്ന് ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ ഇടയുള്ള റിസ്‌ക് കോറിഡോർ ശാസ്ത്രജ്ഞർ കണ്ടെത്തി. അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, അന്റ്‌ലാന്റിക്, പസഫിക് സമുദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപഗ്രഹം പതിക്കാൻ സാധ്യതയുള്ളത്. അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ തയ്യാറാണെന്നുമാണ് നാസയുടെ അറിയിപ്പ്.

2019 പിഡിസി എന്ന ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥവും ഭൂമിയിൽ ഇതു വന്നിടിക്കാൻ സാധ്യതയുള്ള മേഖലകളുടെ മാപ്പും വരെ നാസ തയാറാക്കി ട്വീറ്റ് ചെയ്തിരുന്നു. എല്ലാം സാങ്കൽപികമായിരുന്നെന്നു മാത്രം.ഇങ്ങനെയൊക്കെയാണെങ്കിലും ഛിന്നഗ്രഹങ്ങളുടെ വരവിനെ നിസ്സാരമായി തള്ളിക്കളയരുതെന്നു പറയുന്നു നാസ. സൂര്യനു ചുറ്റും കറങ്ങുന്ന, ലോഹങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ ബഹിരാകാശ വസ്തുക്കളാണ് ആസ്റ്ററോയ്ഡുകൾ അഥവാ ഛിന്നഗ്രഹങ്ങൾ. ഭൂമിയിൽ ഇവയിലൊന്നു വന്നിടിച്ചാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രവചനാതീതമാണ്.

ഭൂമിക്ക് അടുത്ത കാലത്തോ ഈ നൂറ്റാണ്ടിലോ പോലും ഒരു ഛിന്നഗ്രഹത്തിന്റെ ഭീഷണി ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെ ഗവേഷകർ കരുതിയിരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനോടു ചേർന്നുള്ള ഇരുപതിനായിരത്തോളം ഛിന്നഗ്രഹങ്ങളെ ഇക്കഴിഞ്ഞ 20 വർഷം കൊണ്ടു നാസയുടെ നേതൃത്വത്തിൽ തിരിച്ചറിഞ്ഞു പട്ടിക തിരിച്ചിട്ടുമുണ്ട്. ഇവ കൂടാതെ നൂറ്റി അൻപതോളം F³CHIളെ ഓരോ മാസവും പുതുതായി കണ്ടെത്തുന്നു.

പുതുതായി പട്ടികയിലേക്കു വരുന്നവരാണ് ഗവേഷകരുടെ ആശങ്കയ്ക്കു കാരണം. അപ്രതീക്ഷിതമായി ഒരു ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാൽ എന്തു ചെയ്യണം എന്നതിന്റെ മോക് ഡ്രിൽ അതിനാലാണ് നാസ ഏറെ പ്രാധാന്യത്തോടെ നടപ്പാക്കുന്നതും. ഇതിന്റെ ഭാഗമായാണ് 'വ്യാജ' ഛിന്നഗ്രഹത്തെ സൃഷ്ടിച്ചതും നേരിടാനുള്ള വഴികൾ ആലോചിച്ചതും.


ശാസ്ത്രജ്ഞർ, ബഹിരാകാശ ഗവേഷകർ, സുരക്ഷാ വിഭാഗം, സിവിൽ പ്രൊട്ടക്ഷൻ ഏജൻസി, പ്രതിരോധ വകുപ്പ് തുടങ്ങിയവയെല്ലാം ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ പക്ഷേ ഒന്നും വ്യജമായിരുന്നില്ല. എല്ലാവരും വളരെ ഗൗരവത്തോടെയാണ് സംഭവത്തിനോടു പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. #FICTIONALEVENT എന്ന ഹാഷ്ടാഗോടെ ഇവർ ട്വിറ്ററിൽ നൽകുന്ന കാര്യങ്ങൾ തന്നെയായിരിക്കും യഥാർഥത്തിൽ ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാലും ഉണ്ടാവുക.

രാജ്യങ്ങളുടെ പ്രതിനിധി, സ്‌പെയ്‌സ് ഏജൻസികളുടെ പ്രതിനിധി, ബഹിരാകാശ ശാസ്ത്രജ്ഞൻ, സിവിൽ പ്രൊട്ടക്ഷൻ ഓഫിസർ എന്നിങ്ങനെ മോക് ഡ്രില്ലിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ഓരോ 'ടാസ്‌ക്' ഉണ്ട്. ഇതിന്റെ അപ്‌ഡേഷനുകളാണ് @esaoperations എന്ന ട്വിറ്റർ ഹാൻഡിൽ വഴി ലഭ്യമാക്കുന്നത്. ഭൂമിക്കു നേരെ വരുന്ന ഛിന്നഗ്രഹത്തെ നേരിടുന്നതിന്റെ വിശദവിവരങ്ങൾ ഏപ്രിൽ 29 മുതൽ മെയ്‌ മൂന്നു വരെ ലൈവായും ലഭ്യമാക്കുന്നുണ്ട്.

'പുറത്തു നിന്നുള്ള ഒരു വസ്തുവിന്റെ ആഘാതത്തിൽനിന്നു ഭൂമിയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ആ വസ്തുവിനെപ്പറ്റി പഠിക്കുക എന്നതാണ്. എന്നാൽ മാത്രമേ എത്രമാത്രം മുന്നറിയിപ്പ് ഏതെല്ലാം രാജ്യങ്ങൾക്കു നൽകണം എന്നു മനസ്സിലാക്കാനാവുക. അതുവഴി നാശനഷ്ടങ്ങളുടെ തോത് ഏറെ കുറയ്ക്കാനും...' ഇഎസ്എയിലെ പ്ലാനറ്ററി ഡിഫൻസ് വിഭാഗം തലവൻ റൂഡിഗർ ജെൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP