Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വംശീയതയോ അതോ കഴിവില്ലായ്മയോ? ബ്രിട്ടനിൽ അച്ചടക്ക നടപടിക്ക് വിധേയരാകുന്ന ഡോക്ടർമാരിൽ 70 ശതമാനവും വിദേശികൾ; ഏറ്റവും കൂടുതൽ പേർ ഇന്ത്യാക്കാർ

വംശീയതയോ അതോ കഴിവില്ലായ്മയോ? ബ്രിട്ടനിൽ അച്ചടക്ക നടപടിക്ക് വിധേയരാകുന്ന ഡോക്ടർമാരിൽ 70 ശതമാനവും വിദേശികൾ; ഏറ്റവും കൂടുതൽ പേർ ഇന്ത്യാക്കാർ

ബ്രിട്ടീഷ് മെഡിക്കൽ കൗൺസിൽ അച്ചടക്ക നടപടി എടുക്കുകയും മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്യുകയും ചെയ്ത ഡോക്ടർമാരിൽ 70 ശതമാനം പേരും വിദേശ ഡോക്ടർമാർ. അവരിൽ തന്നെ ഏറ്റവും മുൻപിൽ ഇന്ത്യൻ ഡോക്ടർമാർ. ഈ റിപ്പോർട്ട് പുറത്ത് വന്നതോടെ രണ്ട് തരം ചർച്ചകൾ സജീവമായി. ഇന്ത്യാക്കാരടങ്ങിയ വിദേശ ഡോക്ടർമാരുടെ കഴിവില്ലായ്മയാണ് അച്ചടക്ക നടപടിയിലേക്ക് നയിക്കുന്നതെന്ന് ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ പറയുമ്പോൾ വിദേശ ഡോക്ടർമാർ പറയുന്നത് അവർ നേരിടുന്ന കടുത്ത വംശീയ വിവേചനത്തിന്റെ ഭാഗമാണ് ഇതെന്നാണ്. വംശീയ വെറി പൂണ്ടവർ മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.

2015ൽ മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്തവരിൽ നാലിൽ മൂന്ന് ഭാഗം പേരും വിദേശ ഡോക്ടർമാരാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. മൂന്ന് വർഷം മുമ്പും ഇത് തന്നെയായിരുന്നു സ്ഥിതിയെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. യുകെയിൽ ഡോക്ടർമാരാകുന്നതിനുള്ള കോംപിറ്റൻസി ടെസ്റ്റുകൾ കടുത്തതാക്കുന്നതിന് പുറമെയാണ് ഇത്തരം വിവേചനപരമായ നടപടികളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഡോക്ടർമാർക്കെതിരെ പ്രയോഗിക്കുന്നത്.

ഡെയിലി മെയിൽ സമർപ്പിച്ച ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റ് പ്രകാരമാണ് ഇതു സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ ബ്രിട്ടനിൽ നിന്നും 374 ഡോക്ടർമാരെ പുറത്താക്കിയിട്ടുണ്. ഇതിൽ 273 പേരും വിദേശങ്ങളിൽ നിന്നും വൈദ്യപരിശീലനം നേടിയവരാണ്. അതു പോലെ തന്നെ 2014ൽ മെഡിക്കൽ രജിസ്റ്ററിൽ നിന്നും പേര് നീക്കം ചെയ്ത 85 പേരിൽ 66 പേരും വിദേശ ഡോക്ടർമാരാണെന്നും വ്യക്തമായിട്ടുണ്ട്.

2015ൽ പുറത്താക്കിയ 68 ഡോക്ടർമാരിൽ 48 പേരും വിദേശത്ത് നിന്നുള്ളവരാണ്. മെഡിക്കൽ രജിസ്റ്ററിലുള്ള 27,000 ഡോക്ടർമാരിൽ വെറും മൂന്നിലൊന്ന് മാത്രമാണ് വിദേശത്ത് നിന്നുള്ളവർ. എന്നാൽ ഇത്തരം ശിക്ഷാ നടപടികൾക്ക് വിധേയരാകുന്ന കാര്യത്തിൽ വിദേശ ഡോക്ടർമാർ ബ്രിട്ടീഷുകാരായ ഡോക്ടർമാരേക്കാൾ അഞ്ചിരട്ടി മുന്നിലാണെന്നാണ് കണക്കുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ തരത്തിലുള്ള കണക്കുകൾ വെളിച്ചത്ത് വന്നപ്പോൾ വിദേശ ഡോക്ടർമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽകൂടുതൽ കർക്കശമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുമെന്ന് ജിഎംസി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ജൂനിയർ ഡോക്ടർമാരുടെ സമരഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നാഷണൽ ലൈസൻസിങ് പരീക്ഷ തൽക്കാലത്തേക്ക് നടത്തേണ്ടെന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഈ പരീക്ഷ നടത്താൻ ഡെഡ്‌ലൈനൊന്നും തീരുമാനിച്ചിട്ടുമില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഒരു ഇടക്കാല മാനദണ്ഡമെന്ന നിലയിൽ വിദേശത്ത് നിന്നുള്ള മെഡിക്കൽ ബിരുദധാരികളെ ഇവിടെ നിയമിക്കുന്ന സമയത്ത് കടുത്ത മാനദണ്ഡങ്ങൾ അടുത്ത വർഷം ലോഞ്ച് ചെയ്യാൻ ജിഎംസി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മാനദണ്ഡങ്ങളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേർസ് അസോസിയേഷൻ (ബിഡ) ചെയർമാനായ ചന്ദ്ര കന്നെഗന്റി പറയുന്നത്. വിദേശത്ത് നിന്നുള്ള ഡോക്ടർമാർക്ക് ബ്രിട്ടനിലുള്ളവരേക്കാൾ നിലവാരം കുറഞ്ഞ പരിശീലനമായിരിക്കും ലഭിച്ചിരിക്കുന്നതെന്ന തെറ്റിദ്ധാരണ ഇവിടെ ശക്തമാണ്. അതായത് ഒരു രോഗിയെ വിവിധ ഡോക്ടർമാർ ചികിത്സിക്കുന്നുവെങ്കിൽ രോഗിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുകയാണെങ്കിൽ അതിന്റെ കുറ്റം അക്കൂട്ടത്തിൽ ഏഷ്യൻ ഡോക്ടറുണ്ടെങ്കിൽ അയാളുടെ മേലേയ്ക്ക് ചുമത്താനുള്ള പ്രവണത ഇവിടെ ശക്തമാണെന്നും ഡോ. ചന്ദ്ര ആരോപിക്കുന്നു. ഏഷ്യൻ ഡോക്ടർക്ക് ലഭിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ പരിശീലനമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് പ്രചോദനമേകുന്നത്. 2011നും 2014നും ഇടയിൽ ഇന്ത്യയിൽ നിന്നും ഇവിടെയെത്തിയ നിരവധി ഡോക്ടർമാർ പുറത്താക്കപ്പെട്ടിരുന്നു. ഇവരിൽ 70 ശതമാനവും വിസ നിയമങ്ങൾ കർക്കശമാക്കിയതിനെ തുടർന്നാണ് പുറത്താക്കപ്പെട്ടത്.

വിദേശത്ത് നിന്നെത്തുന്ന പുതിയ ഡോക്ടർമാരല്ല ഇത്തരം പുറത്താക്കലിന് വിധേയരാകുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വർഷങ്ങളായി ഇവിടെ പ്രവർത്തിച്ച് കഴിവു തെളിയിച്ച് സീനിയർ വിദേശ ഡോക്ടർമാരെയാണ് ഇത്തരത്തിൽ കൂടുതലായും പുറത്താക്കിയിരിക്കുന്നത്.പലരെയും ഇംഗ്ലീഷറിയില്ലെന്ന പേരിലാണ് പുറത്താക്കിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരെ താറടിച്ച് കാണിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും തങ്ങൾക്ക് ബ്രിട്ടീഷ് ഡോക്ടർമാരെ പോലെ കഴിവും അറിവുമുണ്ടെന്നും ഡോ. ചന്ദ്ര പറയുന്നു. വർഗവും നിറവും വ്യത്യാസമാണെങ്കിലും വിദേശ ഡോക്ടർമാരിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന സേവനത്തിൽ രോഗികൾക്ക് യാതൊരു വ്യത്യാസവും അനുഭവിക്കാനാവില്ലെന്നും ചന്ദ്ര പറയുന്നു.എന്നാൽ ഇത്തരത്തിൽ വിദേശത്ത് നിന്നുമുള്ള പ്രത്യേകിച്ചും യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള ഡോക്ടർമാരെ ഇത്തരത്തിൽ തത്ത്വദീക്ഷയില്ലാതെ പുറത്താക്കുമ്പോഴും യൂറോപ്യൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിയമത്തിൽ ഇളവ് നൽകി ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കാനാണ് ബ്രിട്ടൻ ശ്രമിക്കുന്നതെന്ന് സമീപകാലത്തെ നിയമമാറ്റങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്.

പുതിയ യൂറോപ്യൻ യൂണിയൻ നിയമപ്രകാരം യൂറോപ്യൻ യൂണിയൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പുതിയ ഇലക്ട്രോണിക് പാസ്‌പോർട്ട് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അവർക്ക് ഓട്ടോമാറ്റിക്കായി ബ്രിട്ടനിലെ ഹോസ്പിറ്റലുകളിൽ ജിപി സർജറികളിൽ പ്രാക്ടീസ് ചെയ്യാൻ സാധിക്കും. ഇത്തരത്തിലുള്ള പാസ്‌പോർട്ടുകൾ നഴ്‌സുമാർക്കും മിഡ് വൈഫുമാർക്കും ജനുവരി ഒന്ന് മുതൽ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഡോക്ടർമാർക്ക് ഇത് രണ്ടു വർഷത്തിനുള്ളിലും നൽകുന്നതാണ്. അതായത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആദ്യ പരിശോധന പോലുമില്ലാതെ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിക്കാനാണ് യുകെ റെഗുലേറ്റർമാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 11,000 യുറോപ്യൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമാണ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. ഹെൽത്ത് സർവീസിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതിനാൽ ഇത്തരക്കാരുടെ എണ്ണം സ്ഥിരമായി വർധിക്കുന്ന പ്രവണതയാണുള്ളതെന്നും കാണാം. എന്നാൽ ഇത്തരത്തിൽ വേണ്ടത്ര പരിശോധനകളില്ലാതെ ഇവിടെ എത്തുന്ന ഡോക്ടർമാരും നഴ്‌സുമാരും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഈ അടുത്ത കാലത്ത് എൻഎച്ച്എസിൽ നിന്നും പുറത്താക്കിയ വിദേശ ഡോക്ടർമാർ ഏറെയാണ്. ഏഷ്യൻ ഡോക്ടറായ മഗ്ദി സെലിം അക്കൂട്ടത്തിൽ പെട്ട ഒരാളാണ്. ചികിത്സയിലായിരുന്ന രോഗികളുടെ രഹസ്യവിവരങ്ങൾ അനധികൃതമായി കൈമാറിയെന്ന കുറ്റമാരോപിച്ചായിരുന്നു അദ്ദേഹത്തെ പുറത്താക്കിയിരുന്നത്. ഇന്ത്യൻ ഡോക്ടർമാർ കക്കൂസ് കഴുകാനെ കൊള്ളുകയുള്ളുവെന്ന വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്ന് സിറിയൻ ഡോക്ടറായ റാഗെബ് നൗമാന മെഡിക്കൽ രജിസ്ട്രറിൽ നിന്ന് പേര് നീക്കം ചെയ്യലിന് വിധേയമാക്കിയത് ഈ മാസമായിരുന്നു. അതു പോലെ തന്നെ കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിചയസമ്പന്നനും യുകെയിൽ വളരെക്കാലമായി പ്രവർത്തിക്കുന്നയാളുമായ പോളിഷുകാരനായ ഹൃദ്രോഗ വിദഗ്ധായ ഡോ. തോമസ് ഫ്രൈസ്ലെവിക്‌സിന് ഇംഗ്ലീഷ് അറിയില്ലെന്ന പേരിൽ പുറത്താക്കൽ ഭീഷണി നേരിട്ടിരുന്നു. ഇദ്ദേഹം രോഗികളെ ചികിത്സിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് അധികൃതർ മുന്നറിയിപ്പേകിയിരിക്കുന്നത്.

മൂന്ന് പ്രാവശ്യം ഇംഗ്ലീഷ് ടെസ്റ്റിൽ പങ്കെടുത്തിട്ടും പാസായില്ലെന്നതിനാലാണ് അദ്ദേഹത്തിനെതിരെ പുറത്താക്കൽ ഭീഷണി ഉയർന്നിരുന്നത്. 2006ൽ ബ്രിട്ടനിലെത്തിയ സേവനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെ ചൊല്ലി അധികൃതർക്ക് 2014ലാണ് ഉത്കണ്ഠകളുണ്ടായതെന്നതും വിചിത്രമാണ്.വിദേശ ഡോക്ടറായ ഡോ. ഡാനിയേൽ ഉബാനി ഡേവിഡ്‌ ്രേഗ എന്ന 70 കാരന് പരിധിയിൽ കവിഞ്ഞ ഡോസിലുള്ള മരുന്ന് നൽകിയതിനെ തുടർന്ന്‌ ്രേഗ മരിച്ചിരുന്നു. ഉബാനിക്ക് ഇംഗ്ലീഷിലുള്ള അവഗാഹക്കുറവാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന ആരോപണം തുടർന്ന് ശക്തമായിരുന്നു. തുടർന്നാണ് വിദേശ ഡോക്ടർമാരുടെ ഭാഷാപരിജ്ഞാനത്തിന് കർക്കശ നിയമങ്ങൾ നടപ്പിലാക്കാനാരംഭിച്ചത്. 2008ൽ ഗ്രേയ്ക്കുണ്ടായ ദുരന്തത്തിന് മുമ്പ് യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള ഡോക്ടർമാർക്ക് മാത്രമായിരുന്നു കർക്കശമായ ഭാഷാ പരിശോധന ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് യൂറോപ്പിനകത്ത് നിന്നെത്തുന്ന ഡോക്ടർമാർക്കും ഇംഗ്ലീഷ് ഭാഷാ പരിചയവും പരിശോധനയും നിർബന്ധമാക്കിയതിനെ തുടർന്നാണ് തോമസിനെപ്പോലുള്ള ഡോക്ടർമാർക്ക് നേരെയും പുറത്താക്കൽ ഭീഷണിയുയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP