Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹംഗറി അതിർത്തി അടച്ചതോടെ അഭയാർത്ഥികൾ ക്രൊയേഷ്യയിലേക്ക് ഒഴുകി; ആദ്യ ദിവസം 9000 പേർ എത്തിയതോടെ ക്രൊയേഷ്യയും അതിർത്തി അടച്ചു

ഹംഗറി അതിർത്തി അടച്ചതോടെ അഭയാർത്ഥികൾ ക്രൊയേഷ്യയിലേക്ക് ഒഴുകി; ആദ്യ ദിവസം 9000 പേർ എത്തിയതോടെ ക്രൊയേഷ്യയും അതിർത്തി അടച്ചു

ഭയാർത്ഥികളോട് ക്രൊയേഷ്യ പ്രകടിപ്പിച്ച സഹാനുഭൂതിയും അനുകമ്പയും ഉദാരമനോഭാവവും മണിക്കൂറുകൾക്കം ഇല്ലാതായ അവസ്ഥയാണുണ്ടായിരിക്കുന്നത്. അഭയാർത്ഥി പ്രവാഹം തടയാനായി സെർബിയയുമായുള്ള അതിർത്തികളെല്ലാം ഹംഗറി അടച്ചതോടെ സിറിയയിൽ നിന്നും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾക്ക് യൂറോപ്പിലേക്ക് പോകാൻ തങ്ങൾ വഴിയൊരുക്കുമെന്ന് ക്രൊയേഷ്യ കഴിഞ്ഞ ദിവസമായിരുന്നു പ്രസ്താവിച്ചിരുന്നത്. അതിനെത്തുടർന്ന് രാജ്യത്തേക്ക് അഭയാർത്ഥികൾ നിയന്ത്രണാതീതമായി പ്രവഹിച്ചതിനെ തുടർന്ന് ഇതത്ര പന്തിയല്ലെന്നും പറഞ്ഞ കാര്യം പ്രാവർത്തികമാക്കുക ബുദ്ധിമുട്ടാണെന്നും മനസിലാക്കിയ ക്രൊയേഷ്യയും അഭയാർത്ഥികൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനെ തുടർന്ന് സെർബിയയിലേക്കുള്ള തങ്ങളുടെ അതിർത്തികളെല്ലാം കൊട്ടിയടയ്ക്കാൻ ക്രൊയേഷ്യ നിർബന്ധിതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹംഗറി അതിന്റെ സെർബിയൻ അതിർത്തികൾ അടച്ചതോടെയാണ് അഭയാർത്ഥികൾ നിയന്ത്രണമില്ലാതെ ക്രൊയേഷ്യയിലേക്ക് ഒഴുകാൻ ആരംഭിച്ചത്.ആദ്യദിവസം 9000 പേർ രാജ്യത്തെത്തിയതോടെ അതിർത്തി അടയ്ക്കൽ നടപടി സ്വീകരിക്കാൻ ക്രൊയേഷ്യയും നിർബന്ധിതമാവുകയായിരുന്നു.

നടപടികൾ ഉദാരമാക്കി 24 മണിക്കൂറിനകം 5650 അഭയാർത്ഥികളായിരുന്നു ക്രൊയേഷ്യയിലെത്തിയിരുന്നത്. സെർബിയയുമായുള്ള കിഴക്കൻ ്തിൽത്തിയിലൂടെയായിരുന്നു ഈ പ്രവാഹം. ഇതിനെ തുടർന്ന് സെർബിയയിലേക്കുള്ള എട്ട് റോഡ് അതിർത്തികളാണ് ക്രൊയേഷ്യ ബ്ലോക്ക് ചെയ്തിരിക്കുന്നത്. തങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ച നൂറുകണക്കിന് അഭയാർത്ഥികൾക്ക് നേരെ ഹംഗേറിയൻ റയട്ട് പൊലീസ് കഴിഞ്ഞ ദിവസം കനത്ത രീതിയിലാണ് പ്രതികരിച്ചത്. കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയാണ് ഹംഗറി അഭയാർത്ഥികളെ പ്രതിരോധിച്ചത്.

ഈ ക്രൂരമായ നടപടിയെ യുഎൻ അടക്കം അപലപിക്കുകയും ചെയ്തിരുന്നു. മുസ്ലിം അഭയാർത്ഥികളെ ഇതു പ്രകാരം തടഞ്ഞ് യൂറോപ്പിന്റെ ക്രിസ്ത്യൻ സംസ്‌കാരം സംരക്ഷിച്ചതിന് ഹംഗേറിയൻ പ്രധാനമന്ത്രി റയട്ട് പൊലീസിനെ അഭിന്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു അഭയാർത്ഥികളോടുള്ള സമീപനം ക്രൊയേഷ്യ ഉദാരമാക്കിയിരുന്നത്. എന്നാൽ മണിക്കൂറുകൾക്കകം നിലപാട് മാറ്റാൻ ഇപ്പോൾ ക്രൊയേഷ്യയും നിർബന്ധിതമായിരിക്കുകയാണ്.

ഇത് യൂറോപ്പിലേക്കുള്ള റോഡല്ലെന്നാണ് ക്രൊയേഷ്യ ഇപ്പോൾ അഭയാർത്ഥികളോട് പറഞ്ഞിരിക്കുന്നത്.ദിവസങ്ങൾക്കകം ക്രൊയേഷ്യയിലേക്ക് 11,000 പേർ എത്തിയതിനാൽ തങ്ങൾക്ക് മുമ്പിൽ മറ്റ് വഴികളില്ലെന്നാണ് ക്രൊയേഷ്യൻ അധികൃതർ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിലേക്ക് എളുപ്പത്തിൽ എത്താമെന്ന പ്രതീക്ഷയിൽ ആയിരങ്ങളാണ് ക്രൊയേഷ്യയിലേക്കെത്തുന്നത്. ജർമനി, സ്വീഡൻ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താനുള്ള എളുപ്പവഴിയാണിതെന്ന് വിചാരിച്ച് ആരും ക്രൊയേഷ്യയിലൂടെ ഇനി യാത്ര ചെയ്യാൻ പദ്ധതിയിടേണ്ടെന്നാണ് ക്രൊയേഷ്യൻ ഇന്റീരിയർ മിനിസ്റ്ററായ റാങ്കോ ഒസ്‌റ്റോജിക് അഭയാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടേക്കാരും ഇനി വരേണ്ടെന്നും പകരം സെർബിയ, മാസിഡോണിയ, ഗ്രീസ് എന്നിവിടങ്ങളിലുള്ള അഭയാർത്ഥി ക്യാമ്പുകളിൽ തങ്ങിക്കൊള്ളണമെന്നുമാണ് ഇന്റീരിയർ മിനിസ്റ്റർ പറയുന്നത്. ഇവിടെ നിന്നും യൂറോപ്പിലേക്ക് പോകാൻ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നത് കളവാണെന്നും അദ്ദേഹം പറയുന്നു.

ഇതിനെ തുടർന്ന് ക്രൊയേഷ്യൻ അതിർത്തിയിലുള്ള റോഡുകളെല്ലാം കഴിഞ്ഞ രാത്രി അടച്ചിരിക്കുകയാണ്. എന്നാൽ ബെൽഗ്രേഡിനെയും സഗ്രെബിനെയും ബന്ധിപ്പിക്കുന്ന ഒരു മാർഗം മാത്രം തുറന്നിട്ടിട്ടുമുണ്ട്. ഇന്നു രാവിലെ ക്രൊയേഷ്യൻ അതിർത്തി പട്ടണമായ ടോവർനിക്കിൽ റയട്ട് പൊലീസ് അഭയാർത്ഥികളെ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ആയിരക്കണക്കിന് അഭയാർത്ഥികൾ ബസുകളിൽ സെർബിയയിൽ നിന്നെത്തിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇവിടെയെത്തുന്ന മിക്ക അഭയാർത്ഥികളും ക്രൊയേഷ്യയിൽ താമസിക്കാൻ ഉദ്ദേശിക്കുന്നവരല്ല. പകരം പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള മാർഗമായാണ് അവർ ഇതിനെ കാണുന്നത്. മിക്കവരും ഹംഗറിയുടെയും സ്ലോവേനിയയുടെയും അതിർത്തികളിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങളും പാസ്‌പോർട്ട് രഹിത ഷെൻഗൻ പ്രദേശത്തിലുൾപ്പെടുന്നവയാണ്. ഇവിടെയെത്തിയാൽ യൂറോപ്പിലെ 26 രാജ്യങ്ങളിലേക്ക് നിയന്ത്രണമില്ലാതെ കടന്നു ചെല്ലാമെന്നതാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഇതിനിടെ 200 അഭയാർത്ഥികളെയും വഹിച്ചെത്തിയ ഒരു ട്രെയിൻ സ്ലൊവേനിയൻ പൊലീസ് തടഞ്ഞിരുന്നു. ഇതിന് പുറമെ 1000 അഭയാർത്ഥികൾ ഒരൊറ്റ ട്രെയിനിൽ ഹംഗേറിയൻ ബോർഡറിലുള്ള ബെലി മനസ്റ്റിറിലുമെത്തിയിരുന്നു. അവരെ ഒരു മിലിട്ടറി ബേസിൽ രാത്രി കഴിയാൻ അനുവദിക്കുകയും ചെയ്തു. അതിർത്തി അനധികൃതമായി കടക്കാൻ ശ്രമിച്ച ഡസൻ കണക്കിന് അഭയാർത്ഥികളെ ഹംഗേറിയൻ പൊലീസ് തടഞ്ഞിരുന്നു. അഭയാർത്ഥികളോട് ക്രൊയേഷ്യ പുലർത്തുന്ന ഉദാരമനോഭാവത്തെ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ വിമർശിക്കുകയും ചെയ്തിരുന്നു.

ഇന്ന് അതിരാവിലെ ക്രൊയേഷ്യയിലെങ്ങും ബസുകളിൽ കയറാനുള്ള അഭയാർത്ഥികളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ താറുമാറാക്കുന്ന വിധത്തിലായിരുന്നു അഭയാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടായത്. റെയിൽവേ ട്രാക്കുകളിൽ നിന്നും അഭയാർത്ഥികളെ മാറ്റാൻ നൂറോളം പൊലീസ് ഓഫീസർമാരെ നിയോഗിച്ചിരുന്നു. തലസ്ഥാനമായ സഗ്രേബിലെ നൂറുകണക്കിന് അഭയാർത്ഥികൾ ഒരു ഹോട്ടലിൽ തമ്പടിച്ചതിനെ തുടർന്ന് റയട്ട് ഓഫീസർമാർ ഹോട്ടൽ വളഞ്ഞിരുന്നു. അഭയാർത്ഥികൾ ' ഫ്രീഡം.. ഫ്രീഡം' എന്ന് മുദ്രാവാക്യം വിളിക്കുകയും ബാൽക്കണിയിലൂടെയും ജനാലകളിലൂടെയും ടോയ്‌ലറ്റ് പേപ്പർ വലിച്ചെറിയുകയും ചെയ്തിരുന്നു.അഭയാർത്ഥികളെ സഹായിക്കാൻ ക്രൊയേഷ്യ തയ്യാറായിരുന്നെങ്കിലും ഇവരുടെ എണ്ണം നാടകീയമായി കുതിച്ച് കയറിയത് തങ്ങൾക്ക് താങ്ങാനാവുന്നതിലപ്പുറമായിത്തീർന്നിരിക്കുകയാണെന്നാണ് ക്രൊയേഷ്യൻ ഫോറിൻ മിനിസ്റ്ററായ വെസ്‌ന പുസിക് കഴിഞ്ഞ രാത്രി വെളിപ്പെടുത്തിയത്. ഇന്ന് രാവിലെ മാത്രം 5000ത്തോളം അഭയാർത്ഥികളാണ് ക്രൊയേഷ്യൻ തലസ്ഥാനമായ സഗ്രെബിലേക്ക് ട്രെയിനിൽ കയറിയെത്താൻ ശ്രമിച്ചത്. സെർബിയയുടെ അതിർത്തിയിലുള്ള ചെറിയ പട്ടണമായ ടോവർനിക്കിൽ നിന്നായിരുന്നു ഇവർ ട്രെയിൻ കയറാൻ ശ്രമിച്ചതെന്ന് യുഎൻ റഫ്യൂജി ഏജൻസി വെളിപ്പെടുത്തുന്നു. ഇന്നലെ രാത്രി ചെറിയ റെയിൽവേസ്റ്റേഷനിൽ 5000ത്തോളം പേർ ഇതിനായി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP