Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വംശീയറാലികൾ തലപൊക്കുന്നു; കലാപങ്ങൾ പതിവാകുന്നു; കുടിയേറ്റക്കാരെ വിശിഷ്ടാതിഥികളായി കരുതിയിരുന്ന സ്വീഡനും മനസ് മാറ്റുമോ...?

വംശീയറാലികൾ തലപൊക്കുന്നു; കലാപങ്ങൾ പതിവാകുന്നു; കുടിയേറ്റക്കാരെ വിശിഷ്ടാതിഥികളായി കരുതിയിരുന്ന സ്വീഡനും മനസ് മാറ്റുമോ...?

സൈലം എന്ന വാക്ക് അറബിയിൽ ടൈപ്പ് ചെയ്ത് അത് ഒരു സ്മാർട്ട്‌ഫോൺ സെർച്ച് എൻജിനിൽ സെർച്ച് ചെയ്താൽ ഫലങ്ങളിൽ ആദ്യം വരുന്നത് സ്വീഡൻ എന്ന രാജ്യത്തിന്റെ പേരാരിക്കും.....!!!. ചുമ്മാ പറയുന്നതല്ല മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലെത്തുന്ന അഭയാർത്ഥികളുടെ പ്രധാനപ്പെട്ട ആശ്രയമായി കുറച്ച് കാലമായി സ്വീഡൻ തുടരുകയാണ്. യൂറോപ്പിലത്തുന്ന ഏഴിലൊന്ന് അഭയാർത്ഥികൾ സ്വീഡനിലാണെത്തുന്നതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ അഭയാർത്ഥികളോട് എന്നും ഉദാരമായ നിലപാടുകൾ പുലർത്തിയിരുന്ന സ്വീഡന് അത് തിരിച്ചടിയാവുകയാണ്. ഇവിടെ ഇപ്പോൾ വംശീയറാലികൾ തലപൊക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കൂടാതെ കലാപങ്ങൾ നിത്യസംഭവങ്ങളാകുന്നുമുണ്ട്. ഇതോടെ കുടിയേറ്റക്കാരെ വിശിഷ്ടാതിഥികളായി കരുതിയിരുന്ന സ്വീഡനും മനസ് മാറ്റുമോയെന്ന സംശയം ഇപ്പോൾ മുമ്പില്ലാത്ത വിധം ബലപ്പെട്ടിരിക്കുകയാണ്.

ഈ വർഷം മാത്രം ഇവിടെ 9.5 മില്യൺ അഭയാർത്ഥികളാണ് എത്തിച്ചേർന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ക്രിസ്മസോടെ മറ്റൊരു 90,000 പേർ കൂടി സ്വീഡനിലെത്തുമെന്നാണ് കരുതുന്നത്. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, മറ്റ് ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങൽ നിന്നും പലായനം ചെയ്യുന്നരായിരിക്കുമിവർ. 15 വർഷത്തിനുള്ളിൽ തദ്ദേശീയരായ സ്വീഡിഷ് ജനത രാജ്യത്ത് ന്യൂനപക്ഷമായി മാറുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. ഇവിടെ കുടിയേറാനെത്തുന്നവരിൽ മിക്കവരും കുടുംബമായാണ് എത്തുന്നതെന്നതാണ് ഇതിന് കാരണം. അവർക്ക് ഇവിടെ വച്ച് കുട്ടികൾ ജനിക്കുകയും ഇവിടുത്തെ വൈദേശിക ജനസംഖ്യ വർധിക്കാനുള്ള സാഹചര്യവുമാണ് സംജാകമാകാൻ പോകുന്നത്.ഇത് തിരുത്താനാകാത്തെ സാമൂഹിക പരീക്ഷണമാണെന്നാണ് സ്വീഡനിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ ടിനോ സാനൻഡജി പറയുന്നത് ഇറാനിയൻകുർദിഷ് പശ്ചാത്തലമുള്ളയാളാണ് അദ്ദേഹം.ഒരു സമ്പന്ന രാഷ്ട്രം പോലും ശ്രമിക്കാത്ത പരീക്ഷണത്തിനാണ് അഭയാർത്ഥികളെ ഇത്തരത്തിൽ നിയന്ത്രണമില്ലാതെ സ്വാഗതം ചെയ്തതിലൂടെ സ്വീഡൻ അനുവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇവിടുത്തെ ഉദാരമായ ബെനഫിറ്റുകൾ നേടാൻ അഭയാർത്ഥികൾ വൻതോതിൽ വന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്നും സ്വീഡൻ പോലുള്ള ഒരു ചെറിയ രാജ്യത്തിന് അതിന് ഫണ്ട് നൽകാൻ സാധ്യമല്ലെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

സ്വീഡനിലേക്ക് അഭയാർത്ഥികളെ സ്വീകരിക്കുന്നത് അധികൃതർ ഉദാരമായി തുടരുമ്പോഴും സ്വീഡനിലെ തദ്ദേശീയരായ ജനതയ്ക്ക് ഇതിനോടുള്ള നിലപാടുകളിൽ മുമ്പില്ലാത്ത വിധം എതിർപ്പുകളുണ്ടാകാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. തന്റെ രാജ്യം ഇതു മൂലമുള്ള പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ് വെൻ ഈ ആഴ്ച സമ്മതിച്ചിരുന്നു. അഭയാർത്ഥികളുടെ തള്ളിക്കയറ്റമുണ്ടായതിനെ തുടർന്ന് രാജ്യത്ത് പലയിടങ്ങളിലും കലാപമുണ്ടായതിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സ്വീഡൻ നിർബന്ധിതമാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അതിർത്തി നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ഡെന്മാർക്കിൽ നിന്നെത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫെറി ടെർമിനലിൽ വന്നിറങ്ങിയവരെയും ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർക്കശമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.

അഭയാർത്ഥികളുടെ ഐഡന്റിറ്റിയോ പശ്ചാത്തലമോ പരിശോധിക്കാതെ എല്ലാവരെയും ഉദാരമായി പ്രവേശിപ്പിച്ചതിലൂടെ രാജ്യത്ത് കനത്ത സുരക്ഷാ ഭീഷണി ഉയരുമെന്നും രാജ്യം കനത്ത വില നൽകേണ്ടി വരുമെന്നുമുള്ള തരത്തിലുള്ള ഉത്കണ്ഠകൾ പെരുകിയിട്ടുമുണ്ട്. വൻതോതിൽ എത്തിയ അഭയാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ രാജ്യം വെല്ലുവിളികൾ നേരിടാനാരംഭിച്ചിരിക്കുന്നുവെന്നാണ് മൈഗ്രേഷൻ മിനിസ്റ്ററായ മോർഗൻ ജോഹൻസൻസ് മുന്നറിയിപ്പേകുന്നത്. സ്വീഡിഷ് ഫർണിച്ചർ സ്റ്റോറുകളിൽ പായകൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവയെല്ലാം അഭയാർത്ഥികൾക്ക് തലചായ്ക്കാൻ ചെലവായിക്കഴിഞ്ഞു. ഹോട്ടലുകൾ, സമ്മർ സ്‌കൂളുകൾ, സ്പോർട്സ് ഹാളുകൾ, മിലിട്ടറി ക്യാംപുകൾ, മ്യൂസിയങ്ങൾ, തീപാർക്കുകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും അഭയാർത്ഥികളെ അധിവസിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഇവർക്കായി പുതിയ ടെന്റടിച്ച ഗ്രാമങ്ങളും സജ്ജമാക്കാൻ തുടങ്ങിയിട്ടുണ്ട്. 

അഭയാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഫണ്ടില്ലാതെ സ്വീഡിഷ് ഗവൺമെന്റ് പെടാപ്പാട് പെടുന്നുമുണ്ട്. ഇതിനെ നേരിടാൻ എമർജൻസി ഫണ്ട് അനുവദിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളോട് അതിർത്തി നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സ്വീഡൻ ഈ ആഴ്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സ്വീഡന്റെ നിയന്ത്രണമില്ലാത്ത ഉദാരനയം മൂലമാണ് അവർ ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നതെന്നാണ് അയൽരാജ്യമായ ഡെന്മാർക്ക് കുറ്റപ്പെടുത്തുന്നത്. 1975ൽ സ്വീഡിഷ് പാർലമെന്റ് രാജ്യത്തെ വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടപ്പിലാക്കിയ ഉദാരമായ ഇമിഗ്രേഷൻ നയം കാരണം അഭയാർത്ഥികളും കുടിയേറ്റക്കാരും ഇവിടേക്ക് കുതിച്ചെത്തുകയായിരുന്നു.
നാല് ദശാബ്ദക്കാലം ഇവിടം ഭരിച്ചിരുന്ന ലെഫ്റ്റ് വിങ് സോഷ്യൽ ഡെമോക്രാറ്റുകൾ ഏവർക്കും അഭയമേകുന്ന നയമാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഇന്ന് അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം അഭിമുഖീകരിക്കുകയാണ്. ജനസംഖ്യയിൽ 16 ശതമാനവും കുടിയേറ്റക്കാരാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഈ അനുപാതത്തിന്റെ കാര്യത്തിൽ ജർമനി, ബ്രിട്ടൻ, യുഎസ് എന്നിവയേക്കാൾ സ്വീഡൻ മുന്നിലാണ്. കുടിയേറ്റക്കാരുടെ പ്രവാഹം വർധിച്ചതോടെ താരതമ്യേന സമാധാനത്തിൽ കഴിഞ്ഞിരുന്ന സ്വീഡനിൽ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും വർധിക്കുകയായിരുന്നു. ഇവിടുത്തെ വിദ്യാഭ്യാസ ഘടനയിൽ പല കുടിയേറ്റക്കാരുടെ കുട്ടികൾക്കും പാസാകാൻ കഴിയാതെ വരുകയും അവർ ബെനഫിറ്റുകളുടെ ബലത്തിൽ മാത്രം കഴിഞ്ഞ് കൂടുകയും ഇത്തരക്കാരിൽ ചിലർ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്ന പ്രവണത കൂടുതലായുണ്ടെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും സമീപകാലത്ത് വർധിച്ച അഭയാർത്ഥി പ്രവാഹം സ്വീഡനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്. തദ്ദേശീയരും അഭയാർത്ഥികളും തമ്മിലുള്ള ഉരസലുകൾ രാജ്യത്തിന്റെ പലഭാഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ സ്വീഡൻ അഭയാർത്ഥികളുടെ നേരെ വാതിലുകൾ കൊട്ടിയടച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP