Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ എത്തിയ കുടിയേറ്റക്കാരെ ആർക്കും വേണ്ട; എല്ലാവർക്കും വിസ അടിച്ച് കൊടുത്ത് യൂറോപ്പിൽ എങ്ങും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഭീഷണിയുമായി കലിമൂത്ത സർക്കാർ

ഇറ്റലിയിൽ എത്തിയ കുടിയേറ്റക്കാരെ ആർക്കും വേണ്ട; എല്ലാവർക്കും വിസ അടിച്ച് കൊടുത്ത് യൂറോപ്പിൽ എങ്ങും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഭീഷണിയുമായി കലിമൂത്ത സർക്കാർ

ബോട്ടുകളിൽ മെഡിറ്റനേറിയൻ കടന്നെത്തിയ അഭയാർത്ഥികൾക്ക് തങ്ങൾ തൽക്കാലം അഭയം കൊടുത്തുവെന്ന് കരുതി മറ്റു രാജ്യങ്ങൾ ഈ അവസരം മുതലെടുത്ത് നിരുത്തരവാദപരമായി പെരുമാറുന്നതിനെതിരെ ശക്തമായ ഭീഷണിയുമായി ഇറ്റലി രംഗത്തെത്തി. അഭയാർത്ഥി പ്രശ്‌നത്തോട് മറ്റ് രാജ്യങ്ങൾ പുറംതിരിഞ്ഞ് നിൽക്കുകയാണെങ്കിൽ ഇറ്റലിക്ക് ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ എടുക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി മറ്റിയോ റെൻസി പറയുന്നത്. കാര്യങ്ങൾ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഇറ്റലിയിലെത്തിയ അഭയാർത്ഥികൾക്ക് എല്ലാവർക്കും വിസ അടിച്ച് കൊടുത്ത് യൂറോപ്പിൽ എങ്ങും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് ഭീഷണിയുമായി കലിമൂത്ത ഇറ്റാലിയൻ സർക്കാർ രംഗത്തെത്തി.

യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടുകളാണ് പുലർത്തുന്നതെന്നും അഭയാർത്ഥി പ്രശ്‌നം പരിഹരിക്കാൻ ഫലപ്രദമായ പിന്തുണയേകുന്നില്ലെന്നും ഇറ്റലി പരാതി ഉന്നയിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇങ്ങനെയാണെങ്കിൽ തന്റെ രാജ്യം ഒരു പ്ലാൻ ബി വിസ അടിച്ച് കൊടുത്ത് അഭയാർത്ഥികൾക്ക് എല്ലാരാജ്യങ്ങളിലും നിർബാധം സഞ്ചരിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുമെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി പറയുന്നത്.

എന്നാൽ അഭയാർത്ഥികളെ കൈകാര്യം ചെയ്യാൻ ഇറ്റലി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ പോകുന്നതെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. പുതിയതായി എത്തിയ അഭയാർത്ഥികൾക്ക് ഒരു താൽക്കാലികവിസ നൽകി യൂറോപ്പിലെങ്ങും സഞ്ചരിക്കാനുള്ള അവകാശമൊരുക്കുമെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. ഇറ്റലി അത്തരമൊരു നീക്കം നടത്തുകയാണെങ്കിൽ അത് യൂറോപ്പിലുടനീളം രാഷ്ട്രീയപരമായ പൊട്ടിത്തെറിക്കിടയാക്കുമെന്നുറപ്പാണ്. ഇപ്പോൾ മറ്റ് രാജ്യങ്ങളുടെ നിലപാട് ഡബ്ലിൻ ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. അഭയാർത്ഥികൾ ആദ്യമെത്തുന്ന രാജ്യങ്ങളുടെ അഭ്യർത്ഥന ഇക്കാര്യത്തിൽ മറ്റ് അംഗരാഷ്ട്രങ്ങൾ സ്വീകരിക്കണമെന്ന വ്യവസ്ഥ അന്ന് എല്ലാവരും അംഗീകരിച്ചതായിരുന്നു.

മെഡിറ്ററേനിയനിൽ നിന്ന് അഭയാർത്ഥികളെയും വഹിച്ച് തങ്ങളുടെ തീരത്തെത്തുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ നാവികസേനാ കപ്പലുകളെ തടയാനും ഇറ്റലി ആലോചിക്കുന്നുണ്ട്. അത്തരം അഭയാർത്ഥികളുടെ കാര്യത്തിൽ അതാത് രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം പുലർത്താൻ ഇത് വഴിയൊരുക്കുമെന്നാണ് ഇറ്റലി കരുതുന്നത്.ഇറ്റലിയിലെത്തിയ അഭയാർത്ഥികളിൽ നിന്നും 24,000 പേരെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാൻ പദ്ധതികളൊരുങ്ങുന്നുണ്ടെങ്കിലും അതുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി പറയുന്നത്. ഓസ്ട്രിയ, സ്വിറ്റ്‌സർലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അഭയാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്ത് അഭയാർത്ഥികളെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. ഇത് ഇറ്റലിക്ക് മുകളിൽ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്.

ഈ ആഴ്ച മിലനിലേക്ക് യാത്ര ചെയ്യുമ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി റെൻസി അഭയാർത്ഥി പ്രശ്‌നം ചർച്ച ചെയ്യും. ഇതിന് പുറമെ യൂറോപ്യൻ കമ്മീഷൻ തലവൻ ജീൻക്ലൗഡുമായും ജർമൻ ചാൻസലർ ആൻജെല മെർക്കലുമായും ഇറ്റലി ഇക്കാര്യം സംസാരിക്കും.


നിത്യേനയെന്നോണം എത്തുന്ന മെഡിറ്ററേനിയൻ അഭയാർത്ഥികൾ ഇറ്റലിയുടെ സാധാരണജീവിതത്തിന്റെ താളം തെറ്റിച്ചു കൊണ്ടിരിക്കുകയാണ്. ബോട്ടുകളിൽ വന്നിറങ്ങിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ എവിടെ ഉൾക്കൊള്ളിക്കണമെന്നറിയാതെ ഇററലി പാടുപെടുകയാണ്.തങ്ങളുടെ അതിർത്തികളിൽ കർക്കശമായ പ്രതിരോധങ്ങൾ തീർത്ത് ഫ്രാൻസും ഓസ്ട്രിയയും അഭയാർത്ഥികളെ തടയുമ്പോൾ ഇറ്റലിയാണ് വീർപ്പ് മുട്ടുന്നത്. ഇറ്റലിയിലെ ബസ് സ്റ്റേഷനുകൾ,ട്രെയിൻ സ്റ്റേഷനുകൾ തുടങ്ങിയടങ്ങളിൽ അഭയാർത്ഥികൾ കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുകയാണ്. റോമിലെയും മിലനിലെയുംട്രെയിൻ സ്‌റ്റേഷനുകളിൽ ആയിരക്കണക്കിന് അഭയാർത്ഥികളാണ് കിടന്നുറങ്ങുന്നത്. ഇത് കാരണം രാജ്യം കനത്ത ശുചിത്വ പ്രശ്‌നങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്.ഈ ഒരു സാഹചര്യത്തിലാണ് കർക്കശ നടപടികൾ പ്രഖ്യാപിച്ച് ഇറ്റലി രംഗത്തെത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP