Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലണ്ടനിൽ പൊലീസുകാർക്ക് പോലും പോവാൻ വയ്യാത്ത സ്ഥലങ്ങൾ ഉണ്ടോ...? ശരീയത്ത് നിയമം നടപ്പിലാക്കിയ തെരുവുകൾ ഏറെയെന്ന് സ്ഥിരീകരിച്ച് പൊലീസും

ലണ്ടനിൽ പൊലീസുകാർക്ക് പോലും പോവാൻ വയ്യാത്ത സ്ഥലങ്ങൾ ഉണ്ടോ...? ശരീയത്ത് നിയമം നടപ്പിലാക്കിയ തെരുവുകൾ ഏറെയെന്ന് സ്ഥിരീകരിച്ച് പൊലീസും

ലണ്ടൻ: ബ്രിട്ടനിൽ നിന്ന് നിരവധി തദ്ദേശീയരായ യുവതീയുവാക്കൾ ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി പോരാടാൻ സിറിയയിലേക്കും ഇറാഖിലേക്കും അതിർത്തി കടന്ന് പോയിട്ടുണ്ടെന്നും അവരിൽ പകുതിയോളം പേർ ഇവിടെ തിരിച്ചെത്തി ആക്രമണം നടത്താൻ ഒരുങ്ങുകയുമാണെന്ന ആശങ്കയുണർത്തുന്ന റിപ്പോർട്ടുകൾ സമീപകാലത്തായി ആവർത്തിച്ച് പുറത്ത് വരുന്നുണ്ട്. പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം യുകെയാണെന്ന് ഐസിസ് തന്നെ പല വട്ടം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ മുസ്ലീങ്ങളിൽ 25 ശതമാനം പേരും ഐസിസിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണെന്ന് അടുത്തിടെ നടന്ന ഒരു സർവേ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസും മറ്റ് സുരക്ഷാ സേനകളും ഇതിനനുസരിച്ച് സുരക്ഷാ സംവിധാനങ്ങളും ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളും വർധിപ്പിപ്പിച്ചിട്ടുണ്ടെന്നതിന്റെ ബലത്തിൽ മാത്രമാണ് ജനം അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് ആശ്വസിക്കുന്നത്. എന്നാൽ അത്രയധികം ആശ്വസിക്കേണ്ടെന്നും തലസ്ഥാനമായ ലണ്ടനിലെ ചില തെരുവുകൾ അത്യന്തം അപകടകരമാണെന്നും ഇവിടങ്ങളിൽ പൊലീസിന് പോലും കടന്ന് പോകാൻ പറ്റാത്തവിധം ജിഹാദിവൽക്കരണം നടന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ലണ്ടനിൽ ശരീയത്ത് നിയമം നടപ്പിലാക്കിയ നിരവധി തെരുവുകളുണ്ടെന്നും അവിടെ തങ്ങൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത സ്ഥലങ്ങളുണ്ടെന്നും പൊലീസ് തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

ലണ്ടനിൽ ശരീയത്ത് വാഴുന്ന സ്ഥലങ്ങളുണ്ടെന്നും അവിടെ പൊലീസിന് യൂണിഫോമിൽ കടന്ന് ചെല്ലാനാവാത്ത അവസ്ഥയുണ്ടെന്നും ആദ്യമായി വെളിപ്പെടുത്തിയിരുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള റിപ്പബ്ലിക്കൻ നേതാവായ ഡൊണാൾഡ് ട്രംപായിരുന്നു. മുസ്ലിം തീവ്രവാദം വർധിച്ച് വരുന്ന സാഹചര്യത്തിൽ മുസ്ലീങ്ങളെ അമേരിക്കയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന തന്റെ വിവാദമായ പരാമർശത്തിന് ബലം പകരാനായിരുന്നു ട്രംപ് ലണ്ടനിലെ ഈ അവസ്ഥയെ പറ്റി വെളിപ്പെടുത്തിയിരുന്നത്. ഈ വെളിപ്പെടുത്തലിനെ യുകെയിലെ നിരവധി പ്രമുഖർ ശക്തിയുക്തം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നും തങ്ങൾക്ക് പോലും കടന്ന് ചെല്ലാൻ സാധിക്കാത്ത ജിഹാദിതെരുവുകൾ ലണ്ടനിലുണ്ടെന്നുമാണ് മെട്രോപൊളിറ്റൻ പൊലീസിലെ നിരവധി ഓഫീസർമാർ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ തങ്ങൾ ഇത്തരം പ്രദേശങ്ങളിലേക്ക് കടന്ന് ചെല്ലുമ്പോൾ യൂണിഫോം പോലും ധരിക്കാറില്ലെന്നും കനത്ത ജാഗ്രത പുലർത്താറുണ്ടെന്നും പൊലീസ് ഓഫീസർമാർ വെളിപ്പെടുത്തുന്നത്. ട്രംപ് പറഞ്ഞത് പൂർണമായും തെറ്റല്ലെന്ന് സ്‌കോട്ട്‌ലാൻഡ് യാർഡും നേരത്തെ പ്രതികരിച്ചിരുന്നു.

എന്നാൽ ട്രംപിന്റെ വെളിപ്പെടുത്തലുകളെ ശക്തമായ നിഷേധിച്ച് ഹോം സെക്രട്ടറി തെരേസ മേ രംഗത്തെത്തിയിരുന്നു. ലണ്ടനിലെ ചില തെരുവുകളിൽ കടന്ന് ചെല്ലാൻ സാധിക്കാത്ത അവസ്ഥ ഇവിടുത്തെ പൊലീസിനില്ലെന്നാണ് അവർ പറയുന്നത്. ലണ്ടനടക്കമുള്ള വിവിധ സ്ഥലങ്ങൾ കടുത്ത തീവ്രവാദനത്തിനടിപ്പെട്ടുവെന്നും ലണ്ടനിൽ പൊലീസിന് കടന്ന് ചെല്ലാൻ സാധിക്കാത്ത പ്രദേശങ്ങളുണ്ടെന്നായിരുന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നത്. അമേരിക്കയിലേക്ക് മുസ്ലീങ്ങളെ വിലക്കണമെന്ന അദ്ദേഹത്തിന്റെ വിവാദ പരാമർശത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ഇന്നലെ ലോകത്തിലെ നിരവധി പ്രമുഖ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ട്രംപിന്റെ വെളിപ്പെടുത്തലുകളിൽ ശരിയില്ലാതില്ലെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ചില പൊലീസുകാർ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്നെയും സഹപ്രവർത്തകരെയും തീവ്രവാദികൾ ലക്ഷ്യമിടുന്നുണ്ടെന്ന ഭയം രൂക്ഷമാണെന്നും അക്കാരണത്താൽ അത്തരം പ്രദേശങ്ങളിൽ പോകുമ്പോൾ യൂണിഫോമിടേണ്ടെന്ന് മേലുദ്യോഗസ്ഥനിൽ നിന്നും തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് ഒരു പൊലീസ് ഓഫീസർ വെളിപ്പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ വിവാദമായ പ്രസ്താവന നടത്തിയ ട്രംപിനെ ബ്രിട്ടനിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു പെറ്റീഷനിൽ രണ്ടര ലക്ഷം പേർ ഒപ്പിട്ടുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ ഓരോ സെക്കൻഡിലും ഏഴ് പേർ എന്ന തോതിലാണത്രെ ഒപ്പിട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ആശയത്തെ ചാൻസലർ ജോർജ് ഒസ്‌ബോൺ ശക്തമായി നിരസിച്ചിരിക്കുകയാണ്.

പ്രസ്റ്റോണിൽ ചില പ്രദേശങ്ങളിൽ പട്രോൾ നടത്തണമെങ്കിൽ അവിടുത്തെ പ്രാദേശിക മുസ്ലിം നേതാക്കന്മാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങേണ്ടുന്ന അവസ്ഥയുണ്ടെന്നാണ് ലങ്കാഷെയറിലെ ഒരു പൊലീസ് ഓഫീസർ വെളിപ്പെടുത്തുന്നത്. തനിക്ക് ഹാഫ് ബ്ലൂ ധരിച്ച് എവിടെയും ജോലി ചെയ്യാൻ പറ്റാത്തസാഹചര്യമാണുള്ളതെന്നും തന്റെ കാറിൽ വച്ച് പോലും ഇത് ധരിക്കാറില്ലെന്നുമാണ് യോർക്ക്‌ഷെയറിൽ നിന്നുള്ള ഒരു പൊലീസ് ഓഫീസർ ഓൺലൈൻ ഫോറം പൊലീസിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ യൂണിഫോം ധരിച്ചാൽ മുസ്ലിം തീവ്രവാദികൾ എളുപ്പം തിരിച്ചറിയുകയും ആക്രമിക്കപ്പെടാനുള്ള സാധ്യതയേറുമെന്നം അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. അതിനാൽ ട്രംപ് പറഞ്ഞത് തെറ്റല്ലെന്നും ഇവിടുത്തെ നേതാക്കന്മാർക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതിനാലോ അറിഞ്ഞിട്ടും അവഗണിക്കുകയോ ചെയ്യുന്നതിനാലാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു പൊലീസ് ഓഫീസർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടാൽ പോലും ഇവിടെ അത് ആരും ഗൗരവമായി പരിഗണിക്കുന്ന അവസ്ഥയല്ല ഉള്ളതെന്നാണ് ഒരു വനിതാ ഓഫീസർ ആരോപിക്കുന്നത്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്തതിനാലാണ് താൻ മെട്രോപൊളിറ്റൻ പൊലീസിലെ 11 വർഷത്തെ സർവീസിൽ നിന്നും രാജി വച്ചതെന്ന് മറ്റൊരു മെട്രോപൊളിറ്റൻ പൊലീസ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

ചില ന്യൂനപക്ഷ സമുദായങ്ങൾ ഇവിടുത്തെ പൊലീസിനെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും അവർ സ്വയം പൊലീസ് ചമയുന്ന പ്രവണതയുണ്ടെന്നും ഹെർ മജെസ്റ്റീസ് ചീഫ് ഇൻസ്‌പെക്ടർ ഓഫ് കോൺസ്റ്റബുലറി ആയ ടോം വിൻസർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അത്തരം സമുദായങ്ങളുടെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ മറ്റ് സംസ്‌കാരങ്ങളിൽ ജനിച്ച് ഇവിടേക്കെത്തിയവരാണെന്നും വിൻസർ വെളിപ്പെടുത്തിയിരുന്നു.മിഡ്‌ലാൻഡ്‌സിൽ പൊലീസ് ഇതുവരെ കടന്ന് ചെല്ലാത്ത നഗരങ്ങളുണ്ടെന്നും അവിടുത്തെ കേസുകളും പ്രശ്‌നങ്ങളും അവിടെയുള്ള ചില ന്യൂനപക്ഷ സമുദായക്കാർ സ്വയം പറഞ്ഞ് തീർക്കുന്ന പതിവുണ്ടെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.

ട്രംപ് ലണ്ടനെക്കുറിച്ച് നടത്തിയ വിവാദപരമായ പ്രസ്താവനയെ ശക്തമായി എതിർത്തുകൊണ്ട് പ്രധാമന്ത്രി ഡേവിഡ് കാമറോൺ, ലേബർ നേതാവ് ജെറമി കോർബിൻ, നിക്കോള സ്റ്റർജൻ, ലണ്ടൻ മേയർ ബോറിസ് ജോൺസൻ തുടങ്ങിയ ബ്രിട്ടനിലെ നേതാക്കളും എന്തിനേറെ സ്‌കോട്ട്‌ലാൻഡ് യാർഡ് പോലും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ട്രംപ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഇദ്ദേഹത്തെ കാണുമോയെന്ന ഭയത്താൽ താൻ ന്യൂയോർക്കിന്റെ ചില ഭാഗങ്ങൽൽ പോകാൻ തന്നെ ഭയക്കാറുണ്ടെന്നുമാണ് ബോറിസ് ജോൺസൻ പരിഹസിച്ചിരുന്നത്. തുടർന്നാണ് യുകെ സർക്കാരിന്റെ വെബ്‌സൈറ്റിൽ ട്രംപിനെ ബ്രിട്ടനിൽ നിന്ന് നിരോധിക്കാനുള്ള ഒരു പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്നലെ വരെ ഇതിൽ രണ്ടര ലക്ഷം പേർ ഒപ്പിട്ടിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം യുഎസിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടയിലാണ് ട്രംപ് വിവാദപരമായ പ്രസ്താവന മുസ്ലീങ്ങൾക്കെതിരെ നടത്തിയത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇവിടുത്തെ ജനപ്രതിനിധികൾ തിരിച്ചറിയുന്നത് വരെ മുസ്ലീങ്ങൾ ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന നിയമം നിർമ്മിക്കുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്.സാൻ ബെർണാർഡിനോയിലെ പാർട്ടിക്കിടെ മുസ്ലിം ദമ്പതികൾ വെടിവയ്പ് നടത്തി 14 പേരെ വധിക്കുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ട്രംപ് മുസ്ലീങ്ങളോടുള്ള തന്റെ വിരോധം വർധിപ്പിക്കുകയും അവർക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുകയും ചെയ്തിരിക്കുന്നത്.ആഗോള ജിഹാദിന്റെ ഭാഗമായി അമേരിക്കക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അമേരിക്കയിലെ മുസ്ലീങ്ങളിൽ 25 ശതമാനവും അനുകൂലിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന ഒരു പോളിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന കാര്യം ഉയർത്തിക്കാട്ടിയാണ് ട്രംപ് തന്റെ മുസ്ലിം വിരുദ്ധ കാംപയിൻ നടത്തുന്നത്. ഇക്കാരണത്താൽ ഇവിടേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നുവെന്നും ട്രംപ് പറയുന്നു.ടൂറിസ്റ്റുകളെയും ഇമിഗ്രേഷൻ വിസ തേടുന്ന മുസ്ലീങ്ങളെയും ഇവിടെ പ്രവേശിപ്പിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ലണ്ടനിലെ ശരീയത്ത് പ്രദേശങ്ങളെക്കുറിച്ചും ട്രംപി വെളിപ്പെടുത്തിയത്. ലണ്ടനിലെ നിരവധി ഗോൾഫ് ക്ലബുകൾ ട്രംപിന്റെ ഉടമസ്ഥതയിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP