Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോർബിനേക്കാൾ വെറുക്കപ്പെട്ടവളായി ലിസ് ട്രസ്സ്; റേറ്റിങ് മൈനസ് 59 ലേക്ക് താഴ്ന്നു; ഒരുമിച്ച് നിന്നില്ലെങ്കിൽ ടോറികൾക്ക് സമ്പൂർണ്ണ വീഴ്‌ച്ച; ഇമിഗ്രേഷനിൽ നിയമം വീണ്ടും പൊളിച്ചെഴുതി പിടിച്ചു നിൽക്കാൻ നീക്കം

കോർബിനേക്കാൾ വെറുക്കപ്പെട്ടവളായി ലിസ് ട്രസ്സ്; റേറ്റിങ് മൈനസ് 59 ലേക്ക് താഴ്ന്നു; ഒരുമിച്ച് നിന്നില്ലെങ്കിൽ ടോറികൾക്ക് സമ്പൂർണ്ണ വീഴ്‌ച്ച; ഇമിഗ്രേഷനിൽ നിയമം വീണ്ടും പൊളിച്ചെഴുതി പിടിച്ചു നിൽക്കാൻ നീക്കം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തുടക്കത്തിലെ ചുവടു പിഴച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് നടന്നു നീങ്ങുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക്. ഇന്നലെ നടന്ന ഒരു അഭിപ്രായ സർവ്വേയിൽ ലിസ് ട്രസ്സിന് ലഭിച്ചത് മൈൻസ് 59 പോയിന്റുകൾ ആയിരുന്നു. തങ്ങളുടെ ജനപ്രീതി ഏറ്റവും താഴെ നിന്ന സന്ദർഭങ്ങളിൽ ബോറിസ് ജോൺസനും, ജെറെമി കോർബിനും ലഭിച്ചതിലും വളരെ താഴ്ന്ന നിലയിലുള്ള പോയിന്റാണിത്. കടുത്ത ഇടതുപക്ഷക്കാരനായ മുൻ ലേബർ നേതാവ് ജെറമി കോർബിന് 2019 ജൂണിൽ നടന്ന സർവ്വേയിൽ ലഭിച്ചത് മൈനസ് 55 പോയിന്റായിരുന്നു. രാജിവയ്ക്കുന്നതിനു മുൻപായി നടന്ന ഒരു സർവ്വേയിൽ ബോറിസ് ജോൺസന് ലഭിച്ചത് മൈൻസ് 53 പോയിന്റും.

ജെറമി കോർബിന് മൈനസ് 55 പോയിന്റ് ലഭിച്ച അഭിപ്രായ സർവ്വേക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ദയനീയമായി തോൽക്കുകയായിരുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പലതും നഷ്ടപ്പെടുന്ന അവസ്ഥ വരെ അന്ന് സംജാതമായി അതേ വിധിയാണ് ഇപ്പോൾ കൺസർവേറ്റീവ് പാർട്ടിയെ തുറിച്ചുനോക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ലിസ് ട്രസ്സിന്റെ ജനപ്രീതി ഏറ്റവും കുറഞ്ഞ തലത്തിലാണ് ഇപ്പോൾ ഉള്ളത്. ലേബർ പാർട്ടി നില വീണ്ടെടുക്കാനും തുടങ്ങിയിരിക്കുന്നു. ഇപ്പോൾ, ടോറികളേക്കാൾ 33 പോയിന്റിന് മുൻപിലാണ് ലേബർ പാർട്ടി. പ്രധാനമന്ത്രി പദത്തിലെത്തി ഒരു മാസം മാത്രം കഴിയുമ്പോൾ ലിസ് ട്രസ്സ് വെല്ലുവിളികൾ നേരിടുന്നത് പ്രതിപക്ഷത്തു നിന്നുമാത്രമല്ല, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുകൂടിയാണ്. പാർട്ടിയുടെ വാർഷിക സമ്മേളനത്തിലും കനത്ത തിരിച്ചടിയായിരുന്നു ലിസ് ട്രസ്സിന് നേരിടേണ്ടി വന്നത്. അധിക വരുമാനക്കാർക്കുള്ള 45 ശതമാനം വരുമാന നികുതി റദ്ദാക്കിയ നടപടി പിൻവലിക്കേണ്ടതായി വരെ വന്നു.

മിനി ബജറ്റ് ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെ വിപരീതമായി ബാധിച്ചിട്ടുപോലും 45 ശതമാനം നിരക്ക് എടുത്തുകളഞ്ഞ നടപടിയെ പ്രതിരോധിക്കുകയായിരുന്നു പ്രധാനമന്ത്രിയും ചാൻസലറും. എന്നാൽ മൈക്കൽ ഗോവിന്റെ നേതൃത്വത്തിൽ പ്രതിഷേധം കടുത്തതോടെ 24 മണിക്കൂറിനുള്ളിൽ ഇരുവർക്കും നിലപാടുകളിൽ നിന്നും മലക്കം മറിയേണ്ടതായി വന്നു.

അതിനിടയിലാണ്, പ്രധാനമന്ത്രിയുടെ പുറകിൽ അടിയുറച്ച് ഐക്യത്തോടെ നിൽക്കണം എന്ന ആഹ്വാനം പാർട്ടി നേതൃത്വം നൽകുന്നത്. അടുത്തയാഴ്‌ച്ച വെസ്റ്റ്മിനിസ്റ്ററിൽ എത്തുമ്പോൾ പ്രധാനമന്ത്രിക്ക് ഒപ്പം നിൽക്കണം എന്ന നിർദ്ദേശമാണ് പാർട്ടി എം പിമാർക്ക് നൽകിയിരിക്കുന്നത്. നിയന്ത്രിക്കാൻ ആകാത്ത ഒരു ജനക്കൂട്ടമായി പാർട്ടി മാറിയെന്നും ലിസ് ട്രസ്സിനോട് അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു. അടുത്തയാഴ്‌ച്ച പാർലമെന്റിൽ ടോറി എം പിമാർക്ക് പ്രധാനമന്ത്രിയെ പിന്താങ്ങുകയോ എതിരായി വോട്ട് ചെയ്യുകയോ ചെയ്യാം. രണ്ടാമത്തെ നടപടി വിളിച്ചു വരുത്തുക ഒരു സമ്പൂർണ്ണ പരാജയമായിരിക്കുമെന്നും ട്രസ്സ് ക്യാമ്പ് ഓർമ്മിപ്പിക്കുന്നു.

ക്രിസ്ത്മസിനു മുൻപായി ലിസ് ട്രസ്സിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ പാർട്ടിക്ക് കടുത്ത ദ്രോഹമാണ് ചെയ്യുന്നതെന്നുംട്രസ്സ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. അടുത്ത തെരഞ്ഞെടുപ്പിന് മുൻപെ ഒരിക്കൽ കൂടി നേതാവിനെ മാറ്റുക എന്നത് തികച്ചും അപ്രായോഗികമാണെന്ന് മുൻ കാബിനറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറയുന്നു. പാർട്ടിയിൽ വീണ്ടും വിഭാഗീയത വളർന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി തകർന്നടിയുമെന്നും അദ്ദേഹം ബി ബി സിയോട് പറഞ്ഞു.

അതേസമയം, സാമ്പത്തിക രംഗത്ത് ഏറ്റ തിരിച്ചടി കുടിയേറ്റ വിഷയം സജീവമാക്കി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ലിസ് ട്രസ്സ്. റുവാണ്ടൻ പദ്ധതിക്കുള്ള തടസ്സങ്ങളെല്ലാം നീക്കം ചെയ്യുവാൻ ഉതകുന്ന തരത്തിലുള്ള നിയമ ഭേദഗതിക്കായി ശ്രമിക്കുകയാണവർ. അനധികൃതമായി കുടിയേറുന്നവർക്ക് അനാവശ്യ അപ്പീലുകൾ നൽകി തിരിച്ചയയ്ക്കൽ നീട്ടിക്കൊണ്ടുപോകാൻ ഉതകുന്ന വ്യവസ്ഥകൾ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതാകുമെന്നാണ് ലിസ് ട്രസ്സുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ നൽകുന്ന സൂചന.

ട്രിബ്യുണലുകളുടെ ഒരു പരമ്പര തന്നെ ഇത്തരത്തിലുള്ള അപ്പീലുകൾ പരിഗണിക്കുന്ന രീതി മാറ്റി, ഒരു തലത്തിൽ മാത്രമായി അപ്പീൽ ഒതുക്കിയേക്കും. അതുപോലെ നേരത്തേ പദ്ധതി നടപ്പാക്കാൻ തുനിഞ്ഞപ്പൊൾ തടസ്സമായി വന്ന യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിന്റെ വിധിയെ മറികടക്കുന്നതിനുള്ള പ്രതിവിധികളും ഈ നിയമത്തിൽ ഉണ്ടാകുമെന്ന സൂചനകളുണ്ട്. അതുപോലെ, പല അനധികൃത കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യുന്ന ആധുനിക അടിമത്ത നിരോധന നിയമത്തിലെ ചില വ്യവസ്ഥകളും റദ്ദാക്കിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP