Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഒടുവിൽ ബ്രിട്ടീഷുകാർ അടിച്ച് മാറ്റിയ കോഹിനൂർ രത്‌നം ഇന്ത്യക്ക് തിരിച്ച് കിട്ടുമോ...? മോദിയും മിണ്ടില്ലെന്ന് ഉറപ്പായതോടെ നിയമ പോരാട്ടം നടത്തി രാജ്ഞിയുടെ കിരീടം കൊണ്ടുപോകാൻ ഒരു പറ്റം ഇന്ത്യക്കാർ

ഒടുവിൽ ബ്രിട്ടീഷുകാർ അടിച്ച് മാറ്റിയ കോഹിനൂർ രത്‌നം ഇന്ത്യക്ക് തിരിച്ച് കിട്ടുമോ...? മോദിയും മിണ്ടില്ലെന്ന് ഉറപ്പായതോടെ നിയമ പോരാട്ടം നടത്തി രാജ്ഞിയുടെ കിരീടം കൊണ്ടുപോകാൻ ഒരു പറ്റം ഇന്ത്യക്കാർ

ലണ്ടൻ: ഓരോ ഇന്ത്യൻ ഭരണാധികാരിയും ലണ്ടനിൽ എത്തുമ്പോൾ ഏറ്റവും ആദ്യം ചർച്ചചെയ്യുന്നതുകൊഹിനൂർ രത്‌നത്തെക്കുറിച്ചാണ്. ഇന്ത്യയുടെ അപൂർവ്വ നിധി ശേഖരങ്ങളിൽ ഒന്നായ അത് തിരിച്ചു തരണം എന്ന് പറയാൻ പക്ഷേ ഒരൊറ്റ ഭരണാധികാരിക്കും സാധിച്ചിട്ടില്ല. വെള്ളക്കാരന്റെ മുഖത്ത് നോക്കി ഇന്ത്യയെ കൊള്ളയടിച്ചതിന്റെ കഥകൾ വിളിച്ച് പറയാൻ തിരുവനന്തപുരം എം പി ശശി തരൂരിന് മാത്രമാണ് ഇതുവരെ സാധിച്ചത് എന്നതാണ് സത്യം.ഈ മാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിൽ എത്തുമ്പോൾ എങ്കിലും എലിസബേത്ത് രാജ്ഞിയുടെ തലയിൽ ഇരിക്കുന്ന കിരീടം തിരിച്ച് ചോദിക്കുമെന്നാണ് കരുതിയതെങ്കിലും അത് അജൻഡയിൽ ഇല്ല എന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.

ഇതോടെ കൊഹിനൂർ രത്‌നം തിരിച്ചു വാങ്ങാൻ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ സ്‌നേഹികളായ ഒരു പറ്റം ബിസിനസുകാരും ബോളിവുഡ് താരങ്ങളും. ഇത് സംബന്ധിച്ച നിയമപോരാട്ടം ഏറെ വൈകാതെ ലണ്ടനിലെ കോടതിയിൽ ആരംഭിക്കുമെന്നാണ് പ്രമുഖ ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

100 മില്യൺ പൗണ്ട് വില വരുന്ന രത്‌നം തങ്ങളുടെ രാജ്യത്ത് നിന്ന് മോഷ്ടിച്ചതാണെന്നാണ് ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാരും ബോളിവുഡ് താരങ്ങളും ആരോപിക്കുന്നത്.ഇതോടെ കാലാകാലങ്ങളായി ബ്രിട്ടീഷ് രാജകിരീടത്തിൽ വിളങ്ങുന്ന രത്‌നം ഇന്ത്യയിൽ എത്തുമോയെന്ന ആശങ്ക ബ്രിട്ടീഷുകാർക്കിടയിൽ പരക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലണ്ടൻ ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച നിയമനടപടികൾ ആരംഭിക്കാൻ ഇവർ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ രാജ്യത്ത് നിന്നും അടിച്ചു മാറ്റിയ 105 കാരറ്റ് ഡയമണ്ട് എത്രയും വേഗം തിരിച്ച് നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആഴ്ച ബക്കിങ് ഹാം പാലസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന ലഞ്ചിനിടയിൽ ഇതുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾ ഉടലെടുക്കാൻ ഈ നീക്കം കാരണമായേക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാൽ ചർച്ചകളുടെ അജൻഡകളിൽ നിന്നും ഇതിനെ കർക്കശമായി വിലക്കിയിട്ടുണ്ടെന്നാണ് രാജകീയ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

ഇതോടെ ബ്രിട്ടീഷ് കൊളോണിയൽ ചരിത്രവുമായി ബന്ധപ്പെട്ട വിവാദപരമായ ഒരു കേസ് വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്. കോഹിനൂർ രത്‌നം തിരിച്ചെടുക്കുന്നതിനുള്ള നിയമയുദ്ധത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് സഹായിക്കുന്നത് ഇന്ത്യൻ ലെഷർഗ്രൂപ്പിലെ ഡേവിഡ് ഡി സൂസയാണ്. ഇന്ത്യയിൽ നിന്നും കടത്തിയ നിരവധി അമൂല്യ വസ്തുക്കളിൽ ഒന്നു മാത്രമാണ് കോഹിനൂരെന്നാണ് അദ്ദേഹം പറയുന്നത്. കോളനിഭരണം ഇന്ത്യയുടെ സമ്പത്തുകൊള്ളയടിച്ചെന്നും രാജ്യത്തിന്റെ ഘടന തന്നെ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. കോഹിനൂർ എന്നത് വെറുമൊരു 105 കാരറ്റ് രത്‌നമല്ലെന്നും അത് ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും അതിനാൽ അത് നിർബന്ധമായും തിരിച്ച് ലഭിക്കണമെന്നുമാണ് ബോളിവുഡ് താരമായ ഭൂമിക സിങ് പറയുന്നത്. വിക്ടോറിയ രാജ്ഞിക്ക് മുന്നിൽ 1851ൽ കാഴ്ചവയ്ക്കപ്പെട്ട ഈ ഓവൽ ആകൃതിയിലുള്ള രത്‌നം തിരിച്ച് നൽകുന്നതിനുള്ള ആവശ്യം ബ്രിട്ടീഷ് ഗവൺമെന്റ് എപ്പോഴും നിരസിക്കുകയേ ചെയ്തിട്ടുള്ളൂ.

കോഹിനൂർ രത്‌നം ഇപ്പോൾ ഏറ്റവും അനുയോജ്യമായ സ്ഥാനത്ത് അതായത് ബ്രിട്ടീഷ് കിരീടത്തിലാണ് നിലകൊള്ളുന്നതെന്ന് ഇതിന് വേണ്ടി നിയമപോരാട്ടത്തിനിറങ്ങുന്നവർ ഓർക്കണമെന്നാണ് ചരിത്രകാരനായ ആൻഡ്രൂ റോബർട്ട് കഴിഞ്ഞ രാത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. മൂന്ന് നൂറ്റാണ്ട് ഇന്ത്യ ഭരിച്ചതിന് ബ്രിട്ടനുള്ള നന്ദിപൂർവകമായ ഉപഹാരമാണിതെന്നും പ്രസ്തുത ഭരണത്തിലൂടെ ഇന്ത്യ നവീകരിക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ഭാഷാപരമായ ഏകീകരണത്തിന് വിധേയമാവുകയും സർവോപരി ഇന്ത്യൻ ഉപഭൂഖണ്ഡം തന്നെ വികസിക്കുകയും ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഗ്രീസിൽ നിന്നും ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടു വന്ന പുരാതന ശിൽപങ്ങളായ എൽഗിൻ മാർബിളുകൾ തിരിച്ച് നൽകണമെന്ന് ഗ്രീസും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറേക്കാലമായി. ഇവ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. എൽഗിൻ മാർബിളുമായി താരതമ്യപ്പെടുത്തുമ്പോൾ നിയമപരമായ കരാറിലൂടെയാണ് കോഹിനൂർ ബ്രിട്ടനിലെത്തിയതെന്നും ആൻഡ്രൂ പറയുന്നു.

പഞ്ചാബിലെ അവസാന സിഖ് ഭരണാധികാരിയായിരുന്ന ദുലീപ് സിംഗാണ് കോഹിനൂർ രത്‌നം വിക്ടോറിയ രാജ്ഞിക്ക് നൽകിയിരുന്നത്. പഞ്ചാബിൽ ബ്രിട്ടീഷ് ആക്രമണം ഉണ്ടായതിനെ തുടർന്നായിരുന്നു ഇത്. ആ രത്‌നം ബ്രിട്ടന് സമർപ്പിച്ച നടപടിയെ ഇന്നും ഇന്ത്യ ലജ്ജയോടെയാണ് ഓർക്കുന്നത്.മൗണ്ടെയിൻ ഓഫ് ലൈറ്റ് ഗ്രൂപ്പാണ് കോഹിനൂർ രത്‌നം മടക്കിക്കൊണ്ടു പോകാനുള്ള നിയമനടപടി ആരംഭിക്കാൻ അഭിഭാഷകന്മാരോട് നിർദേശിച്ചിട്ടുള്ളത്. കോഹിനൂർ എന്നാണ് മൗണ്ടെയിൻ ഓഫ് ലൈറ്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഹോളോകസ്റ്റ് (റിട്ടേൺ ഓഫ് കൾച്ചറൽ ഒബ്ജക്ട്‌സ്) തങ്ങളുടെ കേസിന് പിൻബലമായി വർത്തിക്കുമെന്നാണ് ഈ ഗ്രൂപ്പ് വിശ്വസിക്കുന്നത്. മോഷ്ടിക്കപ്പെട്ട കലാവസ്തുക്കൾ തിരിച്ച് ആവശ്യപ്പെടാൻ യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂഷനുകൾക്ക് അധികാരമേകുന്ന നിയമമാണിത്. കോമൺ ലോ ഡോക്ട്രിൻ ഓഫ് ട്രെസ്പാസ് ടു ഗുഡ്‌സിന് കീഴിൽ തങ്ങൾ ഇത് തിരിച്ച് നൽകാൻ ആവശ്യപ്പെടുമെന്നാണ് ബെർമിങ്ഹാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോ ഫേമായ റുബ്രിക് ലൂയീസ് കിംഗിലെ സതീഷ് ജഖു പറയുന്നത്. ബ്രിട്ടീഷ് ഗവൺമെന്റ് ഈ രത്‌നം മോഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ കേസിൽ നീതി ലഭിക്കാനായി ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം പറയുന്നു.

കോഹിനൂരിന്റെ കൈവശാവകാശത്തിന് വേണ്ടി കഴിഞ്ഞ ഏഴ് നൂറ്റാണ്ടിനിടെ രക്തരൂക്ഷിതമായ യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്.ഇതിനിടെ വിവിധ രാജവംശങ്ങളുടെയും രാജ്യങ്ങളുടെയും കൈവശം ഇത് എത്തിച്ചേർന്നിരുന്നു. പാക്കിസ്ഥാൻ, ഇന്ത്യ, ഇറാൻ, എന്തിനേറെ അഫ്ഗാനിസ്ഥാനിലെ താലിബാൻ വരെ രത്‌നത്തിന് വേണ്ടി അവകാശവാദമുന്നയിച്ചിട്ടുണ്ട്. 1304ലാണ് രത്‌നത്തെക്കുറിച്ചുള്ള ആദ്യ വിവരണമുണ്ടായിരിക്കുന്നത്. ഇത് ധരിക്കുന്നവർക്ക് അതുല്യമായ ശക്തിയുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ പുരുഷന്മാർ ഇത് ധരിച്ചാൽ നിർഭാഗ്യകരമായ അന്ത്യമുണ്ടാകുമെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. തന്റെ കിരീടത്തിന്റെ മധ്യഭാഗത്തായാണ് എലിസബത്ത് രാജ്ഞി ഈ രത്‌നത്തിന് സ്ഥാനം നൽകിയിരിക്കുന്നത്. 1937ലായിരുന്നു രാജ്ഞിയുടെ കിരീടധാരണം.

ചരിത്രം വെളിപ്പെടുത്തുന്ന തെളിവുകൾ സത്യമാണെങ്കിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്‌തെടുത്തത്.തുടർന്ന് ഇത് സ്വാഭാവികമായും അവിടുത്തെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാർ കൈക്കലാക്കുകയും ചെയ്തു. 1323ൽ ഡൽഹിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ ആക്രമിച്ച് കീഴടക്കുകയും അവരുടെ തലസ്ഥാനമായ ഓറുഗല്ലു അഥവാ ഇന്നത്തെ വാറങ്കൽ കൊള്ളയടിക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ അവർ കോഹിനൂർ രത്‌നവും കവർന്നെടുത്തിരുന്നു.തുടർന്ന് അവർ ഡൽഹിയിലെത്തിക്കുകയായിരുന്നു.തുടർന്ന് ഡൽഹിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ ഈ രത്‌നം മാറിമാറി കൈവശം വയ്ക്കുകയായിരുന്നു. തുടർന്ന് ഇത് 1526ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ ഖജനാവിലെത്തുകയും ചെയ്തു. മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, കോഹിനൂർ രത്‌നത്തെ തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിൽ അലങ്കാരമാക്കി ഉൾപ്പെടുത്തുകയായിരുന്നു. ഷാ ജഹാന്റെ പുത്രനായ ഔറംഗസേബ്, പിൽക്കാലത്ത് കോഹിനൂരിനെ ലാഹോറിലേക്ക് കൊണ്ടുപേയി. ലാഹോറിൽ താൻ നിർമ്മിച്ച ബാദ്ശാഹി മസ്ജിദിലാണ് അദ്ദേഹമിത് സൂക്ഷിച്ചത്.

തുടർന്ന് പേർഷ്യൻ ഭരണാധികാരിയായ നാദിർഷാ 1739ൽ ഇന്ത്യ ആക്രമിച്ചപ്പോൾ കോഹിനൂർ രത്‌നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കൊണ്ടു പോവുകയായിരുന്നു. കോഹ്ഇ നൂർ എന്ന പേര് ഈ രത്‌നത്തിനേകിയത് നാദിർ ഷായാണെന്നാണ് ചരിത്രം പറയുന്നത്. 1739നു മുൻപ് ഈ രത്‌നം ഈ പേരിലറിയപ്പെട്ടിരുന്നില്ല. 1747ൽ നാദിർഷാ മരണമടഞ്ഞതോടെ ഈ രത്‌നം അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശം വന്ന് ചേർന്നു.

1751ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ തോൽപിച്ചതോടെ കോഹിനൂർ രത്‌നം, അദ്ദേഹം കൈക്കലാക്കുകയായിരുന്നു.അഞ്ചാം ദുറാനി ഭരണാധികാരിയിൽ നിന്നും ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് 1813ൽ രത്‌നം എത്തിച്ചേരുകയായിരുന്നു.1849ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്‌നം ബ്രിട്ടീഷുകാരുടെ കൈവശമെത്തുകയും ചെയ്തു.

കോളനി ഭരണകാലത്ത് ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടു പോയ കോഹിനൂർ രത്‌നവും സുൽത്താൻ ഗഞ്ച് ബുദ്ധയും ഉൾപ്പെടെയുള്ള ഇന്ത്യൻ പൈതൃക സമ്പാദ്യങ്ങൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവ്വെ ഒഫ് ഇന്ത്യ(എഎസ്‌ഐ) ഡയറക്ടർ ജനറൽ ഗൗതം സെൻ ഗുപ്ത 2010ൽ ഒരു അപ്പീൽ സമർപ്പിച്ചിരുന്നു. ദേശിയ മ്യൂസിയത്തിൽ നിന്ന് വസ്തുക്കൾ മാറ്റുന്നത് 1963ലെ ബ്രിട്ടീഷ് മ്യൂസിയം ആക്ട് വിലക്കിയിട്ടുള്ളതാണെന്നും ഈ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നില്ലെന്നുമാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അന്ന് മറുപടിയേകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP