Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷ്മി മിട്ടലിനെയും ഹിന്ദുജ സഹോദരങ്ങളെയും മറികടകാൻ ഒരുങ്ങി ബ്ലാക്ക്പൂളിലെ ഇന്ത്യൻ ബിസിനസ്സുകാർ; അസ്ഡയടക്കം നിരവധി സ്ഥാപനങ്ങൾ വാങ്ങിയ ഇന്ത്യൻ മുതലാളിമാർ ഏറ്റവും ഒടുവിൽ ഏറ്റെടുക്കുന്നത് കോഫീ ചെയിൻ കഫെ നീറോയെ

ലക്ഷ്മി മിട്ടലിനെയും ഹിന്ദുജ സഹോദരങ്ങളെയും മറികടകാൻ ഒരുങ്ങി ബ്ലാക്ക്പൂളിലെ ഇന്ത്യൻ ബിസിനസ്സുകാർ; അസ്ഡയടക്കം നിരവധി സ്ഥാപനങ്ങൾ വാങ്ങിയ ഇന്ത്യൻ മുതലാളിമാർ ഏറ്റവും ഒടുവിൽ ഏറ്റെടുക്കുന്നത് കോഫീ ചെയിൻ കഫെ നീറോയെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അറബിക്കഥകളെ വെല്ലുന്ന ജീവിതചരിത്രമാണ് ബ്രിട്ടനിലെ ശതകോടീശ്വരന്മാരായ ഇസ്സാ സഹോദരന്മാരുടേത്. 1960 കളിൽ തുണിമില്ലിലെ ജോലി തേടിയെത്തിയ ഗുജറാത്ത് ബാറുച്ച് സ്വദേശികളായ വാലി ഇസ്സയുടെയും സുബൈദ ഇസ്സയുടെയും മക്കൾ മാനം മുട്ടെ വളർന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. ബ്ലാക്‌ബേണിലെ ഒരു സാധാരണ വീട്ടിൽ ജനിച്ചുവളർന്ന സഹോദരന്മാർ ഒരു പെട്രോൾ പമ്പ് വാടകയ്ക്ക് എടുത്ത് നടത്തിക്കൊണ്ടായിരുന്നു ബിസിനസ്സ് രംഗത്തേക്ക് പ്രവേശിക്കുന്നത്.അതൊരു ചരിത്ര പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായി മാറുമെന്ന് അന്ന് അവരും കരുതിയിരുന്നില്ല.

കഠിനമായ അദ്ധ്വാനവും, ബുദ്ധിപരമായ നീക്കങ്ങളും കൊണ്ട് അവർ ഒരു പെട്രോൾ പമ്പ് സ്വന്തമായി വാങ്ങുവാനുള്ള പണം സമ്പാദിച്ചു. അവിടെ നിന്നു തുടങ്ങുകയാണ് യൂറോ ഗാരേജസ് എന്ന, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പെട്രോൾ പമ്പ് ശൃംഖലയുടെ കഥ. ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ ആരംഭിച്ച ആദ്യ പെട്രോൾ പമ്പ് ഇന്ന് ചെന്നു നിൽക്കുന്നത് പല യൂറോപ്യൻ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 500-ൽ അധികം പെട്രോൾ പമ്പുകളിലാണ്. അതിനിടയിലാണ് 2018 ഫെബ്രുവരിയിൽ അമേരിക്കൻ കമ്പനിയായ ക്രോഗറിണ്ടെ 762 കൺവീനിയൻസ് സ്റ്റോറുകൾ ഏറ്റെടുത്തുകൊണ്ട് ഇസ്സ സഹോദരങ്ങൾ വാർത്ത സൃഷ്ടിച്ചത്.

പിന്നീട് 2020 ഒക്ടോബറിൽ അമേരിക്കൻ ചില്ലറവില്പന രംഗത്തെ ഭീമന്മാരായ വാൾമാർട്ടിൽ നിന്നും അസ്ഡയുടെ ഭൂരിഭാഗം ഓഹരികളും കരസ്ഥമാക്കിയതോടെ ഇവർ വീണ്ടും തലക്കെട്ടുകളിൽ ഇടംപിടിച്ചു. 2020-ൽ തന്നെ എലിസബത്ത് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന കമാൻഡർ ഓഫ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ എന്ന ബഹുമതിയും ഇവരെ തേടിയെത്തി. പിന്നീട് ഇവരുടെ ജന്മസ്ഥലമായ ബ്ലാക്ക്‌ബേണിൽ ശതകോടികൾ മുടക്കി നിർമ്മിക്കുന്ന മോസ്‌കിന്റെ പേരിലായിരുന്നു ഇവർ വാർത്തകളിൽ ഇടം പിടിച്ചത്. അതിനിടയിൽ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ഇവരെ തേടിയെത്തിയിരുന്നു.

6.8 ബില്ല്യൺ പൗണ്ടിന് അസ്ഡ കരസ്ഥമാക്കിയ ഇസ്സ സഹോദരന്മാർ ഇപ്പോൾ പ്രതിസന്ധി നേരിടുന്ന കഫെ നീറോ ഏറ്റെടുക്കാൻ പോകുന്നതായി വാർത്തകൾ വരുന്നുണ്ട്. മൊഹ്സിൻ ഇസ്സയു (49) സുബൈർ ഇസ്സയും(48) 140 മില്ല്യൺ പൗണ്ടിനാണ് ഇത് വാങ്ങുന്നത് എന്നാണ് സൂചന. ഒരു സ്വിസ്സ് ഇക്വിറ്റി സ്ഥാപനം വഴി മോർഗൻ സ്റ്റാൻലിയിൽ നിന്നും വായ്പ എടുത്തിട്ടായിരിക്കും ഇവർ ഇത് ഏറ്റെടുക്കുക.

ഏകദേശം 80 മില്യൺ പൗണ്ടിനും 100 മില്യൺ പൗണ്ടിനും ഇടയിലുള്ള തുകചെലവാക്കി കഴിഞ്ഞദിവസം ഫാസ്റ്റ്ഫുഡ് ചെയിനായ ലിയോൺ സ്വന്തമാക്കിയ ഇസ്സാ സഹോദരന്മാർ കാലമേറെയായി കഫേ നീറോയിൽ കണ്ണുവച്ചിട്ട്. സ്ഥാപനങ്ങൾ വാങ്ങികൂട്ടുന്നതിൽ വ്യാപൃതരായിരിക്കുന്ന സഹോദരങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇടപാടാണ് ലിയോൺ വാങ്ങിയത്. 1.5 ലക്ഷം പൗണ്ടിന് 2001-ൽ വാങ്ങിയ ഒരു പെട്രോൾ പമ്പിൽ നിന്നും ബിസിനസ്സ് ആരംഭിച്ച ഈ സഹോദരനമാരുടെ ഇപ്പോഴത്തെ ആസ്തി 9 ബില്ല്യൺ പൗണ്ടാണ്. ഇവരുടെ ഇ ജി ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ 44,000 ജീവനക്കാരാണ് ജോലിചെയ്യുന്നത്.

ഡൊണാൾഡ് ട്രംപിന്റെ സ്വന്തം ഹെലികോപ്റ്ററിനൊപ്പമ്മ് ബ്ലാക്ക്പൂൾ വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു സ്വകാര്യ ജറ്റ് വിമാനമുൾപ്പടെ നിരവധി ആഡംബര വാഹനങ്ങളുടെ ഉടമകൾ കൂടിയാണിവർ. ബ്രിട്ടനിൽ വർക്ക് ഫ്രം ഹോം വ്യാപകമായതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ നിരവധി ബിസിനസ്സ് സംരംഭങ്ങളിൽ ഒന്നാണ് കഫേ നീറോയും. നിലവിൽ, ഷോപ്പുകൾ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്മെന്റ്. ഇതുസംബന്ധിച്ച് കമ്പനി പണം നൽകാനുള്ളവരും, ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിട ഉടമകളും ഒരു തീരുമാനമെടുക്കാൻ ഇരിക്കെയാണ് ഇസ്സാ സഹോദരന്മാർ ഇത് വാങ്ങുവാൻ ആഗ്രഹിക്കുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ ആകെ തകർന്ന കഫേ നീറോ, രണ്ടാം ലോക്ക്ഡൗണോടെ ഇനിയൊരു ഉയർത്തെഴുന്നേല്പ് സാധ്യമല്ലാത്ത നിലയിലേക്ക് എത്തുകയായിരുന്നു. ബ്രിട്ടനിലാകമാനമായി 800-ൽ അധികം ഷോപ്പുകളുള്ള കഫേ നീറോയിൽ ഏകദേശം 6000 ജീവനക്കാരുമുണ്ട്. കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുൻപ് വരെ കുതിച്ചുയരുകയായിരുന്നു ഈ ശൃംഖല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP