Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ്രയേലിന് പരമാവധി ആയുസ്സ് 25 വർഷം കൂടി മാത്രം; പിശാചിന്റെ പ്രതിനിധികളായ അമേരിക്കയുമായി ചർച്ചയില്ല; ആയത്തൊള്ള ഖമേനിക്ക് പറയാനുള്ളത്

ഇസ്രയേലിന് പരമാവധി ആയുസ്സ് 25 വർഷം കൂടി മാത്രം; പിശാചിന്റെ പ്രതിനിധികളായ അമേരിക്കയുമായി ചർച്ചയില്ല; ആയത്തൊള്ള ഖമേനിക്ക് പറയാനുള്ളത്

ഗസ്സ: ഫലസ്തീനെ നിരന്തരം വേട്ടയാടുന്ന ഇസ്രയേലിനെ ഒരു പാപ രാഷ്ട്രമായിട്ടാണ് ഭൂരിഭാഗം മുസ്ലിം രാഷ്ട്രങ്ങളും കാണുന്നത്. തരം കിട്ടുമ്പോഴൊക്കെ അവയിൽ പലതും ഇസ്രയേലിനെതിരെ ശക്തമായ പരാമർശങ്ങളുമായി രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ഇസ്രയേലിനെതിരെ മൂർച്ചയുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇസ്രയേലിന് പരമാവധി ആയുസ്സ് 25 വർഷം കൂടി മാത്രമാണെന്നാണ് ഖമേനി പറയുന്നത്. ഇതിന് പുറമെ പിശാചിന്റെ പ്രതിനിധികളായ അമേരിക്കയുമായി ചർച്ചയില്ലെന്നും ആയത്തൊള്ള ഖമേനി ആണയിടുന്നു.മുസ്ലിം രാഷ്ട്രങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുള്ള ഇറാൻ നേതാവിന്റെ വാക്കുകളെ വളരെ പ്രാധാന്യത്തോടെയാണ് ലോകം ശ്രവിക്കുന്നത്.

25 വർഷത്തിനിടെ മധ്യേഷ്യയിലെ പ്രതിസന്ധികൾ രൂക്ഷമാവുകയും അതു മൂലമുണ്ടാകുന്ന കടുത്ത പൊട്ടിത്തെറികളുടെ ഫലമായി ഇസ്രയേൽ എന്ന രാജ്യം ഛിന്നഭിന്നമാകുമെന്നുമാണ് ഖമേനി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.അതിനെ തുടർന്ന് മിഡിൽ ഈസ്റ്റിൽ പുതിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയുമായുള്ള ചർച്ചകൾ വ്യാപിപ്പിക്കില്ലെന്നും ഇറാനിയൻ നേതാവ് നിസംശയം വ്യക്തമാക്കുന്നു. ഇറാന്റെ ആണവായുധ ഇടപാടുകളെക്കുറിച്ചും അടുത്ത 25 വർഷത്തേക്ക് ഇറാന്റെ സ്ഥിതിയെന്താകുമെന്നും ഇസ്രയേലിന് ഉത്കണ്ഠയുണ്ടെന്നുമുള്ള ചില സയണിസ്റ്റുകളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഖമേനി ഇത്തരത്തിൽ തുറന്നടിച്ചിരിക്കുന്നത്.സയണിസ്റ്റ് ഭരണം 25 വർഷത്തിലധികം ആ പ്രദേശത്ത് നിലനിർത്താൻ ഇസ്രയേലിനെ ദൈവം അനുവദിക്കില്ലെന്നാണ് ഖമേനി പറഞ്ഞിരിക്കുന്നത്.

വളരെക്കാലമായി ഇറാൻ ഫലസ്തീൻ പോരാളികളെയും ലെബനീസ് ഗ്രൂപ്പുകളെയും ഇസ്രയേലിനെതിരെ പിന്തുണച്ച് വരുകയാണ്. ഇസ്രയേലിന്റെ തകർച്ച ഖമേനിയടക്കമുള്ള നിരവധി നേതാക്കൾ നിരന്തരം പ്രവചിക്കുന്നുമുണ്ട്.സിവിലിയൻ പ്രോഗ്രാമിനായി ഇറാൻ ആണവായുധം ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേലും പാശ്ചാത്യ രാജ്യങ്ങളും ദീർഘകാലമായി ആരോപിക്കുന്നത്. എന്നാൽ ഇറാൻ ഇത് ശക്തിയുക്തം നിഷേധിക്കുകയാണ് ചെയ്യുന്നത്.

ജൂലൈയിൽ യുഎസുമായുണ്ടായുണ്ടാക്കിയ ആണവകരാറിൽ യുഎസ് കോൺഗ്രസ് വോട്ട് ചെയ്യാൻ കാലതാമസമുണ്ടാക്കുന്നതിലുള്ള തന്റെ പ്രതിഷേധവും ഖമേനിയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്.റിപ്പബ്ലിക്കന്മാർക്ക് മുൻതൂക്കമുള്ള യുഎസ് കോൺഗ്രസ് ഈ കരാർ അട്ടിമറിക്കുന്നത് പ്രതിരോധിക്കാൻ ഡെമോക്രാറ്റുകളിൽ നിന്ന് മതിയായ പിന്തുണ ഉറപ്പാക്കാൻ പ്രസിഡന്റ് ഒബാമ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.എന്നാൽ ഖമേനിയുടെ പരാമർശങ്ങൾ വിമർശനം ക്ഷണിച്ച് വരുത്തുന്നുമുണ്ട്.

ഖമേനിയുടെ ഈ വക പ്രസ്താവനകൾ വാഷിങ്ടണും ടെഹ്‌റാനും തമ്മിലുള്ള പുതിയ സൗഹൃദ ചർച്ചകളുടെ വഴിയടയ്ക്കുകയാണ് ചെയ്യുന്നത്. ഭാവിയിൽ മറ്റ് പ്രാദേശിക പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഈ നിലപാട് വിഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന ഇരുരാജ്യങ്ങളുടെയും പൊതു നിലപാടിനെ വരെ ഇത് ബാധിച്ചേക്കാം. പ്രത്യേകിച്ച് ആണവായുധ പ്രശ്‌നത്തിൽ യുഎസുമായി ചർച്ചയാകാമെന്ന് തങ്ങൾ അംഗീകരിച്ചതായാണ് ഖമേനി പറയുന്നത്.

ടെഹ്‌റാനിലെ പള്ളിയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പേരോട് സംസാരിക്കവെയാണ് ഖമേനി ഇക്കാര്യം പ്രസ്താവിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. മറ്റുള്ള കാര്യങ്ങളിൽ യുഎസുമായി ചർച്ച നടത്താൻ തങ്ങൾ അനുവദിക്കുന്നില്ലെന്നും ഖമേനി പറയുന്നു. മറ്റുള്ള വിഷയങ്ങളിൽ യുഎസുമായി വിലപേശാനില്ലെന്നും ഖമേനി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP