Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ സൈനികർ ഇറാഖ് മണ്ണും വ്യോമാതിർത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് വിലക്കണം; ഇറാൻ- അമേരിക്ക ബന്ധം കൂടുതൽ വഷളായതോടെ അമേരിക്കൻ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് സർക്കാരിനോട് ഇറാഖ് പാർലമെന്റ്

വിദേശ സൈനികർ ഇറാഖ് മണ്ണും വ്യോമാതിർത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് വിലക്കണം; ഇറാൻ- അമേരിക്ക ബന്ധം കൂടുതൽ വഷളായതോടെ അമേരിക്കൻ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് സർക്കാരിനോട് ഇറാഖ് പാർലമെന്റ്

മറുനാടൻ മലയാളി ബ്യൂറോ

ബാഗ്ദാദ്: അമേരിക്ക-ഇറാൻ ബന്ധം കൂടുതൽ വഷളായതോടെ വിദേശ സൈനികർ രാജ്യംവിടണമെന്ന് ഇറാഖ്. ഇറാഖ് പാർലമെന്റാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. ഇറാന്റെ ഉന്നത സൈനിക മേധാവി മേജർ ജനറൽ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചതിന് പിന്നാലെയാണ് ഇറാഖ് പാർലമെന്റ് കടുത്ത നിലപാട് സ്വീകരിച്ചത്. 5000 ത്തോളം അമേരിക്കൻ സൈനികരാണ് ഇറാഖിൽ സൈനിക ഉപദേഷ്ടാക്കളായി ഉള്ളത്.

വിദേശ സൈനികർ ഇറാഖ് മണ്ണും വ്യോമാതിർത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലും വിലക്കണമെന്നും സർക്കാരിനോട് പാർലമെന്റ് ആവശ്യപ്പെട്ടു. ബാഗ്ദാദ് വിമാനത്തവളത്തിന് സമീപത്തുവച്ച് സുലൈമാനിയെ വധിച്ച നടപടി രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമായാണ് ഇറാഖ് കാണുന്നത്. സൈനിക സഹകരണം സംബന്ധിച്ച ധാരണകൾ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇടക്കാല പ്രധാനമന്ത്രി എംപിമാർക്ക് ഉറപ്പുനൽകിയതിന് പിന്നാലെയാണ് സുപ്രധാന പ്രമേയവും പാസാക്കിയിട്ടുള്ളത്. ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം നേരത്തെ യു.എസ് അംബാസഡറെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സ് മേധാവി ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചത്. സുലൈമാനിക്കൊപ്പം ഇറാൻ പൗരസേന കമാൻഡർ അബു മഹ്ദിയും അഞ്ച് ഇറാൻ കമാൻഡോകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനവ്യൂഹത്തിൽ മൂന്നു മിസൈലുകൾ പതിച്ചെന്ന് ഇറാൻ അറിയിച്ചു. ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്‌ക്കെന്നാണ് വിശദീകരണം. ഇതോടെ യുഎസ് ഇറാൻ ഇറാഖ് ബന്ധം കൂടുതൽ വഷളായി. ഒരിടവേളയ്ക്കു ശേഷം പശ്ചിമേഷ്യ വീണ്ടും അശാന്തമാകുന്ന സാഹചര്യവും സംജാതമായി.

നേരത്തേ തന്നെ ഇറാഖിലുള്ള അമേരിക്കൻ സിവിലിയന്മാരോട് സുരക്ഷിതമായ മറ്റ് രാജ്യങ്ങളിലേക്ക് പോകാനോ അമേരിക്കയിലേക്ക് തന്നെ മടങ്ങാനോ നിർദ്ദേശം നൽകിയിരുന്നു. 'ഇറാഖിലെയും മേഖലയിലെയും രൂക്ഷമായ സംഘർഷങ്ങൾ കാരണം, 2020 ജനുവരിയിലെ യാത്രാ നിർദേശങ്ങൾ അനുസരിച്ച് ഉടൻ ഇറാഖിൽ നിന്ന് പുറപ്പെടണമെന്ന് യുഎസ് എംബസി അമേരിക്കൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. യുഎസ് പൗരന്മാർ എത്രയും വേഗം വ്യോമമാർഗം പുറപ്പെടണം. അതു സാധിച്ചില്ലെങ്കിൽ കരയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകണം.' യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP