Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇറാൻ ഒരുമാസത്തിനിടെ പിടിച്ചെടുത്തത് മൂന്നാമത്തെ കപ്പൽ; ഇന്ധന കള്ളക്കടത്ത് ആരോപിച്ച് റെവല്യൂഷണറി ഗാർഡ് കസ്റ്റഡിയിലെടുത്ത കപ്പലിൽ ഉള്ളത് ഏഴ് ജീവനക്കാരും ഏഴ് ലക്ഷം ലിറ്റർ എണ്ണയും; ഇറാന്റെ അവകാശവാദം തള്ളാതെയും കൊള്ളാതെയും അഞ്ചാം കപ്പൽപ്പട; പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയെന്ന സംശയത്തിൽ ലോകം

ഇറാൻ ഒരുമാസത്തിനിടെ പിടിച്ചെടുത്തത് മൂന്നാമത്തെ കപ്പൽ; ഇന്ധന കള്ളക്കടത്ത് ആരോപിച്ച് റെവല്യൂഷണറി ഗാർഡ് കസ്റ്റഡിയിലെടുത്ത കപ്പലിൽ ഉള്ളത് ഏഴ് ജീവനക്കാരും ഏഴ് ലക്ഷം ലിറ്റർ എണ്ണയും; ഇറാന്റെ അവകാശവാദം തള്ളാതെയും കൊള്ളാതെയും അഞ്ചാം കപ്പൽപ്പട; പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയെന്ന സംശയത്തിൽ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്റാൻ: ഒരു മാസത്തിനിടെ മൂന്നാമത്തെ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിലെ സംഘർഷത്തിന് മൂർച്ച കൂട്ടി ഇറാൻ. മറ്റൊരു എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് 'എണ്ണ കള്ളക്കടത്ത്' നടത്തിയ മറ്റൊരു വിദേശ കപ്പൽ കൂടി പിടിച്ചെടുത്തതായി ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.

ഏഴ് ജീവനക്കാരുള്ള വിദേശ കപ്പൽ ബുധനാഴ്ച പിടിച്ചെടുത്തുവെന്നാണ് ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാനിയൻ സംർക്കാരുമായി അടുപ്പമുള്ള വാർത്താ ഏജൻസികളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില അറബ് രാജ്യങ്ങൾക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പൽ ഇറാൻ നാവിക സേന പിടിച്ചെടുത്തു എന്നാണ് ഇറാൻ സൈനിക കമാൻഡർ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയൻ ടി.വി റിപ്പോർട്ട് ചെയ്തത്.

ആണവ കരാറിലെ തർക്കങ്ങലെ തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. ലോകത്തിലെ എണ്ണ കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്ന മേഖലയിൽ ജൂലൈ 18ന് എംടി റിയ എന്ന കപ്പലാണ് ഇറാൻ ആദ്യം പിടിച്ചെടുത്തത്. എണ്ണ കള്ളക്കടത്താണ് കാരണമായി പറഞ്ഞത്. ഒരു ദിവസത്തിനു ശേഷം ബ്രിട്ടന്റെ കീഴിലുള്ള സ്റ്റെന ഇംപറോ പിടിച്ചെടുത്തു. രാജ്യാന്തര സമുദ്ര കരാർ ലംഘനത്തിന്റെ പേരു പറഞ്ഞായിരുന്നു ഹോർമുസ് കടലിടുക്കിലെ പിടിച്ചെടുക്കൽ. ഇതിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. മൂന്നാമതായി പിടിച്ചെടുത്ത കപ്പൽ ഏതു രാജ്യത്തു നിന്നാണെന്നു വ്യക്തമായിട്ടില്ല.

സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ തെക്കൻ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം. എന്നാൽ കപ്പൽ പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കാൻ ബഹ്റൈനിലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം തയ്യാറായില്ല. ഇക്കാര്യത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

സമുദ്രപാത ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ നേരത്തെ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇപ്പോഴും ഇറാന്റെ കയ്യിലാണ്. മറ്റൊരു കപ്പലും ഇറാൻ പിടികൂടിയിരുന്നു. സിറിയയിലേക്ക് എണ്ണ കടത്തി എന്നാരോപിച്ച് ഇറാന്റെ കപ്പൽ ബ്രിട്ടണും പിടികൂടിയിരുന്നു. അമേരിക്കയുടെ ഡ്രോൺ തകർക്കുന്ന സംഭവവുമുണ്ടായി. ഇറാനെതിരെ രാജ്യാന്തര തലത്തിൽ അമേരിക്കയുടെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് ഇറാൻ മൂന്നാമത്തെ കപ്പലും പിടികൂടിയത്. ലോകത്തെ നിർണായക എണ്ണക്കടത്ത് പാതയായ ഹോർമൂസ് കടലിടുക്കിൽ സംഘർഷഭരിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോൾ പിടിച്ചെടുത്ത കപ്പൽ ഏത് രാജ്യത്തിന്റേതാണെന്ന് വെളിപ്പെടുത്താൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല.

ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് 'കള്ളക്കടത്ത്' നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ്‌ മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.

മേഖലയിൽ പട്രോളിങ്ങിനിടെയാണ് കപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്നും കള്ളക്കടത്താണെന്നു ബോധ്യമായതോടെ പിടിച്ചെടുക്കുകയായിരുന്നെന്നും ഇറാൻ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കാണ് എണ്ണ കടത്തിയിരുന്നത്. ബുഷേറിലാണ് ഇപ്പോൾ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് എണ്ണ മാറ്റിയിട്ടുണ്ട്. നിയമപരമായാണു നീങ്ങുന്നതെന്നും കപ്പലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പൽ ഏതു രാജ്യത്തിന്റെയാണെന്നോ കമ്പനിയുടേതാണെന്നോ വ്യക്തമാക്കിയില്ല.

മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യമാണു നിലവിലെന്ന് ഇറാൻ ജനറൽമാരിലൊരാൾ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. 'ഒറ്റനോട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെ സാഹചര്യം സൈനിക നടപടിയിലേക്കാണു നയിക്കുന്നതെന്നു തോന്നിപ്പിക്കും. എന്നാൽ കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ അത്തരമൊരു നീക്കത്തിനു സാധ്യത വളരെ കുറച്ചേ ഉള്ളൂവെന്നു മനസ്സിലാകും' ബ്രിഗേഡിയർ ജനറൽ അഹമ്മദ്റേസ പൗർദസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്‌ഫോടനമുണ്ടാകാൻ ജനറൽ കൂട്ടിച്ചേർത്തു.

കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്‌റൈനിലാണ് ഇപ്പോൾ യുഎസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലൈ 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ രാജ്യത്തിന്റെ ചുമതലയാണെന്നും ഇറാൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP