Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോമയിലുള്ള ഇന്ത്യൻ വിദ്യാർത്ഥിക്ക് ഒരു വർഷത്തെ താൽക്കാലിക വിസ നൽകി ബ്രിട്ടീഷ് ഹോം ഓഫീസ്; ഭവാനിയെ നാടുകടത്താനുള്ള നീക്കം വിവാദമായപ്പോൾ തൽക്കാലം മാനം കാത്ത് സർക്കാർ

കോമയിലുള്ള ഇന്ത്യൻ വിദ്യാർത്ഥിക്ക് ഒരു വർഷത്തെ താൽക്കാലിക വിസ നൽകി ബ്രിട്ടീഷ് ഹോം ഓഫീസ്; ഭവാനിയെ നാടുകടത്താനുള്ള നീക്കം വിവാദമായപ്പോൾ തൽക്കാലം മാനം കാത്ത് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഭവാനി എസപതി എന്ന 31 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനിയെ യുകെയിൽ നിന്നും നാട് കടത്തുന്നതിനുള്ള നീക്കം തൽക്കാലം ഹോം ഓഫീസ് വേണ്ടെന്ന് വച്ചുവെന്ന് പുതിയ റിപ്പോർട്ട്. കോമയിൽ കഴിയുന്ന ഈ യുവതിയുടെ വിസ കാലാവധി അവസാനിച്ചുവെന്ന പേരിൽ നാട് കടത്തുന്നതിന് ഹോം ഓഫീസ് നടത്തിയ നീക്കം വൻ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയതിനെ തുടർന്ന് ഇവർക്ക് 12 മാസത്തെ താൽക്കാലിക വിസ അനുവദിച്ച് മാനം കാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഭവാനി ലീവ് ടു റിമെയിനിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചുവെന്ന് അറിയിച്ച് കൊണ്ടുള്ള കത്ത് ഹോം ഓഫീസിൽ നിന്നും കഴിഞ്ഞ സെപ്റ്റംബറിൽ ലഭിക്കുമ്പോൾ ഭവാനി കോമ അവസ്ഥയിൽ അനക്കമില്ലാതെ കിടക്കാൻ തുടങ്ങിയിരുന്നു. അപേക്ഷ നിരസിച്ചതിനാൽ യുവതിയെ ഉടൻ യുകെയിൽ നിന്നും ഇന്ത്യയിലേക്ക് നാട് കടത്തുമെന്നും ഹോം ഓഫീസ് മുന്നറിയിപ്പേകിയിരുന്നു. ഇതിനെതിരെ നിരവധി മാധ്യമങ്ങളാണ് ഭവാനിക്ക് വേണ്ടി ഹോം ഓഫീസിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിരുന്നത്. അതിനെ തുടർന്നാണ് ഹോം ഓഫീസിന് മനംമാറ്റമുണ്ടായിരിക്കുന്നത്.

ലീവ് ടു റിമെയിൻ അപേക്ഷ നിരസിച്ച ഹോം ഓഫീസ് നടപടിക്കെതിരെ ഭവാനിയുടെ ഭർത്താവ് മാർട്ടിൻ മാൻഗ്ലെർ അപ്പീൽ സമർപ്പിച്ചിരുന്നു. ഭവാനിയെ ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ നിർബന്ധിച്ചാൽ അതവരുടെ ജീവന് ഭീഷണിയാകുമെന്ന ഡോക്ടർമാരുടെ മെഡിക്കൽ ലെറ്ററുകളും മാർട്ടിൻ അപ്പീലിനൊപ്പം സമർപ്പിച്ചിരുന്നു. നിലവിൽ യുകെയിൽ ഭവാനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ചികിത്സകൾ ഇന്ത്യയിൽ ലഭ്യമല്ലെന്ന ഒറ്റ കാരണം കൊണ്ട് അവരെ നാട് കടത്തുന്നതിൽ നിന്നും പിന്മാറാൻ സാധിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് മറുപടിയായി പറഞ്ഞിരുന്നത്.

ഇന്ത്യയിൽ ഉചിതമായ ചികിത്സ ഭവാനിക്ക് ലഭിക്കുന്നില്ലെങ്കിൽ പാലിയേറ്റീവ് കെയർ ഉറപ്പാക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കിയിരുന്നു. ക്രോൺ ഡിസീസ് ബാധിച്ച് കോമ അവസ്ഥയിലായി ഡ്രിപ്പുകളെ ആശ്രയിച്ച് ജീവിക്കുന്ന ഭവാനിയുടെ നേർക്കുള്ള ഹോം ഓഫീസിന്റെ കണ്ണിൽ ചോരയില്ലാത്ത നീക്കം പരസ്യമായതോടെ ഇതിനെതിരെ ശക്തമായ എതിർപ്പാണ് വിവിധ രംഗങ്ങളിൽ നിന്നുയർന്ന് വന്നത്. ഇതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ വേണ്ടി ഹോം ഓഫീസ് ഇപ്പോൾ അവർക്ക് 12 മാസത്തെ താൽക്കാലിക വിസ അനുവദിച്ചിരിക്കുന്നത്.

ഭവാനിയുടെ പ്രത്യേക അവസ്ഥ മാനിച്ച് ഇമിഗ്രേഷൻ നിയമങ്ങളെ മറി കടന്ന് പ്രത്യേക ഇളവ് നൽകി 12 മാസത്തെ വിസ നൽകുന്നുവെന്നാണ് ഇത് വ്യക്തമാക്കിക്കൊണ്ടുള്ള കത്തിൽ ഹോം ഓഫീസ് വിശദീകരിച്ചിരിക്കുന്നത്. 2010ലായിരുന്നു പഠനത്തിനായി ഭവാനി സ്റ്റഡി വിസയിൽ യുകെയിലെത്തിയിരുന്നത്. രോഗം വരുന്നത് വരെ അവർ ആർട്സ് ഇന്റസ്ട്രിയിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. തന്റെ രോഗത്തിനുള്ള ചികിത്സ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ യുകെയിൽ തുടരാൻ അനുവദിക്കണമെന്ന് കോമയിലാകുന്നതിന് മുമ്പ് സമർപ്പിച്ച അപേക്ഷയിൽ ഭവാനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അപ്പോൾ ഹോം ഓഫീസ് ഇത് നിർദയം തള്ളുകയായിരുന്നു.തുടർന്ന് കോമയിലായ ഭവാനിയെ നാട് കടത്താനുള്ള ഹോം ഓഫീസ് തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയനേതാക്കളും കാംപയിനർമാരും രംഗത്തെത്തിയതോടെയാണ് ഹോം ഓഫീസ് ഇപ്പോൾ 12 മാസത്തെ താൽക്കാലിക വിസ അനുവദിച്ചിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ 12 മാസത്തെ താൽക്കാലിക വിസ ഭവാനിക്ക് ലഭിച്ചുവെങ്കിലും ഈ വിസ കാലാവധി കഴിയുമ്പോൾ നാട് കടത്തൽ ഭീഷണി വീണ്ടും ഉയരുമല്ലോ എന്ന ആശങ്ക ബന്ധുക്കൾക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP