Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിൽ; പിന്നെ പാർലമെന്റിനുള്ളിൽ മുഴങ്ങിക്കേട്ടത് സംസ്കൃതവും; ന്യൂസിലന്റിലെ ലേബർ പാർട്ടി നേതാവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃത ഭാഷയിൽ; ചരിത്രം കുറിച്ച് ഡോ. ഗൗരവ് ശർമ

ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിൽ; പിന്നെ പാർലമെന്റിനുള്ളിൽ മുഴങ്ങിക്കേട്ടത് സംസ്കൃതവും; ന്യൂസിലന്റിലെ ലേബർ പാർട്ടി നേതാവ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃത ഭാഷയിൽ; ചരിത്രം കുറിച്ച് ഡോ. ഗൗരവ് ശർമ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസീലൻഡ് പാർലമെന്റിൽ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ. ഇന്ത്യൻ വംശജനായ ഡോ. ഗൗരവ് ശർമയാണ് സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 'ന്യൂസീലൻഡ് പാർലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ശർമ ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ലാസിക്കൽ ഭാഷയായ സംസ്‌കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ഇത് ഇന്ത്യയിലേയും ന്യൂസീലൻഡിലേയും സംസ്‌കാരങ്ങളോടുള്ള അതീവബഹുമാനത്തെ സൂചിപ്പിക്കുന്നു' ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി ട്വീറ്റ് ചെയ്തു.

ലേബർ പാർട്ടിയുടെ പ്രതിനിധിയാണ് മുപ്പത്തിമൂന്നുകാരനായ ഡോക്ടർ ഗൗരവ് ശർമ. ഹാമിൽടൺ വെസ്റ്റ് മണ്ഡലത്തിൽ എതിർസ്ഥാനാർത്ഥിയായ ടിം മസിൻഡോയെ 4,425 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.ഹിമാചൽ പ്രദേശിലെ ഹമിർപുരിൽ വേരുകളുള്ള ഗൗരവ് ശർമ ഹാമിൽട്ടൺ വെസ്റ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥിയായാണ് വിജയിച്ചത്. ബുധനാഴ്ചയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്തുകൊണ്ട് ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായ ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലിയില്ല എന്ന ചോദ്യത്തിനും ഗൗരവ് ഉത്തരം നൽകി. 'അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു, ഒപ്പം എന്റെ പ്രാഥമിക ഭാഷയായ പഹാരിയെക്കുറിച്ചും പഞ്ചാബിയെക്കുറിച്ചും ആലോചിച്ചു. എല്ലാവരേയും സന്തോഷിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് എല്ലാവരും ആദരിക്കുന്ന സംസ്‌കൃതം തിരഞ്ഞെടുത്തത്'- ഗൗരവ് ട്വീറ്റ് ചെയ്തു.

ഹിമാചൽ പ്രദേശിലെ ഹമിർപുരാണ് ഡോക്ടർ ശർമയുടെ സ്വദേശം. 20 കൊല്ലങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിലെത്തിയ ഡോക്ടർ ഗൗരവ് ശർമ മെഡിക്കൽ ബിരുദവും എംബിഎ ബിരുദവും നേടിയ ശേഷം ഹാമിൽടണിൽ ഡോക്ടറായി പ്രവർത്തിച്ച് വരികയാണ്. രാജ്യം കോവിഡ് മുക്തി നേടുന്ന ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെക്കാൻ ആരോഗ്യമേഖലയിലെ പ്രവൃത്തിപരിചയം സഹായിക്കുമെന്ന് ഡോക്ടർ ശർമ പറയുന്നു. വിവിധ രാജ്യങ്ങളിലെ പൊതു ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചതായും 2015 ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഗ്രാമങ്ങളുടെ പുനർനിർമ്മാണപ്രവർത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നതായും അഭയാർഥികളുടെ അവകാശങ്ങൾക്കായി ഡോക്ടർ ശർമ ശബ്ദമുയർത്തിയിട്ടുണ്ടെന്നും ലേബർ പാർട്ടി പറഞ്ഞു.

ഹിമാചൽ പ്രദേശിലെ ഇലക്ട്രിസിറ്റി ബോർഡിൽ എൻജിനീയറായിരുന്ന അച്ഛൻ ജോലി രാജിവെച്ച് ന്യൂസിലാൻഡിലേക്ക് പോയതോടെയാണ് ഡോക്ടർ ശർമയുടെ കുടുംബം അവിടെ സ്ഥിരതാമസമാരംഭിച്ചത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡോക്ടർ ശർമ. 2017 ൽ ഒരു ചാനലിനനുവദിച്ച അഭിമുഖത്തിൽ തന്റെ നാടുമായുള്ള ബന്ധം ഇപ്പോളും തുടരുന്നതായി ഇദ്ദേഹം പറഞ്ഞിരുന്നു.

ലേബർ പാർട്ടി ഇക്കുറിയും വൻ വിജയമാണ് തിരഞ്ഞെടുപ്പിൽ നേടിയത്. ഒപ്പം പാർട്ടിയുടെ ഏറ്റവും ജനസമ്മതിയുള്ള നേതാവ് ജസീന്ത ആർഡേൻ രണ്ടാമതും പ്രധാനമന്ത്രി പദത്തിലേക്കെത്തുകയും ചെയ്തു. ആർഡ​ന്റെ ലേബർപാർട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോ​ടെ ഒറ്റക്ക്​ ഭരിക്കാനുള്ള ഭൂരിപക്ഷമായി.അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക്​ 27 ശതമാനം വോ​ട്ടേ നേടാനായുള്ളൂ. 24 വർഷം മുമ്പ്​ പ്രാതിനിധ്യ വോട്ടിങ്​ സ​മ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ്​ ഒരു പാർട്ടിക്ക്​ ഒറ്റക്ക്​ ഭൂരിപക്ഷം ലഭിക്കുന്നത്​. 1996 ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം വോട്ടുകൾ സമാഹരിക്കുന്നത്. മധ്യ- വലതുപക്ഷ ദേശീയ പാർട്ടിക്ക് 27 ശതമാനം വോട്ടും 35 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. 84 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മോശം പ്രകടനമാണ് പ്രതിപക്ഷം കാഴ്‌ച്ചവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP