Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടർന്ന് കുൽഭൂഷൻ ജാദവിനെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സന്ദർശിക്കുന്നു; കുൽഭൂഷനെ ഡെപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കാണുന്നത് പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലിനെ തുടർന്ന് കുൽഭൂഷൻ ജാദവിനെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി സന്ദർശിക്കുന്നു; കുൽഭൂഷനെ ഡെപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കാണുന്നത് പാക് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഒടുവിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷൻ ജാദവിനെ കാണാനായി. പാക് വിദേശകാര്യ മന്ത്രാലയത്തിലാണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൺ ജാദവിനെ സന്ദർശിക്കുന്നത്. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ പിടിയിലായ ശേഷം ആദ്യമായാണ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാദവിനെ കാണാൻ അനുവാദം ലഭിക്കുന്നത്. ഇന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കുൽഭൂഷണ് കൂടിക്കാഴ്ച നടത്താമെന്ന് പാക്കിസ്ഥാൻ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വിദേശകാര്യമന്ത്രാലയത്തിലെത്തി പാക് നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കൂടിക്കാഴ്ച നടക്കുന്നത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയുടെയും വിയന്ന ഉടമ്പടിയുടെയും രാജ്യത്തെ നിയമത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് ജാദവിനെ സന്ദർശിക്കാം എന്ന് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ അറിയിച്ചത്. കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭിക്കണമെന്നതിൽ ഏറെക്കാലം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചത്.

കുൽഭൂഷൺ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. കുൽഭൂഷൺ ജാദവുമായുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംസാരം റെക്കോഡ് ചെയ്യുമെന്നും ഉപാധികളോടെ മാത്രമേ കാണാനാകൂ എന്നുമായിരുന്നു പാക്കിസ്ഥാൻ വ്യക്തമാക്കിയത്. ഇത് അംഗീകരിച്ചാണോ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ.

2016 മാർച്ച് 3-നാണ് പാക് സുരക്ഷാ ഏജൻസികൾ ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരന്മാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം.

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാക്കിസ്ഥാൻ കുൽഭൂഷണിനെ തടവിൽ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുൽഭൂഷൺ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP