Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

വിസയില്ലാതെ പത്തുവർഷമായി ജീവിക്കുന്ന രണ്ട് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ കളിമാറി; പറഞ്ഞു കേട്ട് പൊലീസിനെ തടയാൻ എത്തിയത് ആയിരങ്ങൾ; ഏഴുമണിക്കൂറിനു ശേഷം രണ്ടുപേരെയും വിട്ടയച്ച് പൊലീസ്

വിസയില്ലാതെ പത്തുവർഷമായി ജീവിക്കുന്ന രണ്ട് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ കളിമാറി; പറഞ്ഞു കേട്ട് പൊലീസിനെ തടയാൻ എത്തിയത് ആയിരങ്ങൾ; ഏഴുമണിക്കൂറിനു ശേഷം രണ്ടുപേരെയും വിട്ടയച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അനധികൃതമായി ബ്രിട്ടനിൽ കുടിയേറിയതിന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെതിരെ ഏഴു മണിക്കൂർ നീണ്ട കനത്ത പ്രതിരോധമൊരുക്കിയ പ്രദേശവാസികളോട് നന്ദിപറയുകയാണ് രണ്ട് ഇന്ത്യൻ വംശജർ. സ്‌കോട്ട്ലാൻഡിലെ പൗരന്മാരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി പൊലീസ് ഇരുവരെയും വിട്ടയച്ചു. ഗ്ലാസ്ഗോയിലായിരുന്നു സംഭവം നടന്നത്. താമസിക്കാനുള്ള അനുമതിയില്ലാതെ പത്തുവർഷത്തോളം ഗ്ലാസ്ഗോയിൽ താമസിക്കുന്ന ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ഇന്നലെ രാവിലെ 10 മണിക്ക് ഇവർ താമസിക്കുന്ന ഗ്ലാസ്ഗോയിലെ ഫ്ളാറ്റിൽ എത്തുകയായിരുന്നു.ലഖ്വീർ സിങ്, സുമിത് സെഹ്ദേവി എന്നിവരാണ് പൊലീസ് പിടിയിലായ ഇന്ത്യൻ വംശജർ.

ഇവരെ പിടികൂടാൻ പൊലീസെത്തിയ വിവരമറിഞ്ഞ് ഇവർ താമസിക്കുന്ന പോളോക്ക്ഷീൽഡ്സിലെ കെന്മുറെ സ്ട്രീറ്റിലേക്ക് നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. പൊലീസ് വാഹനത്തെ വളഞ്ഞ ജനക്കൂട്ടം അവരെ പോകാൻ അനുവദിച്ചില്ല. പ്രദേശത്തെ ഗുരുദ്വാരയിൽ ജോലിചെയ്യുന്ന ഇരുവരും നിരവധി അനാഥർക്ക് സൗജന്യ ഭക്ഷണം നൽകുന്ന കാരുണ്യ പ്രവർത്തനത്തിലും ഏർപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രദേശത്ത് ഇവർക്ക് നല്ല ജനപ്രീതിയും ഉണ്ട്.

തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ പലരും പൊലീസ് വാഹനത്തിനു മുന്നിൽ നിരത്തിൽ മലർന്നു കിടന്നു. ഒരാൾ വാഹനത്തിന്റെ അടിയിൽ ടയറിനോട് ചേർന്നും കിടന്നു. നീണ്ട ഏഴുമണിക്കൂർ നേരത്തെ പ്രതിഷേധത്തിനും ചർച്ചകൾക്കും ഒടുവിൽ പൊലീസ് ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. തന്റെ വിധിയാണ് തന്നെ ഗ്ലാസ്ഗോയിൽ എത്തിച്ചതെന്നും ഇപ്പോൾ ഗ്ലാസ്ഗോ നിവാസികളുടെ സ്നേഹം കാണുമ്പോൾ മനസ്സു തുടിക്കുകയാണെന്നും മോചിതനായ ശേഷം ലഖ്വീർ സിങ് പറഞ്ഞു. ഈ അഭൂതപൂർവ്വമായ പിന്തുണ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തെ തുടർന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുണൈറ്റിന്റെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ഹോവാർഡ് ബക്കറ്റ് ഇട്ട ട്വീറ്റ് വിവാദമാവുക കൂടി ചെയ്തതോടെ ഈ സംഭവം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനെ നാടുകടത്തണം എന്ന പരാമർശമാണ് വിവാദമായത്. ഇന്നലെ നടത്തിയ റെയ്ഡ് തീർത്തും നിയമപരമായിരുന്നു എന്ന് പ്രധാനമന്ത്രിയുടെ വക്താവ് അവകാശപ്പെട്ടപ്പോൾ, അഭയാർത്ഥി പദവിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്ന രണ്ടുപേരോട് കൊലപാതകികളോടു ബലാത്സംഗ കേസിലെ പ്രതികളോടും പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത് എന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്.

അന്തരീക്ഷത്തിൽ ഭീതിയുടെ വിത്തുകൾ വിതറുന്ന ഭരണകൂട രീതി ജനങ്ങൾക്ക് മടുത്തു എന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞു. ഇത് ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന വിപ്ലവമാണെന്നും അയാൾ പറഞ്ഞു. അഭ്യന്തരവകുപ്പ് ഒരു മാഫിയാ സംഘത്തെ പോലെയാണ് പെരുമാറുന്നതെന്നും ജനങ്ങൾ ആരോപിക്കുന്നു. അനധികൃതമായുള്ള കുടിയേറ്റം നിയമവിരുദ്ധമാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അത്തരത്തിലുള്ളവരോട് കൊടും കുറ്റവാളികളെ പോലെ പെരുമാറുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഫ്ഗാൻ റൈറ്റ്സ് അസ്സോസിയേഷൻ നേതാവ് അസിഫ് പറഞ്ഞു.

തങ്ങളുടെ അയൽക്കാരെ വിട്ടുതരണമെന്ന മുദ്രാവാക്യം മുഴക്കി ഏതാണ്ട് 2000 പേരോളം പൊലീസ് വാഹനത്തിനു ചുറ്റും കൂടി എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസിനോട് തിരികെ പോകാനും ജനക്കൂട്ടം ആവശ്യപ്പെടുന്നുണ്ടായിരുന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന് ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് ഗ്ലാസ്ഗോയുടെ ഐക്യത്തിന്റെ വിജയമാണെന്നാണ് പ്രതിഷേധക്കാർ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP