Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വഴക്കിട്ട ശേഷം ഭർത്താവിനെ കാണാനില്ല; ക്രൂയിസിംഗിന് പോയെന്ന് കരുതി കപ്പൽ പിടിക്കാൻ ബ്രിട്ടീഷുകാരി നാലു മണിക്കൂർ കടലിലൂടെ നീന്തി

വഴക്കിട്ട ശേഷം ഭർത്താവിനെ കാണാനില്ല; ക്രൂയിസിംഗിന് പോയെന്ന് കരുതി കപ്പൽ പിടിക്കാൻ ബ്രിട്ടീഷുകാരി നാലു മണിക്കൂർ കടലിലൂടെ നീന്തി

നാലു മണിക്കൂർ അപകടകരമായ രീതിയിൽ കടലിൽ നീന്തിയ ബ്രിട്ടീഷുകാരിയായ പെൻഷനൻ സൂസൻ ബ്രൗണിനെ(65) അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നിന്നും അത്ഭുതകരമായി രക്ഷിച്ചു. മെയ്ഡ്ഇറാൻ തീരത്തു നിന്നാണ് ഇവർ കടലിലേക്ക് എടുത്തു ചാടി നീന്തിയത്. ക്രൂയിസ് ലൈനറായ മാർകോ പോളെയെ പിന്തുടർന്നു പിടിക്കാൻ വേണ്ടിയാണ് ഇവർ ജീവൻ പണയം വച്ചുള്ള ഈ സാഹസത്തിനു മുതിർന്നത്. താനുമായി വഴക്കിട്ട ശേഷം കാണാതായ ഭർത്താവ് ഇതിൽ കയറിപ്പോയെന്നു കരുതി അദ്ദേഹത്തിനൊപ്പം എത്താനാണ് ഇവർ കടലിൽ ഇറങ്ങി നീന്തു ക്രൂയിസ് ലൈനറിനെ പിന്തുടർന്നിരുന്നതെന്നു റിപ്പോർട്ടുണ്ട്. കടലിലെ ഐസ് നിറഞ്ഞ തണുത്ത ജലഭാഗത്തു നിന്നും ഞായറാഴ്ച രാവിലെയാണു സൂസനെ അവശനിലയിൽ രക്ഷിച്ചത്. അപ്പോൾ അവർ കടുത്ത ഹൈപ്പോതെർമിയ അവസ്ഥയിൽ എത്തിച്ചേർന്നിരുന്നു.

മെയ്ഡ്ഇറ വിമാനത്താവളത്തിനടുത്തുള്ള കരയിൽ നിന്നാണിവർ കടലിലേക്ക് എടുത്തപ ചാടി നീന്തിയത്. താനുമായി വഴക്കിട്ട ഭർത്താവ് മൈക്കൽ, മാർകോപോളോയിൽ കയറി സ്ഥലം വിട്ടുവെന്ന ധാരണയിലാണ് ഇവർ ഈ കൃത്യം നിർവഹിച്ചത്. 32 ദിവസത്തെ വെസ്റ്റ് ഇൻഡീസ് സഞ്ചാരത്തിനെത്തിയ ദമ്പതികൾ സംഭവത്തെ തുടർന്ന് അത് 28 ദിവസങ്ങളായി വെട്ടിച്ചുരുക്കി ഞായറാഴ്ച വൈകുന്നേരം ബ്രിസ്റ്റോളിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അവരുടെ ക്രൂയിസ് ഓപ്പറേറ്ററായ ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് പോർട്ടുഗീസ് ദ്വീപിൽ നിന്നും ബ്രിസ്റ്റോളിലേക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തതിനെ തുടർന്നായിരുന്നു ഇത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടയിലെ യാത്രക്കിടയിൽ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. ഇതിനെ തുടർന്നു നാട്ടിലേക്കു തിരിച്ചു പോകാൻ സൂസൻ വിമാനത്താവളത്തിൽ എത്തിയെന്നും എന്നാൽ അതിനിടെ ഭർത്താവ് കപ്പലിലേക്കു തിരിച്ചു പോയെന്നു ധരിച്ചതിനെ തുടർന്നാണ് തീരം വിട്ട കപ്പലിനെ നീന്തിപ്പിടിക്കാൻ സൂസൻ സാഹസം കാട്ടിയതെന്നും റിപ്പോർട്ടുണ്ട്. കടലിലൂടെ കടന്നു പോയ മീൻപിടുത്തക്കാരാണ് സൂസന്റെ ജീവൻ രക്ഷിച്ചത്. അർധരാത്രി കടലിൽ നിന്നും ഇവരുടെ ദയനീയമായ കരച്ചിൽ കേട്ടാണ് അവർ ഇവരെ രക്ഷിച്ചത്. ലിയണാർഡോ, കാർലോസ് കോറിയ എന്നീ സഹോദരന്മാരും മാരിൽഡോ ഫ്രെയ്റ്റാസ് എന്ന മറ്റൊരു മീൻപിടിത്തക്കാരനുമാണ് സ്ത്രീയെ രക്ഷിച്ചത്. അരമണിക്കൂർ കൂടി ജലത്തിൽ കിടന്നിരുന്നുവെങ്കിൽ സൂസൻ മരിക്കുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ക്രൂയിസ് കപ്പലിൽ നിന്നും വീണ യാത്രക്കാരിയാണ് ഇവരെന്നാണ് തങ്ങൾ ആദ്യം ധരിച്ചിരുന്നതെന്നാണ് മീൻപിടിത്തക്കാർ പറയുന്നത്. സൂസന്റെ കൈയിലുണ്ടായിരുന്ന ചെറിയ ഹാൻഡ്ബാഗിൽ വായു നിറഞ്ഞതിനാൽ അതവരെ ഒരു പരിധി വരെ മുങ്ങാതെ പിടിച്ചു നിർത്തുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

നല്ല നിലാവുണ്ടായിരുന്നതിനാൽ മീൻപിടിത്തക്കാർക്ക് ഇവരെ പെട്ടെന്നു കാണാനും സാധിച്ചു. എന്നാൽ സൂസൻ കടലിൽ ഇറങ്ങി നീന്തുകയായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവളത്തിനടുത്തുള്ള തീരത്തെ പാറക്കെട്ടുകളിൽ നിന്നും അവർ കടലിലേക്കു വീണതായിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. ടൂറിനിടെ ഭർത്താവുമായി കലഹിച്ചതിനെ തുടർന്നു യുകെയിലേക്കു വിമാനം കയറാനായി ടാക്സി പിടിച്ചു വിമാനത്താവളത്തിലേക്കു സൂസൻ എത്തുകയായിരുന്നുവെന്നും എന്നാൽ അവിടെയെത്തിയപ്പോൾ മനസു മാറുകയായിരുന്നുവെന്നും മറ്റൊരു റിപ്പോർട്ടുണ്ട്. അന്നു വൈകുന്നേരത്തെ ഈസി ജെറ്റ് വിമാനത്തിന് രണ്ട് ടിക്കറ്റുകൾ യുകെയിലേക്ക് എടുക്കാൻ വേണ്ടിയാണു താൻ വിമാനത്താവളത്തിൽ എത്തിയതെന്നും എന്നാൽ അതിനിടെ ഭർത്താവ് കപ്പലിൽ കയറി പോയെന്നു ധരിച്ചതിനാലാണു താൻ അതിനെ പിന്തുടർന്നതെന്നുമാണ് ആശുപത്രിയിൽ വച്ചു സൂസൻ വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP