Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹംഗറി വീണ്ടും സെർബിയൻ അതിർത്തി തുറന്നു; ഒറ്റ ദിവസം കുതിച്ചെത്തിയത് 20,000 പേർ; യൂറോപ്പ് ഈ പ്രതിസന്ധി എങ്ങനെ മറികടക്കും..?

ഹംഗറി വീണ്ടും സെർബിയൻ അതിർത്തി തുറന്നു; ഒറ്റ ദിവസം കുതിച്ചെത്തിയത് 20,000 പേർ; യൂറോപ്പ് ഈ പ്രതിസന്ധി എങ്ങനെ മറികടക്കും..?

യൂറോപ്പ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ തലവേദന അഭയാർത്ഥി പ്രശ്‌നമാണെന്ന് തോന്നുന്നു. അഭയാർത്ഥികളോട് ഉദാരസമീപനം പുലർത്താൻ തയ്യാറായ രാജ്യങ്ങൾ മൂലം പരിധിയിൽക്കവിഞ്ഞ അഭയാർത്ഥി പ്രവാഹം മൂലം അധികം വൈകാതെ തങ്ങളുടെ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്. അഭയാർത്ഥി പ്രവാഹം പ്രതീക്ഷിച്ചിതിലും അധികമായതോടെ ഹംഗറി സെർബിയയുമായുള്ള തങ്ങളുടെ അതിർത്തികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. തുടർന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച അഭയാർത്ഥികളെ ജലപീരങ്കി, കണ്ണീർവാതകം , ലാത്തി എന്നിവ ഉപയോഗിച്ച് ക്രൂരമായി നേരിടുകയും ചെയ്തിരുന്നു. എന്നാൽ ഹംഗറി വീണ്ടും സെർബിയൻ അതിർത്തി ഇപ്പോൾ തുറന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിനെ തുടർന്ന് ഒറ്റ ദിവസം കൊണ്ട് രാജ്യത്തേക്ക് കുതിച്ചെത്തിയത് 20,000 അഭയാർത്ഥികളാണ്. യൂറോപ്പ് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ചോദ്യം ശക്തമാവുകയാണ്.

അഞ്ച് ദിവസം അടച്ചിട്ടതിന് ശേഷമാണ് ഹംഗറി തങ്ങളുടെ സെർബിയൻ അതിർത്തി തുറന്നിരിക്കുന്നത്. ഇത് കാത്തിരുന്ന അഭയാർത്ഥികൾ അവിരാമം ഇവിടേക്ക് പ്രവഹിക്കുകയായിരുന്നു.ബസുകളിലും ട്രെയിനുകളിലുമായിരുന്നു അഭയാർത്ഥികൾ ഹംഗറിയിലേക്ക് പ്രവഹിച്ചത്. യുദ്ധം, ദാരിദ്ര്യം, തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെട്ട് മധ്യപൂർവ ദേശങ്ങൾ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നും പലായനം ചെയ്ത അഭയാർത്ഥികളാണിവർ. ഇതിനിടെ യൂറോപ്പിനെ ലക്ഷ്യമാക്കി ബോട്ടിൽ കടലിലൂടെ യാത്ര ചെയ്ത ആറ് കുട്ടികളടക്കമുള്ള 39 പേർ തുർക്കി തീരത്തിനടുത്ത് മുങ്ങിമരിച്ചുവെന്നും റിപ്പോർട്ടുണ്ട്.കരയിലൂടെയുള്ള അഭയാർത്ഥി പ്രവാഹവും തുടരുകയാണ്. പടിഞ്ഞാറൻ യൂറോപ്പിൽ ഒരു മികച്ച ജീവിതം കൊതിച്ച് ആയിരങ്ങളാണ് കരയിലൂടെ കുതിച്ചെത്തുന്നത്. ബാൽക്കൻ അതിർത്തികളിൽ ഇത്തരത്തിൽ എത്തിച്ചേരുന്നവർ നാൾക്ക് നാൾ വർധിക്കുകയാണ്.

വാരാന്ത്യത്തിൽ 20,000 പേരാണ് ഓസ്ട്രിയയിലെത്തിയത്. ജർമനി, സ്‌കാൻഡിനേവിയ അല്ലെങ്കിൽ യുകെ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ ഹംഗറി മറി കടന്ന് നിരവധി അഭയാർത്ഥികളാണ് നിക്കിൾസ്‌ഡോർഫിലെത്തിയിരിക്കുന്നത്. അതിർത്തിയിൽ അഭയാർത്ഥികളുടെ എണ്ണം പെരുകിയപ്പോൾ സെർബിയൻ അതിർത്തിയിലുള്ള ഹോർഗോസ്‌റോസ്‌കെ ഹൈവേ തുറക്കാൻ ഹംഗറി തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇവിടെ കർക്കശമായ പരിശോധന നിലനിൽക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചത്തെ തിങ്കളാഴ്ചയിലാണ് ഹംഗറി തങ്ങളുടെ അതിർത്തികൾ അഭയാർത്ഥികൾക്ക് നേരെ കൊട്ടിയടച്ചത്.54,000 അഭയാർത്ഥികളാണ് ഈ വർഷം ഹംഗറിയിലെത്തിയിരുന്നത്.തുടർന്ന് അതിർത്തി മറികടക്കുന്നത് ക്രിമിനൽ കുറ്റമായി രാജ്യം നിഷ്‌കർഷിച്ചിരുന്നു.

സെർബിയയുമായുള്ള 110മൈൽ അതിർത്തിയിൽ റേസർ വയർ കൊണ്ടുള്ള അതിത്തി കെട്ടിപ്പൊക്കിയ ഹംഗറിയുടെ നടപടിയിൽ സെർബിയയും ഹംഗറിയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് ആയിരക്കണക്കിന് അഭയാർത്ഥികൾ ക്രൊയേഷ്യയിലൂടെ പടിഞ്ഞാറൻ യൂറോപ്പിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് അഭയാർത്ഥികളോടുള്ള നയം ഉദാരമാക്കുന്നതായി ക്രൊയേഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാല് ദിവസത്തിനുള്ളിൽ ഇവിടെ 25,000 പേർ എത്തിയതിനെ തുടർന്ന് അവരെ ബസുകളിൽ ഹംഗേറിയൻ അതിർത്തിയിൽ കൊണ്ടു വന്ന് തള്ളാൻ ്‌ക്രൊയേഷ്യ നിർബന്ധിതമായിരുന്നു. തുടർന്ന് തങ്ങളുടെ അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു.അവരെ ഓസ്ട്രിയക്കടുത്തുള്ള റിസപ്ഷൻ സെന്ററുകളിലാക്കുകയായിരുന്നു ഹംഗറി ചെയ്തത്. ഇന്നലെ വൈകുന്നേരം 1000 അഭയാർത്ഥികളെയും വഹിച്ചു കൊണ്ടുള്ള രണ്ടു ട്രെയിനുകൾ ജർമനിയിലേക്ക് പോയിരുന്നു. 500ഓളം പേരെ വഹിച്ചു കൊണ്ടുള്ള അഞ്ച് ട്രെയിനുകൾ ഇന്ന് പുറപ്പെടുമെന്നാണ് കരുതുന്നത്.

മാസിഡോണിയയിലേക്ക് കടക്കാനൊരുങ്ങി 2000ത്തിൽ അധികം അഭയാർത്ഥികളാണ് നോർത്തേൺ ഗ്രീക്കിലെ ഒരു ഗ്രാമത്തിൽ തമ്പടിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന അഭയാർത്ഥി പ്രശ്‌നത്തിൽ പരിഹാരമുണ്ടാക്കാനായി യൂറോപ്യൻ യൂണിയന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്ന് സ്ലോവേനിയൻ പ്രധാനമന്ത്രി മിറോ സിറർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ജർമൻ ചാൻസലർ ഏൻജെല മെർകെലുമായി ഫോണിൽ ബന്ധപ്പെടുകയുമുണ്ടായി. ക്രൊയേഷ്യയിൽ നിന്നും 25,000 അഭയാർത്ഥികൾ സ്ലൊവേനിയയിൽ എത്തിയെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. ഒരു വർഷത്തിനിടയിൽ 10,000 സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കുമെന്നാണ് കാനഡയിലെ കോൺസർവേറ്റീവ് സർക്കാർ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. അതിനായി ഇമിഗ്രേഷൻ അപേക്ഷാ പ്രക്രിയകൾ ലളിതവൽക്കരിക്കുകയും വേഗതയിലാക്കുകയും ചെയ്യുമെന്നും കാനഡ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP