Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭയാർത്ഥികളെ ജയിലിൽ അടച്ച് ഹംഗറി; കടുത്ത നിയമങ്ങൾ പ്രഖ്യാപിച്ച് സെർബിയ; ജർമൻ മാതൃകയിൽ എല്ലായിടത്തും അതിർത്തി പരിശോധനയും തിരിച്ചയയ്ക്കലും

അഭയാർത്ഥികളെ ജയിലിൽ അടച്ച് ഹംഗറി; കടുത്ത നിയമങ്ങൾ പ്രഖ്യാപിച്ച് സെർബിയ; ജർമൻ മാതൃകയിൽ എല്ലായിടത്തും അതിർത്തി പരിശോധനയും തിരിച്ചയയ്ക്കലും

ബെർലിൻ: ആർക്കായാലും ഉദാരതയും ദയനീയതയും സഹജീവി സ്‌നേഹവും പ്രകടിപ്പിക്കുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്നാണ് ഇപ്പോഴുള്ള ചില സംഭവങ്ങൾ ഒന്നു കൂടി വ്യക്തമാക്കുന്നത്. സിറിയയിൽ നിന്നും മറ്റ് മധ്യപൂർവേഷ്യൻ പ്രദേശങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളെ ആദ്യം ഇരുകൈയും നീട്ടി സഹാനുഭൂതിയോടെ സ്വീകരിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ചിലത് ഇപ്പോൾ അഭയാർത്ഥികൾക്ക് നേരെ മുഖം കറുപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അഭയാർത്ഥികളെ ഹംഗറി ജയിലിൽ അടയ്ക്കാൻ തുടങ്ങിയിരിക്കുകയാണ്. സെർബിയയാകട്ടെ രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രിക്കാൻ കടുത്ത നിയമങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ജർമൻ മാതൃകയിൽ അതിർത്തി പരിശോധനയും തിരിച്ചയ്ക്കലും ആരംഭിച്ചിരിക്കുകയാണ്. ചുരുക്കത്തിൽ അഭയാർത്ഥികളുടെ കാര്യം കഷ്ടത്തിലായെന്ന് പറയാം.

സെർബിയയിൽ നിന്നുള്ള പ്രധാന ക്രോസിങ് പോയിന്റ് ഇന്നലെ ഹംഗറി അടച്ചിരിക്കുകയാണ്. അതുപോലെത്തന്നെ ഇന്നലെ ഓസ്ട്രിയ, സ്ലോവേക്യ, നെതർലാൻഡ്‌സ് എന്നിവയും അതിർത്തികളിൽ കടുത്ത നിയന്ത്രണമാണ് ഇന്നലെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹംഗറിസെർബിയ അതിർത്തിയിലുള്ള വിടവ് പൊലീസ് റേസർ വയർ ഭിത്തിയാൽ അടച്ചിരിക്കുകയാണ്. റെയിൽവെ ട്രാക്കുകളിലൂടെ അഭയാർത്ഥികൾ കടന്ന് കയറാതിരിക്കാൻ അവിടെ ഓഫീസർമാർ നിരന്ന് നിന്ന് മനുഷ്യമതിൽ തീർത്തിട്ടുമുണ്ട്. സെർബിയൻ പ്രദേശത്തോട് ചേർന്നുള്ള തങ്ങളുടെ വ്യോമാർതിർത്തി 12 മൈൽ ഏരിയയിൽ 4500 അടി ഉയരത്തിൽ അടച്ചതായി ഹംഗറി ട്രാൻസ്‌പോർട്ട് അഥോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ ഹംഗറിയിലേക്ക് 30,000 അഭയാർത്ഥികൾ ഒഴുകിയെത്തിയതിനെ തുടർന്നാണ് രാജ്യം ഇത്തരം കടുത്ത നടപടികൾ അനുവർത്തിക്കാൻ നിർബന്ധിതമായിരിക്കുന്നത്. പുതിയ അതിർത്തി നിയമങ്ങൾ ഹംഗറി കർക്കശമാക്കുന്നതിന് മുമ്പ് പരമാവധി അഭയാർത്ഥികളെ തള്ളിവിടാനായി ശ്രമിച്ചതിനെ തുടർന്നാണ് അഭയാർത്ഥികളുടെ പ്രവാഹം ശക്തമാകാൻ കാരണമായിത്തീർന്നത്. ഞായറാഴ്ച 5809 അഭയാർത്ഥികളാണ് ഹംഗറിയിലേക്ക് തള്ളിക്കയറിയത്.ശനിയാഴ്ച 4330 പേരായിരുന്നു എത്തിയിരുന്നതെന്നാണ് ഹംഗേറിയൻ പൊലീസ് വെളിപ്പെടുത്തുന്നത്.

ഇത്തരത്തിൽ അഭയാർത്ഥികളുടെ എണ്ണം വർധിച്ചതിനെ നേരിടാൻ അഭയാർത്ഥികളെ ജയിലിലിടുന്ന നടപടി ആരംഭിച്ചിരിക്കുകയാണ് ഹംഗറി. 120,000 അഭയാർത്ഥികളെ മേഖലയിലുടനീളം പുനർവിന്യസിക്കാൻ യൂറോപ്യൻ യൂണിയൻ ഇന്റീരിയർ മിനിസ്റ്റർമാർ സമ്മതിച്ചിട്ടുണ്ടെന്നാണ് ലക്‌സംബർഗ് ഗവൺമെന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എത്തരത്തിലാണ് അഭയാർത്ഥികളെ വീതിച്ചെടുക്കുന്നത് എന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥന്മാർ വിശദമാക്കിയിട്ടില്ല. ഇതിന് മുമ്പ് ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലെത്തിയ 40,000 അഭയാർത്ഥികളെ വീതിച്ചെടുക്കാമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഹംഗറിയ അഭയാർത്ഥികളോടുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിന് മുമ്പ് പരമാവധി അഭയാർത്ഥികളെ ഇവിടേക്ക് തള്ളിവിടാൻ സെർബിയ കൂടുതൽ ബസുകൾ അഭയാർത്ഥികൾക്കേർപ്പെടുത്തിയതിനാലാണ് ഇവിടേക്കുള്ള അഭയാർത്ഥി പ്രവാഹം കുതിച്ച് കയറിയതെന്നാണ് ഹംഗേറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഴ്‌സിഡോണിയ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നാണിവർ സെർബിയയിലെത്തിച്ചേർന്നത്.

അഭയാർത്ഥികളെ തുല്യമായി വീതിച്ചെടുക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യോജിപ്പലെത്തിയിരുന്നെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ അവർ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്. ജർമനിയാണ് ഈ വ്യവസ്ഥയുണ്ടാക്കാൻ മുൻകൈയെടുത്തതെങ്കിലും നിരവധി കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പ്രതിരോധിക്കുകയായിരുന്നു. ഓസ്ട്രിയയിലൂടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച് ജർമനി, സ്വീഡൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഈ അടുത്ത് വരെ ഹംഗറിയിലായിരുന്നു കൂടുതൽ അഭയാർത്ഥികൾ എത്തിച്ചേർന്നിരുന്നത്. എന്നാൽ ആയിരങ്ങൾ പ്രവഹിച്ചതോടെ തങ്ങളുടെ അതിർത്തി നിയമങ്ങൾ കർക്കശമാക്കാൻ ഞായറാഴ്ച തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രിയയ്ക്കും ജർമനിക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് അഭയാർത്ഥികൾ ഓസ്ട്രിയയിൽ തടഞ്ഞ് വയ്ക്കപ്പെടുകയും ചെയ്തു. നനിയന്ത്രണത്തിന്റെ ഭാഗമായി ഹംഗറി സെർബിയൻ അതിർത്തിയിൽ വിവാദമായ 13 അടി രക്ഷാവേലി 110മൈൽ ദൂരത്തിൽ കെട്ടിപ്പൊക്കിയിട്ടുമുണ്ട്.

രാജ്യത്ത് ഈ വർഷം ഒരു ദശലക്ഷം അഭയാർത്ഥികളെ ഏറ്റെടുത്തേക്കുമെന്നാണ് ഇന്നലെ രാവിലെ ജർമൻ വൈസ് ചാൻസലർ സിഗ്മർ ഗബ്രിയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ലക്ഷം പേരെ ഏറ്റെടുക്കുമെന്നായിരുന്നു ഇതിന് മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നത്. ആയിരക്കണക്കിന് അഭയാർത്ഥികൾ ദിവസവും എത്തിച്ചേരുന്നതിനാൽ തങ്ങൾക്ക് ഏറ്റെടുക്കാനാവുന്നവരുടെ പരിധി കഴിഞ്ഞുവെന്നും അതിനാൽ അതിർത്തികൾ താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായിരിക്കുന്നുവെന്നുമാണ് ജർമനി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങൾ കർക്കശമാക്കിയിരിക്കുന്നത്. നിയന്ത്രണം കർക്കശമാക്കിയതോടെ 30 കള്ളക്കടത്തുകാരെയും 90 കുടിയേറ്റക്കാരെയും അറസ്റ്റ് ചെയ്തുവെന്നാണ് ഓസ്ട്രിയൻ അതിർത്തിയിലുളഅള ജർമൻ പൊലീസിന്റെ വക്താവ് വെളിപ്പെടുത്തുന്നത്.പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കന്മാരുടെ അടിയന്തിരയ യോഗം വിളിച്ച് കൂട്ടുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP