Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിലെ മാഞ്ചസ്റ്റർ, എഡിൻബറോ എയർപോർട്ടുകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാനും ഉയരാനും പ്രശ്‌നം; കാറ്റിൽ ആടി ഉലയുന്ന വിമാനങ്ങൾ പേടിസ്വപ്‌നമാകുന്നു

ബ്രിട്ടനിലെ മാഞ്ചസ്റ്റർ, എഡിൻബറോ എയർപോർട്ടുകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാനും ഉയരാനും പ്രശ്‌നം; കാറ്റിൽ ആടി ഉലയുന്ന വിമാനങ്ങൾ പേടിസ്വപ്‌നമാകുന്നു

വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയെന്നാണ് ഏവിയേഷൻ മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പേകാറുള്ളത്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ പൈലറ്റുമാർ പരമാവധി ജാഗ്രത പുലർത്താറുമുണ്ട്. ഇത്തരം അവസരങ്ങളിൽ ഉണ്ടാകുന്ന നേരിയ അസ്വസ്ഥതകളും പ്രശ്‌നങ്ങളും പോലും വിമാനത്തിന്റെ നിയന്ത്രണം പൈലറ്റുമാരിൽ നിന്ന് നഷ്ടപ്പെടുത്തുകയും അപകടത്തിന് വഴിയൊരുക്കുകയും ചെയ്യാറുണ്ട്. ലാൻഡ് ചെയ്യുമ്പോഴുള്ള ചെറിയ ആടിയുലച്ചിലുകൾ പോലും വിമാനം നിയന്ത്രണാതീതമായി ഇടിച്ചിറങ്ങാനും അത് തീപിടിത്തത്തിനും വഴിയൊരുക്കാറുണ്ട്.

ലാൻഡിങ് വേളയിലും ടേക്ക് ഓഫ് വേളയിലും ഉണ്ടാകുന്ന ചെറിയ കാറ്റുകൾ പോലും വിമാനങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. ബ്രിട്ടനിലെ മാഞ്ചസ്റ്റർ, എഡിൻബറോ വിമാനത്താവളങ്ങളിലെത്തുന്ന വിമാനങ്ങൾ ഇപ്പോൾ ഈ ഒരു പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. കനത്ത കാറ്റാണ് ഇവിടെ വിമാനങ്ങളുടെ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും ഭീഷണി സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ കാറ്റിൽ ആടി ഉലയുന്ന വിമാനങ്ങൾ ഇപ്പോൾ യാത്രക്കാരുടെയും മറ്റുള്ളവരുടെയു പേടിസ്വപ്‌നമാവുകയാണെന്നാണ് റിപ്പോർട്ട്.

ബ്രിട്ടനെ പിടിച്ച് കുലുക്കിക്കൊണ്ട് കഴിഞ്ഞ ദിവസമെത്തിയ പുതിയ കൊടുങ്കാറ്റായ ഫ്രാങ്കിനെ തുടർന്ന് ഈ വിമാനത്താവളത്തെ മുറിച്ച് കടന്ന് പോയിക്കൊണ്ടിരിക്കുന്ന ശക്തമായ കാറ്റുകളാണ് വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഇവിടങ്ങളിലെത്തിയ പല വിമാനങ്ങളും കാറ്റിനോട് പൊരുതി പിടിച്ച് നിൽക്കാൻ പാടുപെടുന്നത് കാണാമായിരുന്നു. ഇരുവിമാനത്താവളങ്ങളിലും വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും പൈലറ്റുമാർ വിമാനങ്ങളെ നിയന്ത്രിക്കാൻ പാടുപെടുന്ന നിരവധി ചിത്രങ്ങൾ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ബെൽഫാസ്‌ററ് ഇന്റർനാഷണൽ എയർപോർട്ടിലും ശക്തമായ കാറ്റുകൾ വിമാനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇക്കാരണത്താൽ ഇവിടെ പല വിമാനങ്ങളും റൂട്ട് മാറ്റി വിടേണ്ട അവസരങ്ങൾ വരെ സംജാതമായിരുന്നു.

ശക്തമായ കാറ്റ് കാരണം ബെർമിങ്ഹാമിലെ റൺവേയിൽ നിന്നും പറന്നു പൊങ്ങാൻ പാടുപെടുന്ന നിരവധി വിമാനങ്ങളുടെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭ്രമജനകമായ ഫൂട്ടേജുകൾ ഓൺലൈനിലൂടെ പ്രചരിക്കുന്നുമുണ്ട്.മാഞ്ചസ്റ്റർ എയർപോർട്ടിൽ എമിറേറ്റ്‌സ്, ഫ്‌ലൈബി, ലുഫ്താൻസ എന്നീ കമ്പനികളുടെ വിമാനങ്ങൾ ഒരു വശത്തേക്ക് ചെരിയുന്ന ചിത്രങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു.മറ്റു ചില വിമാനങ്ങൾ ഇവിടെ ഇറങ്ങിയത് 45 എംപിഎച്ച് വേഗതയിലുള്ള കൊടുങ്കാറ്റിനോട് മല്ലടിച്ചിട്ടായിരുന്നു.മാഞ്ചസ്റ്ററിലേക്കുള്ള വിമാനങ്ങളിൽ ചിലത് കോർക്കിൽ വെള്ളം കയറിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ ഇവിടെ നിന്നും പറന്നുയരുന്ന വിമാനങ്ങളെ പ്രതികൂലമായ കാലാവസ്ഥ അത്രയധികം ബാധിച്ചിരുന്നില്ല. ഇതേ പോലുള്ള ദൃശ്യങ്ങൾ എഡിൻബറോ എയർപോർട്ടിൽ നിന്നും പുറത്ത് വന്നിരുന്നു. ഇവിടെ 54 എംപിഎച്ച് വേഗതയിലുള്ള കാറ്റായിരുന്നു വീശിയടിച്ചിരുന്നത്. ഇത് കാരണം ഇന്നലെ രാവിലെ ഇവിടെയെത്തിയ പല വിമാനങ്ങൾക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ ഒമ്പത് വിമാനങ്ങൾ കടുത്ത കാറ്റ് കാരണം താൽക്കാലികമായി സർവീസ് നിർത്തി വച്ചിരുന്നു. ഇവിടെ 63 എംപിഎച്ച് വേഗതയിലുള്ള കാറ്റായിരുന്നു വിമാനങ്ങൾക്ക് വില്ലനായി വർത്തിച്ചത്. ഇത് കാരണം ഗ്രൗണ്ട് ക്രൂസിന് വിമാനത്തിലേക്ക് കയറാൻ പോലും സാധിച്ചിരുന്നില്ല.

പ്രതികൂലമായ കാലാവസ്ഥ കാരണം ലുട്ടനിൽ നിന്നും ടെനെറൈഫിൽ നിന്നുമുള്ള വിമാനങ്ങൾ ഡബ്ലിനിലേക്ക് തിരിച്ച് വിട്ടിരുന്നു. എഡിൻബർഗിലും മാഞ്ചസ്റ്ററിലുമുള്ള കാറ്റിൽ വിമാനങ്ങൾ ലാൻഡ് ചെയ്യാൻ പൈലറ്റുമാർക്ക് കനത്ത പരിശീലനം ആവശ്യമാണ്. ഇവർ നല്ല പരിശീലനം നേടിയതിനാൽ ഈ അസാധാരണ സന്ദർഭങ്ങളിലും സാധാരണ പോലെ വിമാനം ലാൻഡ് ചെയ്യാൻ പലർക്കും സാധിക്കുന്നുമുണ്ട്.

അതിനിടെ ഫ്രാങ്ക് കൊടുങ്കാറ്റ് കാരണം നോർത്ത് ഇംഗ്ലണ്ടിൽ വെള്ളപ്പൊക്കം കനത്തതിനാൽ ഇവിടെ പല വീടുകളിൽ നിന്നും ആളുകൾ മാറിത്താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളെ ഫ്രാങ്ക് കൊടുങ്കാറ്റ് പ്രതിസന്ധിയിലാഴ്‌ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായുള്ള കനത്ത മഴ കാരണം വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന വടക്കൻ ഇംഗ്ലണ്ടിലെ പല പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ ഫ്രാങ്ക് കൊടുങ്കാറ്റ് കൂടുതൽ വഷളാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP