Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയ 'ഓപ്പറേഷൻ ജെറോണിമോ' അമേരിക്കൻ ഗർവ് പറയാനുള്ള വെറും തട്ടിപ്പോ? ലാദൻ ഐഎസ്‌ഐ തടവിലായിരുന്നുവെന്ന് പുലിസ്റ്റർ ജേതാവായ യുഎസ് മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയ 'ഓപ്പറേഷൻ ജെറോണിമോ' അമേരിക്കൻ ഗർവ് പറയാനുള്ള വെറും തട്ടിപ്പോ? ലാദൻ ഐഎസ്‌ഐ തടവിലായിരുന്നുവെന്ന് പുലിസ്റ്റർ ജേതാവായ യുഎസ് മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ലണ്ടൻ: അൽഖായിദ നേതാവ് ഒസാമ ബിൻലാദനെ പാക്കിസ്ഥാനിൽ എത്തി 'ഓപ്പറേഷൻ ജെറോണിമോ' എന്ന സൈനിക ഓപ്പറേഷനിലൂടെ കൊലപ്പെടുത്തി എന്നാണ് ലോകത്തിന് മുമ്പിൽ ഇതുവരെ ഉണ്ടായിരുന്ന അറിവ്. പാക്കിസ്ഥാനിൽ ഒളിവിൽ താമസിച്ച ബിൻലാദനെ കണ്ടെത്തിയ സാഹസിക കഥകൾ ഒസാമ വധത്തെ തുടർന്ന് മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒസാമയെ കൊലപ്പെടുത്തുന്നത് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ വൈറ്റ്ഹൗസിൽ ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളും പുറത്തുവരുകയും ചെയ്തു. എന്നാൽ, ഈ കഥകൾ എല്ലാം അമേരിക്കയുടെ ഗർവ് പറയാനുള്ള തട്ടിപ്പു കഥകൾ ആയിരുന്നോ? ഈ സംശയം ഉയരുന്നത് പുലിസ്റ്റർ സമ്മാന ജേതാവായ അമേരിക്കൻ മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലോടെയാണ്.

ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയ ഏറ്റുമുട്ടൽ വ്യാജമാണെന്നാണ് വെളിപ്പെടുത്തൽ. പാക് ചാര സംഘടനയായ ഐഎസ്‌ഐ യുടെ തടങ്കൽ പുള്ളിയായിരുന്നു ലാദനെന്നാണ് പുലിസ്റ്റർ സമ്മാനജേതാവായ യുഎസ് മാദ്ധ്യമ പ്രവർത്തകൻ സെയ്‌മോർ ഹെർഷ് പറയുന്നത്. ലണ്ടൻ റിവ്യൂ ഓഫ് ബുക്ക്‌സിലെഴുതിയ 'ദി കില്ലിങ് ഓഫ് ഒസാമ ബിൻ ലാദൻ' എന്ന ലേഖനത്തിലാണ് ലാദൻവധത്തെ സംബന്ധിച്ചുള്ള അമേരിക്കയുടെയും പാക്കിസ്ഥാന്റെയും വാദങ്ങളെ തള്ളിക്കൊണ്ട് മാദ്ധ്യമപ്രവർത്തകനായ ഹെർഷ് രംഗത്തെത്തിയത്.

2006 മുതൽ ഐ.എസ്.ഐയുടെ തടങ്കലിലായിരുന്ന ഒസാമ ബിൻലാദനെ വധിക്കുന്നത് സംബന്ധിച്ചുള്ള വിവരം മുതിർന്ന സൈനിക ഓഫീസർമാരായ അഷ്ഫാഖ് പർവേസ് ഖയാനി, ജനറൽ അഹമ്മദ് ഷൂജ പാഷ എന്നിവർക്ക് അറിയാമായിരുന്നുവെന്നും ലേഖനത്തിൽ ഹെർഷ് പരാമർശിക്കുന്നു. ഒരു മുൻ പാക്കിസ്ഥാനി ഇന്റലിജൻസ് ഓഫീസർ 25 മില്ല്യൺ ഡോളറിന് ഒസാമയെ കാണിച്ച് കൊടുക്കുകയായിരുന്നു. ലാദൻ അബോട്ടാബാദിൽ ഉണ്ടെന്ന വിവരം തങ്ങൾക്കു ലഭിച്ചത് അദ്ദേഹത്തിന്റെ കൊറിയർ പിന്തുടർന്നായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. ഇതേക്കുറിച്ചുള്ള നിരവധി കഥകളും അമേരിക്കൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടരുന്നു. എന്നാൽ ഈ വാദങ്ങളെ എല്ലാം തള്ളിക്കളയുന്നതാണ് പുതിയ വെളിപ്പെടുത്തൽ. മുൻ യു.എസ് ഇന്റലിജൻസ് ഓഫീസറടക്കമുള്ളവരിൽ നിന്നും ലഭിച്ച തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് ഹെർഷിന്റെ ലേഖനം.

2010ൽ ഇസ്‌ലാമാബാദിലുള്ള സിഐഎ ചീഫ് ജൊനാഥൻ ബാങ്കിനാണ് പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫീസർ, ബിൻലാദൻ എവിടെയുണ്ടെന്നത് സംബന്ധിച്ച് വിവരം നൽകിയത്. അസുഖ ബാധിതനായ ലാദനെ ചികിത്സിക്കുന്നതിനായി സൈന്യത്തിലെ മുതിർന്ന ഡോക്ടറായ ആമിർ അസീസിനെ ചുമതലപ്പെടുത്തിയ വിവരവും ഇയാൾ ജൊനാഥൻ ബാങ്കിനോട് പറഞ്ഞതായും ഹെർഷ് തന്റെ ലേഖനത്തിൽ പറയുന്നു.

അബോട്ടാബാദിലുള്ളത് ബിൻലാദൻ തന്നെയാണ് എന്നതിന്റെ സ്ഥിരീകരണം അമേരിക്ക ആവശ്യപ്പെട്ടപ്പോൾ ഖയാനിയുടെയും പാഷയുടെയും നിർദേശ പ്രകാരം ഡോക്ടർ അമീർ അസീസ് ബിൻലാദന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചുവെന്നും ഇതിന് പകരമായി 25 മില്ല്യണിൽ ഒരു വിഹിതം ഡോക്ടർക്ക് നൽകിയെന്നും ഹെർഷ് പറയുന്നു. 2011 മെയ് രണ്ടിന് അമേരിക്കൻ കമാന്റോക്കൾ 'ഓപ്പറേഷൻ ജെറോനിമോ' ദൗത്യത്തിലൂടെ പാക്കിസ്ഥാനിലെ അബോട്ടാബാദിലെ ഭൂഗർഭ അറയിൽ നടന്ന ഏറ്റുമുട്ടലിൽ ലാദനെ വധിച്ചു എന്നാണ് ഇതുവരെ അമേരിക്ക അവകാശപ്പെട്ടിരുന്നത്. ഓപ്പറേഷൻ പാക്കിസ്ഥാന്റെ അറിവോടെയല്ല എന്നും വാദിച്ചിരുന്നു. ഈ വാദങ്ങളെയെല്ലാം പൊളിക്കുന്നതാണ് ഹെർഷിന്റെ ലേഖനം. 'വാർ ഓൺ ടെററി'ന്റേയും ലാദൻ വധത്തിന്റേയും പിൻബലത്തിൽ കൂടിയാണ് ബറാക് ഒബാമ രണ്ടാമതും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബിൻ ലാദനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന്റെ സംരക്ഷണത്തിന് പണം നൽകിയിരുന്നത് സൗദി അറേബ്യയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും ഹെർഷ് തന്റെ ലേഖനത്തിലൂടെ പുറത്ത് വിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP