Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെർലിനിൽ ഭീകരാക്രമണം നടത്തിയ ഐഎസ് തീവ്രവാദിയെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പൊലീസുകാരന് ഫാസിസ്റ്റ് ബന്ധം; നാസി സല്യൂട്ട് ചെയ്യുന്ന ചിത്രം ജർമൻ പത്രം പുറത്തുവിട്ടു; ഹീറോയുടെ വില്ലൻ മുഖം പുറത്തായതോടെ ലൂക്കായ്ക്ക് പരമോന്നത ബഹുമതി നല്‌കേണ്ടെന്നു ജർമൻ സർക്കാരിന്റെ തീരുമാനം

ബെർലിനിൽ ഭീകരാക്രമണം നടത്തിയ ഐഎസ് തീവ്രവാദിയെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പൊലീസുകാരന് ഫാസിസ്റ്റ് ബന്ധം; നാസി സല്യൂട്ട് ചെയ്യുന്ന ചിത്രം ജർമൻ പത്രം പുറത്തുവിട്ടു; ഹീറോയുടെ വില്ലൻ മുഖം പുറത്തായതോടെ ലൂക്കായ്ക്ക് പരമോന്നത ബഹുമതി നല്‌കേണ്ടെന്നു ജർമൻ സർക്കാരിന്റെ തീരുമാനം

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തിയ ടുണീഷ്യൻ വംശജൻ അനിസ് അമ്രിയെ വെടിവച്ചുകൊന്ന ഇറ്റാലിയൻ പൊലീസ് ഓഫീസർ ലുക്കാ സ്‌കാറ്റ ആന്റിഹീറോ ആകുന്നു. പൊലീസ് ഓഫീസറുടെ ഫാസിസ്റ്റ് ബന്ധം വെളിവാക്കുന്ന ചിത്രങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

ഭീകരനെ വെടിവച്ചുകൊന്നതിന് ലൂക്കാ സ്‌കാറ്റയ്ക്കു ബഹുമതി നല്കാനുള്ള തീരുമാനം ഇതേത്തുടർന്ന് ജർമൻ സർക്കാർ പിൻവലിച്ചു.

ബ്രിട്ടന്റെ യൂണിയൻ ജാക്കറ്റ് പ്രിന്റ് ചെയ്ത ഷർട്ട് ധരിച്ച് നാസി സല്യൂട്ട് ചെയ്യുന്ന ലൂക്കായുടെ ചിത്രം ജർമനിയിലെ ബിൽഡ് പത്രമാണ് പുറത്തുവിട്ടത്. അനിസ് അമ്രിയെ വെടിവച്ചു കൊല്ലുമ്പോൾ ലൂക്കായ്ക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ക്രിസ്റ്റ്യാനോ മോവിയോയും തീവ്രനിലപാടുകൾ വച്ചുപുലർത്തുന്നയാളാണെന്നും കണ്ടെത്തി.

തട്ടിയെടുത്ത ട്രക്ക് ബെർലിനിലെ ക്രിസ്മസ് ചന്തയിലേക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 12 പേരാണു കൊല്ലപ്പെട്ടത്. ടുണീഷ്യൻ അഭയാർത്ഥിയും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയുമായ അനിസ് അമ്രി ആക്രമണശേഷം ജർമനിയിൽനിന്നു പലായനം ചെയ്തു. അഞ്ചു ദിവസത്തിനുശേഷം ഇയാളെ ഇറ്റലിയിലെ മിലാനിൽ പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു.

പൊലീസിനെ കണ്ട് വെടിയുതിർത്ത അമ്രിയെ ലൂക്കായാണു വധിച്ചത്. അമ്രിയുടെ ആക്രമണത്തിൽ ലൂക്കായുടെ സഹപ്രവർത്തകൻ ക്രിസ്റ്റ്യാനോ മോവിക്കു പരിക്കേറ്റു.

അനിസ് അമ്രിയെ വധിച്ച ലൂക്ക നൊടിയിടകൊണ്ട് ലോകമൊട്ടും ഹീറോ പരിവേഷം നേടുകയും ചെയ്തു.

ജർമൻ സർക്കാരിന്റെ പരമോന്നത ധീരതാ പുരസ്‌കാരമായ ഫെഡറൽ ക്രോസ് മെറിറ്റ് നല്കി ലൂക്കായെ ആദരിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. സർക്കാരിലെ രണ്ടു മന്ത്രിമാരാണ് ഇതിനുള്ള നീക്കങ്ങൾ നടത്തിയത്. എന്നാൽ ലൂക്കായുടെ ഫാസിസ്റ്റ് ബന്ധം പുറത്തുവന്നതോടെ നീക്കം ഉപേക്ഷിക്കപ്പെട്ടു.

ഇറ്റാലിയിലെ ഫാസിസ്റ്റ് ഏകാധിപതി ആയിരുന്ന ബനിറ്റോ മുസോളിനിയെ പ്രകീർത്തിച്ചുകൊണ്ടുള്ള കുറിപ്പും ലൂക്കാ കഴിഞ്ഞവർഷം ഏപ്രിൽ 25നു പോസ്റ്റ് ചെയ്തിരുന്നു. മുസ്സോളിനിയിൽനിന്ന് ഇറ്റലി മോചിപ്പിക്കപ്പെട്ട ദിവസമാണ് ഏപ്രിൽ 25. എല്ലാവരും രാജ്യദ്രോഹികളല്ലെന്നാണ് ഇദ്ദേഹം കുറിച്ചത്. ഈ കുറിപ്പ് പിന്നീട് നീക്കം ചെയ്യപ്പെട്ടു.

ലൂക്കായുടെ സഹപ്രവർത്തകനായ ക്രിസ്റ്റ്യാനോ മോവി വംശീയവിദ്വേഷ നിറഞ്ഞ പരാമർശങ്ങൾ നടത്തിയിട്ടുള്ള ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP