Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

മൈനസ് 42ൽ താപനില എത്തിയപ്പോൾ ഒരടി മുമ്പോട്ട് പോകാൻ കഴിഞ്ഞില്ല; അനേക ദിവസങ്ങൾ ഒറ്റയ്ക്ക് നടന്ന് അന്റാർട്ടിക്ക കീഴടക്കാൻ ആൾ 30 മൈൽ കൂടി അവശേഷിക്കവെ മരണത്തിന് കീഴടങ്ങി

മൈനസ് 42ൽ താപനില എത്തിയപ്പോൾ ഒരടി മുമ്പോട്ട് പോകാൻ കഴിഞ്ഞില്ല; അനേക ദിവസങ്ങൾ ഒറ്റയ്ക്ക് നടന്ന് അന്റാർട്ടിക്ക കീഴടക്കാൻ ആൾ 30 മൈൽ കൂടി അവശേഷിക്കവെ മരണത്തിന് കീഴടങ്ങി

ലണ്ടൻ: ചിലരുടെ വിധിയാണത്...മഹത്തായ ലക്ഷ്യങ്ങളിലെത്തുന്നതിന് ഏതാനും ദൂരം മാത്രം അവശേഷിക്കവെ ചിലർ തളർന്ന് വീഴും..മറ്റ് ചിലരാകട്ടെ പിന്തിരിഞ്ഞ് നടക്കുകയും ചെയ്യും. തണുത്തുറഞ്ഞ ഏകാന്തമായ അന്റാർട്ടിക്ക ഭൂഖണ്ഡം ഒറ്റയ്ക്ക് നടന്ന് കീഴടക്കാൻ തുനിഞ്ഞിറങ്ങിയ ബ്രിട്ടീഷുകാരൻ ഹെന്റി വോർസ്ലെയെ ഇതിൽ ആദ്യത്തെ ഗണത്തിൽ ഉൾപ്പെടുത്താം. ഒറ്റയ്ക്ക് അന്റാർട്ടിക്ക ഭൂഖണ്ഡം കീഴടക്കിയെന്ന റെക്കോർഡിലെത്താൻ വെറും 30 മൈൽ മാത്രം അവശേഷിക്കവയെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ദിവസങ്ങൾ ഒറ്റയ്ക്ക് നടന്ന് അന്റാർട്ടിക്കയെ കീഴടക്കി മുന്നേറിയിരുന്ന വോർസ്ലെയ്ക്ക് മൈനസ് 42 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഒരടി മുന്നോട്ട് പോകാൻ കഴിയാനാവാതെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് 30 മൈൽ കൂടി പിന്നിട്ട് ലക്ഷ്യത്തിലെത്തിയിരുന്നുവെങ്കിൽ ഒറ്റയ്ക്ക് അന്റാർട്ടിക്ക മറികടന്ന ആദ്യത്തെ ആളെന്ന അതുല്യ ബഹുമതി ഈ സാഹസികന് സ്വന്തമാവുമായിരുന്നു.

കടുത്ത തണുപ്പിൽ തളർച്ചയ്ക്കും നിർജലീകരണത്തിനും വിധേയനായാണ് ഈ 55കാരൻ മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇദ്ദേഹം. അവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മഹാ ദൗത്യത്തെ വില്യം രാജകുമാരൻ പിന്തുണച്ചിരുന്നു. അന്റാർട്ടിക്കയിൽ ചെറിയ ടെന്റിൽ താൻ ഇരിക്കുന്ന ചിത്രമായിരുന്നു വോർസ്ലെ അവസാനമായി ഓൺലൈനിലൂടെ പുറത്ത് വിട്ടിരുന്നത്.താൻ ലക്ഷ്യത്തിലെത്താൻ വെറും 30 മൈലുകൾ മാത്രമേയുള്ളുവെന്നായിരുന്നു അദ്ദേഹം പുറത്ത് വിട്ട അവസാന സന്ദേശത്തിൽ നിന്നും വ്യക്തമായിരുന്നത്. ഇത് അദ്ദേഹത്തിന്റെ ഓൺലൈൻ ജേണലിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്.ശാരീരികമായ അസ്വസ്ഥകൾ ഏറെയുണ്ടെങ്കിലും 70 ദിവസത്തെ യാത്രയിലൂടെ താൻ ലക്ഷ്യത്തോട് വളരെ അടുത്തുവെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്.

ഇത്രയും ദിവസങ്ങൾക്കിടെ വോർസ്ലെ തണുത്തുറഞ്ഞ അന്റാർട്ടിക്കയിലൂടെ 950 മൈലുകളാണ് നടന്ന് പിന്നിട്ടിരിുന്നത്. ലണ്ടനിൽ നിന്നുള്ള മുൻ ആർമി ഓഫീസറായ അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ഞായറാഴ്ചയാണ്.തന്റെ ടെന്റിൽ നിന്നും രണ്ടു ദിവസം പുറത്തിറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തെ വെള്ളിയാഴ്ച ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കടുത്ത അണുബാധ ബാധിച്ചിരുന്ന അദ്ദേഹത്തിന്റെ ശരീരത്തെ അതിൽ നിന്നും രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിക്കാതെ വരുകയും അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.ചിലിയിലെ പുന്റ അരീനാസിലുള്ള ക്ലിനിക്ക മഗല്ലാനെസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മുറിവേറ്റ തന്റെ സഹപ്രവർത്തർക്കുള്ള സഹായമായി ഒരു ലക്ഷം പൗണ്ട് സമാഹരിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായിട്ടായിരുന്നു വോർസ്ലെ ഈ സാഹസിക യാത്ര നടത്തിയത്. ആ ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യം നേടുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് സർ ഏർണസ്റ്റ് ഷാക്കിൽടൻ അൻാർട്ടിക്ക കീഴടക്കാൻ ശ്രമിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ചാണ് വോർസ്ലെ തന്റെ യജ്ഞം നടത്തി മരണത്തിലേക്ക് നടന്ന് പോയിരിക്കുന്നത്. അദ്ദേഹത്തിന്റെ എക്കാലത്തേയും ഹീറോ ആയിരുന്നു സർ ഏർണസ്റ്റ്.

കേബ്രിഡ്ജിലെ ഡ്യൂക്കിന്റെയും ഡചസിന്റെയും ഹാരി രാജകുമാരന്റെയും റോയൽ ഫൗണ്ടേഷൻ മാനേജ് ചെയ്യുന്ന ചാരിറ്റിയായ എൻഡ്യൂവർ ഫണ്ടിന് വേണ്ടി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വോർസ്ലെ ഈ സാഹസിക ട്രക്കിംഗിന് മുന്നിട്ടിറങ്ങിയിരുന്നത്. വോർസ്ലെയുടെ മരണവാർത്തയറിഞ്ഞ് വില്യം അഗാധമായ ദുഃഖമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അത്യധികമായ ധൈര്യവും തീരുമാനങ്ങളുമുള്ള മനുഷ്യനായിരുന്നു അദ്ദേഹമെന്നും അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ താനും ഹാരിയും അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിൽ തങ്ങൾ ഇരുവരും അഗാധമായി ദുഃഖിക്കുന്നുവെന്നുമായിരുന്നു വില്യം പ്രതികരിച്ചത്. അന്റാർട്ടിക്ക ഒറ്റയ്ക്ക് കീഴടക്കുകയെന്ന ബ്രിട്ടീഷ് പര്യവേഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടണിന്റെ 100 വർഷം മുമ്പത്തെ ലക്ഷ്യം സഫലീരകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നവംബർ 14നായിരുന്നു വോർസ്ലെ ബെർക്‌നെർ ദ്വീപിൽ നിന്നും തന്റെ ദൗത്യം ആരംഭിച്ചിരുന്നത്.

താപനില മൈനസ് 44 ഡിഗ്ര വരെ താഴുന്ന ഇവിടുത്തെ കാലാവസ്ഥയിൽ കടുത്ത പ്രശ്‌നങ്ങൾ നേരിട്ട് കൊണ്ടായിരുന്നു വോർസ്ലെ ഓരോ ദിവസവും മുന്നോട്ട് നീങ്ങിയിരുന്നത്. തന്റെ ലക്ഷ്യമായ റോസ് ഐസ് ഷെൽഫിൽ ഇന്ന് എത്തിച്ചേരാനായിരുന്നു വോർസ്ലെ പദ്ധതിയിട്ടിരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച മുതൽ അദ്ദേഹത്തിന്റെ നീക്കം മെല്ലെയാവുകയായിരുന്നു. അഞ്ച് മണിക്കൂർ കൊണ്ട് വെറും നാല് മൈലുകൾ മാത്രമേ അദ്ദേഹത്തിന് പിന്നിടാൻ സാധിച്ചിരുന്നുള്ളൂ. തുടർന്ന് ശാരീരികമായ അസ്വസ്ഥതകൾ മൂലം അദ്ദേഹം ടെന്റിനുള്ളിൽ തന്നെയാവുകയും ചെയ്തു.രണ്ടു ദിവസം ടെന്റിൽ ചെലവഴിച്ച അദ്ദേഹം തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം സഹായത്തിനായി വിളിക്കുകയായിരുന്നു.തുടർന്ന് യൂണിയൻ ഗ്ലേസിയർ ക്യാമ്പിലേക്കും പിന്നീട് ചിലിയിലെ ഹോസ്പിറ്റലിലേക്കും മാറ്റുകയും അവിടുന്ന് മരണം സംഭവിക്കുകയുമായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP